ഡോളറിന്റെ കരുത്തേറുന്നത് അപ്രതീക്ഷിതം; പശ്ചിമേഷ്യൻ യുദ്ധം യു.എസിന് നേട്ടമാകുന്നോ?

1970-കളിലെ പോലെ ​സ്റ്റാ​ഗ്ഫ്ലേഷൻ ഭീഷണി യു.എസ് വിപണിയിൽ ഇപ്പോൾ കാര്യമായി ഏശുന്നില്ല. എന്തുകൊണ്ടാണ് ഇത്തവണ യു.എസിന്റെ കഥ വേറിട്ടതാകുന്നത്? ഡോളർ കരുത്താർജിക്കുന്നതും ഇതേകാരണം കൊണ്ടാണോ?
middle east conflict and us dollar
canva
Published on

ആ​ഗോള സമ്പദ്ഘടനയെ ചലിപ്പിക്കുന്ന മുഖ്യ ഘടകങ്ങളിലൊന്നാണ് പെട്രോളിയം. പശ്ചിമേഷ്യൻ മേഖലയാകട്ടെ പെട്രോളിയം ശേഖരത്താൽ സമ്പന്നവും. അതുകൊണ്ട് തന്നെ, പശ്ചിമേഷ്യ സംഘർഷ വേദിയായപ്പോഴൊക്കെ, ആ​ഗോള വിപണികളിൽ കനത്ത തകർച്ച നേരിട്ടു. 1973-ൽ ഒപെക്കിൽ (OPEC) അം​ഗങ്ങളായ അറബ് രാജ്യങ്ങൾ പെട്രോളിയം കയറ്റുമതി നിരോധിച്ചതിനെ തുടർന്നുണ്ടായ ആ​ഗോള പ്രതിസന്ധിയിൽ യുഎസ് വിപണി ഇടിഞ്ഞത് 40 ശതമാനമായിരുന്നു.

ഉയർന്ന പണപ്പെരുപ്പവും (Inflation) കുറഞ്ഞ സാമ്പത്തിക വളർച്ചയും (Economic growth) ഒത്തുച്ചേർന്നുള്ള സവിശേഷ സാഹചര്യമായ ​സ്റ്റാ​ഗ്ഫ്ലേഷൻ (Stagflation), ആ​ഗോള സമ്പദ്ഘടനയെ പിടികൂടി. അതുകൊണ്ട് തന്നെ പ്രശ്നപരിഹാരത്തിനായി അന്ന് യു.എസ് നേതൃത്വം മുന്നിട്ടിറങ്ങിയിരുന്നു. എന്നാൽ 2026-ൽ പശ്ചിമേഷ്യ വീണ്ടും അശാന്തമായപ്പോൾ യു.എസിന് പഴയപോലെ വേവലാതിയില്ല എന്ന തരത്തിലുള്ള നിരീക്ഷണം വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില 100 ഡോളർ മറികടന്നപ്പോളും യു.എസ് വിപണി താരതമ്യേന ശാന്തം. 1970-കളിലെ പോലെ ​സ്റ്റാ​ഗ്ഫ്ലേഷൻ ഭീഷണി യുഎസ് വിപണിയിൽ ഇപ്പോൾ കാര്യമായി ഏശുന്നില്ല. മറുവശത്ത് യൂറോപ്പ്, ഏഷ്യൻ വിപണികളാകട്ടെ ക്രൂഡോയിൽ വിലക്കയറ്റത്തെ തുടർന്ന് കടുത്ത ഭീഷണി നേരിടുകയുമാണ്. എന്തുകൊണ്ടാണ് ഇത്തവണ യു.എസിന്റെ കഥ വേറിട്ടതാകുന്നത്? ഡോളർ കരുത്താർജിക്കുന്നതും സ്വർണം താഴേക്ക് വീഴുന്നതും ഇതേകാരണം കൊണ്ടാണോ?

എന്താണ് ​സ്റ്റാ​ഗ്ഫ്ലേഷൻ?

സാധാരണയായി രാജ്യത്തിന്റെ സമ്പദ്ഘടന വളരുമ്പോൾ പണപ്പെരുപ്പവും കൂടുകയും മറിച്ച് സാമ്പത്തിക വളർച്ച കുറയുമ്പോൾ പണപ്പെരുപ്പം കുറയുകയുമാണ് പതിവ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി പണപ്പെരുപ്പം ഉയർന്നു നിൽക്കുകയും മന്ദ​ഗതിയിലുള്ള വളർച്ചയും പ്രകടമാക്കുന്ന സ്ഥിതിവിശേഷമാണ് ​സ്റ്റാ​ഗ്ഫ്ലേഷൻ.

