ഗ്രാമീണമേഖലയെ തരിപ്പണമാക്കി കോവിഡ് ,സാമ്പത്തിക വളര്‍ച്ച അഞ്ചുശതമാനത്തില്‍ താഴെ പോകുമോ?

കോവിഡ് രണ്ടാംതരംഗം മൂലം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച റേറ്റിംഗ് ഏജന്‍സികളുടെ അനുമാനങ്ങളേക്കാള്‍ കുറയാന്‍ സാധ്യത
ഗ്രാമീണമേഖലയെ തരിപ്പണമാക്കി കോവിഡ് ,സാമ്പത്തിക വളര്‍ച്ച അഞ്ചുശതമാനത്തില്‍ താഴെ പോകുമോ?
Published on

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അഞ്ചുശതമാനത്തില്‍ താഴെ പോകുമോ? കോവിഡ് രണ്ടാംതരംഗം സൃഷ്ടിക്കുന്ന പ്രതിസന്ധി നല്‍കുന്ന സൂചന അതാണ്.

കോവിഡ് ഒന്നാം തരംഗത്തില്‍ നിന്ന് ഭിന്നമായി രാജ്യത്തിന്റെ ഒരു ഭാഗവും രണ്ടാം തരംഗത്തില്‍ നിന്ന് രക്ഷപ്പെട്ട് നില്‍ക്കുന്നില്ല. ഒന്നാം തരംഗ കാലത്ത് നഗര മേഖലയില്‍ നിന്ന് ജന്മനാട്ടിലേക്കുള്ള ഗ്രാമീണ തൊഴിലാളികളുടെ കൂട്ടപ്പലായനമായിരുന്നു കണ്ണീര്‍ ചിത്രങ്ങളില്‍ ഒന്നെങ്കില്‍ ഇപ്പോള്‍ ഗ്രാമീണ മേഖലയിലെ ആശുപത്രി വരാന്തകളിലും ആശുപത്രിക്ക് മുന്നിലുമെല്ലാം ചികിത്സ പോലും കിട്ടാതെ മരിക്കുന്ന ഗ്രാമീണരുടെ ചിത്രമാണുള്ളത്.

ഒന്നാം തരംഗ നാളുകളേക്കാള്‍ തീവ്രമായി കോവിഡ് രണ്ടാംതരംഗം ഗ്രാമങ്ങളെ ബാധിച്ചിരിക്കുന്നു. കോവിഡ് വ്യാപനവും ചികിത്സ ലഭിക്കാത്തതും ഇനി ചികിത്സാ സൗകര്യമുണ്ടെങ്കില്‍ തന്നെ അതിനായി ഏറെ പണം ചെലവാകുന്നതും ഗ്രാമീണരെ കഷ്ടത്തിലാക്കുന്നുണ്ട്. നിലവില്‍ ദേശീയ തലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതും അതേ സൂചനകളാണ്.

കോവിഡ് വ്യാപനവും അതിനുവേണ്ടി വരുന്ന ചികിത്സയും പണം ചെലവിടലും ഇന്ത്യന്‍ ഗ്രാമീണരുടെ ഗാര്‍ഹിക സമ്പാദ്യം ചോര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഗ്രാമീണരുടെ ക്രയശേഷി വന്‍തോതില്‍ കുറഞ്ഞാല്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ വരുമാനത്തെ അത് വന്‍തോതില്‍ ബാധിക്കും.

ട്രാക്ടര്‍ വില്‍പ്പന കുറയുന്നു, ഓട്ടോറിക്ഷയും ഇരുചക്രവും വാങ്ങാന്‍ ആളില്ല

ഇന്ത്യന്‍ ഗ്രാമങ്ങളുടെ സാമ്പത്തിക ആരോഗ്യം അളക്കുന്ന അളവുകോലുകളില്‍ ഒന്നാണ് ട്രാക്ടര്‍ വില്‍പ്പന കണക്ക്. ഇന്ത്യയിലെ പ്രമുഖ ട്രാക്ടര്‍ നിര്‍മാതാക്കള്‍ എല്ലാം തന്നെ തങ്ങളുടെ വില്‍പ്പന ഏപ്രില്‍ മാസത്തില്‍ ഇടിഞ്ഞതായി ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിലും കുറവുണ്ട്. അതില്‍ ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങളുടെ എണ്ണം വലിയ തോതില്‍ കുറയുന്നത് ഗ്രാമീണരുടെ ക്ഷയിക്കുന്ന സാമ്പത്തിക നിലയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

എഫ് എം സി ജി കമ്പനി മേധാവികളും ഗ്രാമീണ മേഖലയിലെ കുറയുന്ന ഡിമാന്റിനെ പറ്റി ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു.

ദേശീയ ലോക്ക്ഡൗണ്‍ ഇല്ലെങ്കിലും രാജ്യത്ത് അടവ് തന്നെ

രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും പൂര്‍ണമോ ഭാഗികമോ ആയ ലോക്ക്ഡൗണ്‍ ആണ്. ഈ നിയന്ത്രണങ്ങള്‍ വന്‍തോതില്‍ തൊഴില്‍ നഷ്ടത്തിനും കാരണമാക്കുന്നുണ്ട്. വര്‍ഷങ്ങളായി പല കാരണങ്ങള്‍ കൊണ്ട് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ചെറുകിട- ഇടത്തരം വ്യവസായങ്ങള്‍ ഇപ്പോഴത്തെ പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കുമെന്ന് കണ്ടറിയണം.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുന്ന എല്ലാ മേഖലയിലും കോവിഡ് രണ്ടാംതരംഗം മൂലം പ്രതിസന്ധി രൂക്ഷമാണ്.

ദേശീയ, രാജ്യാന്തര റേറ്റിംഗ് ഏജന്‍സികള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ അനുമാനം തിരുത്തിക്കൊണ്ട് രംഗത്തെത്തിയുണ്ടെങ്കിലും ആ കണക്കുകള്‍ക്കുമപ്പുറത്തേക്ക് വളര്‍ച്ചാ നിരക്ക് താഴാന്‍ ഇടയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വളര്‍ച്ചാ ശതമാനം അഞ്ചു ശതമാനത്തില്‍ താഴെയായാലും അത്ഭുതപ്പെടാനില്ലെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com