രൂപ താഴേയ്ക്ക് വീഴുന്നത് എന്തുകൊണ്ട്? നിങ്ങളെ എങ്ങനെ ബാധിക്കും

ഡോളറിനെതിരേ സര്‍വ്വകാല താഴ്ചയിലാണ് ഇന്ത്യന്‍ രൂപ (Indian Rupee). ഇന്നലെ ഡോളര്‍ (Dollar) ഔപചാരിക വ്യാപാരത്തില്‍ 79.88 രൂപയിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ തൊട്ടുപിന്നാലെ നടന്ന ഒടിസി (ഓവര്‍ ദ കൗണ്ടര്‍) വ്യാപാരങ്ങളില്‍ 80.05 രൂപയായി ഡോളര്‍. 1947 ല്‍ ഒരു ഡോളറിനെതിരേ 3.3 രൂപയായിരുന്ന ഇന്ത്യന്‍ രൂപയുടെ മൂല്യമാണ് 75 വര്‍ഷങ്ങള്‍ക്കിപ്പുറം 80 രൂപയിലെത്തി നില്‍ക്കുന്നത്.

രൂപ താഴേയ്ക്ക് പോകാന്‍ കാരണമിതാണ്
ഇന്ത്യന്‍ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലേക്ക് വീഴാനുള്ള കാരണം വ്യാപാരക്കമ്മിയാണെന്നാണ് സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജ് പറയുന്നത്. റിസര്‍വ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 189.5 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ വ്യാപാരക്കമ്മി. അതായത് ജിഡിപിയുടെ 1.2 ശതമാനം. 2020-21 ലെ 0.9 ശതമാനം മിച്ചമായിരുന്നു രേഖപ്പെടുത്തിയതെങ്കില്‍ ഇറക്കുമതി കൂടിയതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വ്യാപാരക്കമ്മിയായി മാറി.
ഇറക്കുമതി വര്‍ധിക്കുകയും കയറ്റുമതി വാല്യു കുറയുകയും ചെയ്യുന്നതാണ് രൂപയുടെ മൂല്യം കുറയാന്‍ കാരണമാകുന്നത്. ''കയറ്റുമതിയിലും ഇറക്കുമതിയിലും വിസിബ്ള്‍ ട്രേഡും ഇന്‍വിസിബ്ള്‍ ട്രേഡുമാണുള്ളത്. ഇത് രണ്ടും കൂടി കണക്കിലെടുക്കുമ്പോള്‍ രാജ്യത്തെ വ്യാപാരക്കമ്മി വര്‍ധിക്കുകയാണ്. ചൈനയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഏറ്റവും കൂടുതല്‍ ഇറക്കുമതി രേഖപ്പെടുത്തിയത് കഴിഞ്ഞ സാമ്പത്തികവര്‍ഷമാണ്. യുഎസ്, യുഎഇ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായുള്ള വ്യാപാരങ്ങളില്‍ മാത്രമാണ് ഇന്ത്യക്ക് മിച്ചമുള്ളത്. വ്യാപാരക്കമ്മി ഉയരുമ്പോള്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരും. ഇത് രൂപയുടെ മൂല്യം കുറയ്ക്കും'' മേരി ജോര്‍ജ് ധനത്തോട് പറഞ്ഞു.
ജൂണ്‍ മാസത്തില്‍ മാത്രം ഇന്ത്യയുടെ ഇറക്കുമതിയില്‍ 57 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. 66.31 ബില്യണ്‍ ഡോളറാണ് കഴിഞ്ഞമാസത്തെ ഇന്ത്യയുടെ ഇറക്കുമതി. അതേസമയം, കയറ്റുമതി 23.52 ശതമാനം മാത്രം വര്‍ധിച്ച് 40.13 ബില്യണ്‍ ഡോളറായി. ഇതോടെ വ്യാപാരക്കമ്മിയും 26.18 ബില്യണായി വര്‍ധിച്ചു.
സ്വര്‍ണം രാജ്യത്ത് കൂടുതലായി ഇറക്കുമതി ചെയ്യുന്നതും ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു. 2021ല്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് വ്യാപാരക്കമ്മി നിയന്ത്രിക്കുന്നതിനായി കഴിഞ്ഞമാസം കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്.
