രൂപയെ പിടിച്ചുനിര്‍ത്താന്‍ ഡോളര്‍ വില്‍ക്കില്ലെന്ന് ധനകാര്യ മന്ത്രാലയം

രൂപയുടെ (rupee) മൂല്യം പിടിച്ചുനിര്‍ത്താന്‍ യുഎസ് ഡോളര്‍ (dollar) വില്‍ക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. രാജ്യത്തെ വിദേശ നാണ്യ ശേഖരം (forex reserves) ഇടിയുന്ന സാഹചര്യത്തില്‍ ആണ് മന്ത്രാലയത്തിന്റെ നിലപാട്. രൂപ ഏത്രത്തോളം ഇടിയുമെന്ന് നോക്കാമെന്നും കൃത്രിമമായി വില പിടിച്ചുനിര്‍ത്തില്ലെന്നും മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് ഇടിവായ 81.94ല്‍ എത്തിയിരുന്നു. സെപ്റ്റംബര്‍ 16ലെ കണക്ക് അനുസരിച്ച് 545.65 ബില്യണ്‍ ഡോളറാണ് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം. 2022 ഫെബ്രുവരി 25നെ അപേക്ഷിച്ച് 85.88 ബില്യണിന്റെ ഇടിവാണ് ശേഖരത്തില്‍ ഉണ്ടായത്. നിലവില്‍ 9 മാസത്തെ ഇറക്കുമതിക്കുള്ള പണമാണ് സര്‍ക്കാരിന്റെ കൈയ്യിലുള്ളത്.

യുഎസ് ഫെഡ് റേറ്റിനെ ആശ്രയിച്ചാവും രൂപയുടെ വില തീരുമാനിക്കപ്പെടുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ രൂപ ഇടിഞ്ഞു എന്ന വിലയിരുത്തല്‍ ശരിയല്ലെന്നും പൗണ്ട്, യെന്‍ തുടങ്ങിയ കറന്‍സികള്‍ക്കെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നെന്നും ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. രൂപ-ഡോളര്‍ കൈമാറ്റ നിരക്കിലുള്ള ഏറ്റക്കുറച്ചിലുകള്‍ തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 75 ബില്യണ്‍ ഡോളറോളം ചെലവഴിച്ചതായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ (Nirmala Sitharaman) തിങ്കളാഴ്ച അറിയിച്ചിരുന്നു. എക്‌സ്‌ചേഞ്ച് നിരക്കില്‍ ആര്‍ബിഐ ഇടപെടില്ല. അത്തരം നീക്കങ്ങളില്‍ സര്‍ക്കാര്‍ വിശ്വസിക്കുന്നില്ല. രൂപയുടെ വില വിപണിയാണ് തീരുമാനിക്കുകയെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

Related Articles

Next Story

Videos

Share it