ഉന്നത പഠനം: കേരളത്തില്‍ എന്തില്ല? പുറത്ത് എന്തുണ്ട്?

അടുത്തിടെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ കരിയര്‍ വിദഗ്ധനും യു.എന്‍.ഇ.പി ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം തലവനുമായ മുരളി തുമ്മാരുകുടിയും മെന്റേഴ്സ്4യു കരിയര്‍ പ്ലാനര്‍ നീരജ ജാനകിയും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 78% ശതമാനം വിദ്യാര്‍ത്ഥികളും പഠനത്തിനായി കേരളത്തിനു പുറത്തുപോകാന്‍ ആഗ്രഹിക്കുന്നവരാണ്. 200 പേര്‍ പങ്കെടുത്ത സര്‍വേയില്‍, പഠന, ജോലി ആവശ്യങ്ങള്‍ക്കായി കേരളം വിടാനുള്ള കാരണങ്ങളെപ്പറ്റിയും വിശദമായി ചോദിച്ചിരുന്നു. സര്‍ഫേ ഫലം ഇങ്ങനെ:

എന്തിന് പുറത്തുപോവുന്നു?
പഠനം
കേരളം വിട്ട് പുറത്ത് പഠിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പില്‍ ഏറെയും സ്വാധീനിക്കുന്നത്, ഉയര്‍ന്ന ജീവിതനിലവാരം തന്നെയാണ്. സാംസ്‌കാരിക, ഭാഷ, ജീവിതശൈലീ മേഖലയില്‍ എക്സ്പോഷറുണ്ടാക്കുകയെന്ന ലക്ഷ്യമാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും പങ്കുവെക്കുന്നത്. പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലി, കൂടുതല്‍ യാത്ര ചെയ്യാനുള്ള അവസരം, ഉന്നത റാങ്കുകളുള്ള കലാലയങ്ങളിലെ പഠനം എന്നിവയെല്ലാം ഭൂരിഭാഗം പേരെയും ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ പുറത്ത്, ഫീസ് കുറവാണെന്ന അഭിപ്രായം കുറഞ്ഞ ആളുകള്‍ക്കേയുള്ളൂ. കൂടുതല്‍ വനിതാ സൗൃദാന്തരീക്ഷണമാണെന്ന കാര്യവും പുറത്തേക്ക് ആകര്‍ഷിക്കാന്‍ കാരണമാവുന്നു.
ജോലി
കേരളത്തിനു പുറത്ത് ജോലി തെരഞ്ഞെടുക്കുന്നവരെയും ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് മികച്ച ജീവിതശൈലി തന്നെ. സമാനമായ ജോലികള്‍ക്കും കൂടുതല്‍ ശമ്പളം നേടാമെന്ന ഘടകവും ബഹുഭൂരിഭാഗം പേരെയും ആകര്‍ഷിക്കുന്ന ഘടകമാണ്. ഭാഷാ നൈപുണ്യ വികസനം, കൂടുതല്‍ സ്ത്രീ സൗഹൃദാന്തരീക്ഷം, ഇന്‍ക്ലൂസീവ് ആയ സമൂഹം, സാമൂഹ്യനിയന്ത്രണങ്ങളുടെ അഭാവം, കൂടുതല്‍ യാത്ര ചെയ്യാനുള്ള അവസരം തുടങ്ങിയ കാരണങ്ങളൊക്കെ വിദേശത്ത് ജോലി ചെയ്യാന്‍ കൂടുതല്‍ പേരെയും ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ശമ്പളക്കാര്യത്തില്‍ മാത്രമല്ല, മികച്ച സാമൂഹ്യപരിസരം തേടിയും ഉന്നത ജീവിതനിലവാരം അന്വേഷിച്ചും കൂടിയാണ് വിദേശയാത്രയെന്ന് ചുരുക്കം
കേരളത്തില്‍ എന്താണ് കുഴപ്പം?
പഠനം