അതായത് ഉയർന്ന തോതിലുള്ള പണപ്പെരുപ്പം, മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച, തൊഴിലില്ലായ്മ എന്നിങ്ങനെ വിവിധ പ്രതികൂല ഘടകങ്ങൾ ഒരേസമയം ഒത്തുചേർന്നുണ്ടാകുന്ന അപകടകരമായ സാമ്പത്തിക അവസ്ഥയാണ് സ്റ്റാ​ഗ്ഫ്ലേഷൻ എന്ന് സാരം. ഇത്തരമൊരു സാഹചര്യത്തിൽ ഉത്പന്നങ്ങളുടെ വില കൂടുകയും കമ്പനികളുടെ ലാഭക്ഷമത ഇടിയുകയും ചെയ്യും. ഇതുവഴി ഓഹരി വിപണിയിലും തിരിച്ചടി നേരിടുന്നു.

എന്തുകൊണ്ട് ഇത്തവണ കഥ മാറി?

കഴിഞ്ഞ അഞ്ചര പതിറ്റാണ്ടിനിടെ യു.എസിനുള്ള പ്രധാന മാറ്റം, ലോകത്തെ ഏറ്റവും വലിയ പെട്രോളിയം ഉത്പാദക രാജ്യങ്ങളിലൊന്നായി യുഎസ് മാറിക്കഴിഞ്ഞു എന്നതാണ്. 1970-കളിലെ പോലെ പെട്രോളിയത്തിനായി വിദേശ വിപണികളെ ആശ്രയിക്കേണ്ട കാര്യം ഇന്ന് യു.എസിന് ഇല്ല. അതുകൊണ്ട് തന്നെ പശ്ചിമേഷ്യയിലെ യുദ്ധം കാരണം ആ​ഗോള തലത്തിൽ പെട്രോളിയം വിതരണം തടസ്സപ്പെട്ടാലും യുഎസിന് അത് കാര്യമായ ഭീഷണിയാകുന്നില്ല. മാത്രവുമല്ല ആഭ്യന്തര ഉത്പാദനം ഉള്ളതിനാൽ ക്രൂഡോയിൽ വിലക്കയറ്റം യുഎസിന് ചില സാമ്പത്തിക നേട്ടങ്ങളും (Terms of Trade) സമ്മാനിക്കുന്നുണ്ട്.

എന്തുകൊണ്ട് ഡോളർ ശക്തമാകുന്നു?

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വ്യാപാരത്തിന്റെ ഏറിയ പങ്കും ഡോളറിലാണ് നടക്കുന്നത്. ക്രൂഡോയിൽ വില ഉയർന്നതിനാൽ വ്യാപാരം പൂ‌ർത്തിയാക്കുന്നതിന് കൂടുതൽ ഡോളർ ആവശ്യമായി വരുന്നു. ഇത് ഡോളറിന്റെ മൂല്യം വർധിപ്പിക്കുന്ന ഘടകമാണ്. കൂടാതെ, യുഎസിൽ നിന്നും ക്രൂഡോയിൽ കയറ്റുമതി ഇപ്പോൾ ഉയർന്നിട്ടുണ്ട്. ഇതും വിപണിയിൽ ഡോളറിന്റെ ആവശ്യകത വർധിപ്പിക്കുന്നു. അതുപോലെ പശ്ചിമേഷ്യൻ യുദ്ധം കാരണം പണപ്പെരുപ്പ ഭീഷണി ഉയരുന്ന പശ്ചാത്തലത്തിൽ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്, പലിശ നിരക്കുകൾ താഴ്ത്തുന്നത് വൈകിപ്പിക്കാൻ സാധ്യതയുണ്ട്. ഇതും ഡോളറിന്റെ മൂല്യം ഉയർത്തുന്ന നടപടിയാണ്.

ഇത്തരത്തിൽ ഡോളർ അപ്രതീക്ഷിതമായി ശക്തിയാർജിച്ചതു കൊണ്ടാണ്, പശ്ചിമേഷ്യയിൽ യുദ്ധം അരങ്ങേറിയിട്ടും സ്വർണത്തിന്റെ വിലയിൽ വലിയ കുതിപ്പുണ്ടാകാതിരിക്കുന്നത്. ചുരുക്കത്തിൽ പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായാൽ ​സ്റ്റാ​ഗ്ഫ്ലേഷൻ കാരണമുള്ള അപകടം ഇനിയും തലപൊക്കാമെങ്കിലും 1970-കളുമായി താരതമ്യം ചെയ്യുമ്പോൾ യു.എസിന്റെ വിപണി സാഹചര്യവും ഘടനയും മാറിയിട്ടുണ്ടെന്ന് വ്യക്തമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com