കയറ്റുമതികള്‍ക്കുള്ള നിയന്ത്രണം
ചില ഉല്‍പ്പന്നങ്ങളുടെ മേലുള്ള കയറ്റുമതി നിയന്ത്രണവും വ്യാപാരക്കമ്മി ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം രൂക്ഷമായതോടെ ആഗോളഭക്ഷ്യക്ഷാമ ഭീതിയെ തുടര്‍ന്ന് ഗോതമ്പ് ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഈ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കുറഞ്ഞതോടെ വ്യാപാരക്കമ്മിയിലും പ്രതിഫലിച്ചു.
പെട്രോളിയം വില വര്‍ധനവ്
റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെയാണ് ആഗോള വിപണികളില്‍ ക്രൂഡ് ഓയ്ല്‍ വില കുതിച്ചുയര്‍ന്നത്. ഒരു ഘട്ടത്തില്‍ എണ്ണവില ബാരലിന് 140 ഡോളര്‍ എന്ന നിലയിലും എത്തിയിരുന്നു. ഇതേതുടര്‍ന്ന് കൂടുതല്‍ ഇന്ത്യന്‍ രൂപ നല്‍കി എണ്ണ വാങ്ങേണ്ടി വന്നതും ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമായി.
നമ്മളെ എങ്ങനെ ബാധിക്കും
ഇന്ത്യന്‍ രൂപയുടെ മൂല്യം കുറയുമ്പോള്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് കൂടുതല്‍ തുക നല്‍കേണ്ടി വരും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇറക്കുമതിയാണ് കൂടുതല്‍. ഇത് എല്ലാ മേഖലയെയും ബാധിക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, കണ്‍സ്യൂമര്‍ ഇനങ്ങള്‍, ഭക്ഷ്യഎണ്ണ തുടങ്ങിയവയ്ക്ക് പുറമെ വിവിധ അസംസ്‌കൃത വസ്തുക്കളും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്, പ്രധാനമായും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍. ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളില്‍ ഭൂരിഭാഗവും ചൈനയില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിനുള്ള ചെലവ് വര്‍ധിക്കുമ്പോള്‍ ആനുപാതികമായി ഉല്‍പ്പന്നങ്ങളുടെ വില ഉയരും. ഇത് മൊത്തത്തില്‍ വിലക്കയറ്റത്തിന് കാരണമായേക്കും.
പ്രതിവിധികള്‍ ഇതാണ്
ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ പ്രധാനമായും വ്യാപാരക്കമ്മി കുറയ്ക്കുക മാത്രമാണ് പോം വഴിയെന്ന് മേരി ജോര്‍ജ് പറയുന്നു. ''ഇന്ത്യയുടെ എക്‌സ്‌പോര്‍ട്ട് വാല്യു വര്‍ധിപ്പിക്കണം. ഇറക്കുമതി കുറയ്ക്കും. പ്രധാനമായും സ്വര്‍ണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കണം. ഇവ മാത്രമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച നിയന്ത്രിക്കാനുള്ള വഴികള്‍'' മേരി ജോര്‍ജ് പറയുന്നു.
രാജ്യത്തിന് ആവശ്യമായി വരുന്ന ഇറക്കുമതികളുണ്ട്. ഉദാഹരണത്തിന് ചിപ്പുകളും ഫാര്‍മസ്യൂട്ടിക്കല്‍ അസംസ്‌കൃത വസ്തുക്കളും. ഇത്തരം ആവശ്യമായവയുടെ ഇറക്കുമതി നിലനിര്‍ത്തുകയും മറ്റുള്ളവയുടെ ഇറക്കുമതി കുറച്ച് കയറ്റുമതി വര്‍ധിപ്പിക്കുകയാണ് വേണ്ട്ത്- മേരി ജോര്‍ജ് പറഞ്ഞു.


Related Articles

Next Story

Videos

Share it