പുറത്തെ ആകര്‍ഷണീയത മാത്രമല്ല, കേരളത്തിലെ സാഹചര്യങ്ങള്‍ കൂടിയാണ് ഇവിടം മടുപ്പിക്കുന്നതെന്ന് സര്‍വേയില്‍ വ്യക്തമാവുന്നുണ്ട്. വിദ്യാര്‍ഥികളോടുള്ള മോശം മനോഭാവമാണ് കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രധാന പ്രശ്നമെന്നാണ് കൂടുതല്‍ പേരുടെയും അഭിപ്രായം. യൂണിവേഴ്സിറ്റികളുടെയും സ്ഥാപനങ്ങളുടെയും മോശം അടിസ്ഥാനസൗകര്യവും കേരളത്തിന്റെ പ്രശ്നമായി വലിയൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥവൃന്ദത്തെ ബുദ്ധിമുട്ടായി കാണുന്നവരും കുറവല്ല. ഫ്ലെക്സിബിലിറ്റി ഇല്ലാത്ത കോഴ്സുകള്‍, റാങ്കിംഗിലെ പിന്നോക്കാവസ്ഥ, കോഴ്സുകളുടെ വിശ്വാസ്യതയിലും വലിയൊരു വിഭാഗം പേര്‍ സംശയിക്കുന്നു. ക്യാംപസ് രാഷ്ട്രീയം, വനിതാ സൗഹൃദമിമില്ലായ്മ, ആഗ്രഹിക്കുന്ന കോഴ്സുകളുടെ അഭാവം തുടങ്ങിയ കാരണങ്ങളും കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യമല്ലാത്തയിടമാക്കുന്നുവെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ നിരീക്ഷിക്കുന്നു.
ജോലി
കുറഞ്ഞ ശമ്പളം തന്നെയാണ് കേരളത്തിലെ ജോലിയുടെ കാര്യത്തില്‍ ഭൂരിഭാഗം പേരും കാണുന്ന വലിയ പ്രശ്നം. പ്രൊഫഷണലല്ലാത്ത ജോലി സാഹചര്യവും കേരളത്തെ മെച്ചപ്പെട്ട തൊഴിലിടമല്ലാതാക്കുന്നു. സ്ഥിരമായ ജോലി ലഭിക്കാനുള്ള ബുദ്ധിമുട്ട്, തൊഴിലിലെ അഭിമാനമില്ലായ്മ, സദാചാര പൊലിസിംഗ്, വളരാനുള്ള അവസരമില്ലായ്മ, സ്ത്രീകള്‍ക്കെതിരായ വിവേചനം, സങ്കീര്‍ണമായ ഉദ്യോഗസ്ഥവൃന്ദം, ഓഫീസ് രാഷ്ട്രീയം തുടങ്ങിയ കാരണങ്ങളെല്ലാം ഭൂരിഭാഗം പേരെയും കേരളത്തെ നല്ലൊരു തൊഴിലിടമല്ലെന്ന അഭിപ്രായക്കാരാക്കിയിട്ടുണ്ട്. കേരളത്തിലെ സാമൂഹ്യപരിസ്ഥിതിയും തൊഴില്‍സൗഹൃദമല്ലാത്തയിടമായി മാറ്റുന്നുവെന്നാണ് അധിക പേരുടെയും അഭിപ്രായങ്ങളില്‍ നിന്ന് സംഗ്രഹിക്കാവുന്നത്. നാട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീകളോടുള്ള സമൂഹത്തിന്റെ സമീപനവും സ്വാതന്ത്ര്യമില്ലായ്മയും ചൂണ്ടിക്കാണിക്കുന്നുണ്ട് പലരും. സമയത്ത് എത്താത്തതു മുതല്‍ കുടുംബത്തിനകത്തും പുറത്തും നിന്നുമുള്ള ചോദ്യങ്ങളെ വിദേശത്ത് അഭിമുഖീകരിക്കേണ്ടതില്ലെന്നും ആകര്‍ഷക ഘടകമായി കാണുന്നു. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് കിട്ടുന്ന സാമൂഹ്യപരിഗണന നാട്ടില്‍ ജോലി ചെയ്യുന്നവര്‍ക്ക് കിട്ടുന്നില്ലെന്ന അഭിപ്രായക്കാരുമുണ്ട്.


Related Articles
Next Story
Videos
Share it