പിഎം-കിസാന്‍ ധനസഹായം വര്‍ധിപ്പിക്കുമോ? കാര്‍ഷിക മേഖലയുടെ പ്രതീക്ഷകള്‍

രാജ്യത്തെ ജനസംഖ്യയുടെ പകുതിയും ആശ്രയിക്കുന്ന കാര്‍ഷിക മേഖലയ്ക്ക് അനുകൂലമായ നയങ്ങള്‍ ഇത്തവണയും ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും വിദഗ്ധരും. പിഎം-കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കുന്ന 6000 രൂപ വാര്‍ഷിക ധനസഹായ തുക ബജറ്റില്‍ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയുണ്ട്. വിത്ത്, വളം, കീടനാശിനി എന്നിവ വാങ്ങാന്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ സഹായം വേണ്ടി വരുന്ന സാഹചര്യത്തിലാണിത്.

ഇതോടൊപ്പം അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതിയിളവ് നല്‍കുകയും അഗ്രോ കെമിക്കല്‍സിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതും ഈ ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നു. ജിഡിപിയിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന മൂന്നാമത്തെ മേഖല കൂടിയാണിത്. അതുകൊണ്ടു തന്നെ ഓരോ ബജറ്റിലും കൃഷിക്ക് വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. എന്നാല്‍ മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി ആഗോള മാന്ദ്യ ഭീതി, റഷ്യ-യുക്രൈന്‍ യുദ്ധം, കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍, കയറ്റുമതിയിലെ കുറവ് തുടങ്ങി കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയാകുന്ന നിരവധി പ്രശ്നങ്ങള്‍ ഇപ്പോഴുണ്ട്.

ഈ സഹചര്യത്തില്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും, വിതരണ ശൃംഖല വിപുലപ്പെടുത്തുന്നതിനുമായി ബജറ്റില്‍ പ്രത്യേകം തുക വകയിരുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ വിള ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനടക്കം സാങ്കേതികവിദ്യയുടെ സഹായവും വര്‍ധിപ്പിക്കേണ്ടതുണ്ട്. യന്ത്രവത്കരണം, ജിയോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, ബ്ലോക്ക് ചെയ്ന്‍, ഡ്രോണുകള്‍ തുടങ്ങിയവയുടെ ഉപയോഗം കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കും.

നിലവിലുള്ള ഡിജിറ്റല്‍ അഗ്രികള്‍ചര്‍ മിഷന്‍ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വിപുലപ്പെടുത്താവുന്നതേയുള്ളൂ. കാര്‍ഷിക സംബന്ധമായ വിവരങ്ങളും മണ്ണിന്റെ ആരോഗ്യവും കീടനിയന്ത്രണവും പോലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിപുലമായ പബ്ലിക് ഡാറ്റ ലൈബ്രറി സംബന്ധിച്ചും ആവശ്യങ്ങളുയരുന്നുണ്ട്.

Related Articles
Next Story
Videos
Share it