

യു.എസ് ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ മൂല്യം 100 എന്ന നിർണായകമായ നിലവാരത്തിലേക്ക് താഴ്ന്നുപോകാൻ ഉടനടി സാധ്യതയില്ലെന്ന് ഫോറെക്സ് മാർക്കറ്റ് അനലിസ്റ്റുകൾ വിലയിരുത്തുന്നു. എങ്കിലും, ആഗോള സാമ്പത്തിക പ്രതിസന്ധികളും ജിയോപൊളിറ്റിക്കൽ വെല്ലുവിളികളും ഇതേപടി തുടരുകയാണെങ്കിൽ, ഇടക്കാല — ദീർഘകാലാടിസ്ഥാനത്തിൽ രൂപയുടെ മൂല്യം 100 എന്ന നിലവാരത്തിലേക്ക് ഇടിയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പക്ഷേ അത്തരമൊരു അവസ്ഥ, കേവലം രൂപയുടെ വിനിമയ നിരക്കിലെ ഇടിവ് എന്നതിനേക്കാളും രാജ്യം ഇടക്കാലയളവിൽ നേരിടാൻ പോകുന്ന ഒരു സാമ്പത്തിക വെല്ലുവിളിയായാണ് അനലിസ്റ്റുകൾ വിവക്ഷിക്കുന്നത്.
ഫോറെക്സ് വിപണിയിൽ യു.എസ് ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം ഇതിനകം തന്നെ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി 95.74 എന്ന നിരക്കിലേക്ക് എത്തിച്ചേർന്നിരുന്നു. നിലവിൽ 95–96 പരിധിയിൽ വ്യാപാരം തുടരുന്ന രൂപ, ഈ വർഷം ഇതുവരെ 6 ശതമാനത്തിലധികം മൂല്യത്തകർച്ച നേരിട്ടിട്ടുണ്ട്. മറ്റ് വികസ്വര വിപണികളിലെ (Emerging Markets) കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ പ്രകടനം കൂടുതൽ ദുർബലമാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
രൂപയുടെ മൂല്യം ഉടനടി 96–97 നിരക്കിലേക്ക് താഴാൻ സാധ്യതയുണ്ടെന്നാണ് മാർക്കറ്റ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. എങ്കിലും, ഈ സാമ്പത്തിക വർഷം (2026 ഏപ്രിൽ - 2027 മാർച്ച്) തന്നെ മൂല്യം 100 എന്ന നിലവാരം മറികടക്കാനുള്ള സാധ്യത നിലവിൽ പ്രകടമല്ല. അത്തരമൊരു മൂല്യത്തകർച്ച ഉടനടി സംഭവിക്കാവുന്ന ഒന്നായല്ല, മറിച്ച് ഇടക്കാല — ദീർഘകാലാടിസ്ഥാനത്തിൽ സംഭവിക്കാനിടയുള്ള ഒരു സാമ്പത്തിക വെല്ലുവിളിയായാണ് അനലിസ്റ്റുകൾ നിരീക്ഷിക്കുന്നത്.
യുഎസ്—ഇറാൻ/പശ്ചിമേഷ്യയിലെ സംഘർഷങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും കാരണം ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 130–150 ഡോളറിൽ കൂടുതൽ കാലം തുടർച്ചയായി ഉയരുന്നു നിൽക്കുന്ന സാഹചര്യം ഉടലെടുക്കുകയാണെങ്കിൽ, അത് രാജ്യത്തിന്റെ ഇറക്കുമതി ചെലവും കറന്റ് അക്കൗണ്ട് കമ്മിയും കുത്തനെ വർധിപ്പിക്കുന്നതായിരിക്കും.
രാജ്യത്തിന്റെ ഇന്ധന ആവശ്യകതയുടെ 80 ശതമാനത്തിലേറെയും ഇറക്കുമതിയിലൂടെ കണ്ടെത്തുന്ന സാഹചര്യത്തിൽ, എണ്ണ വിലക്കയറ്റവും വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ (FPI) പിൻവാങ്ങലുമാണ് ഇന്ത്യ നേരിടുന്ന പ്രധാനപ്പെട്ട ആഗോള സാമ്പത്തിക വെല്ലുവിളികൾ.
മെയ് ഒന്നുവരെയുള്ള കണക്കുകൾ പ്രകാരം, ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം (Foreign Exchange Reserves) 72,850 കോടി ഡോളറിൽ നിന്ന് 69,060 കോടി ഡോളറായി കുറഞ്ഞു. ഫോറെക്സ് വിപണിയിൽ രൂപ നേരിടുന്ന മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് (RBI) സജീവമായി ഇടപെടുന്നു എന്നതിന്റെ സൂചനയാണിത്.
വിദേശനാണ്യ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പ്രവാസികളിൽ നിന്നും വിദേശ ഇന്ത്യക്കാരിൽ നിന്നും എഫ്.സി.എൻ.ആർ-ബി [Foreign Currency Non-Resident-Bank] നിക്ഷേപങ്ങൾ, വിദേശ കറൻസി ബോണ്ടുകൾ തുടങ്ങിയ മാർഗ്ഗങ്ങൾ ഉപയോഗിക്കുമ്പോഴും കരുതൽ ധനം ചെലവഴിക്കുന്നതിൽ ആർ.ബി.ഐ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ഫോറെക്സ് വിപണിയിലെ ചാഞ്ചാട്ടം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ തന്നെ, വിദേശനാണ്യ ശേഖരം അനാവശ്യമായി വിനിയോഗിക്കാതെ കാത്തുസൂക്ഷിക്കാനുള്ള വിവേകപൂർണമായ സമീപനമാണ് കേന്ദ്ര ബാങ്ക് സ്വീകരിക്കുന്നതെന്നും തെളിഞ്ഞുകാണാം.
2026-27 സാമ്പത്തിക വർഷത്തിൽ ഡോളറിനെതിരായ രൂപയുടെ മൂല്യം 100 എന്ന നിലവാരത്തിലേക്ക് ഇടിയുമെന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാനാകില്ല എന്നാണ് ഫോറെക്സ് വിപണിയിലെ അനലിസ്റ്റുകൾ സൂചിപ്പിച്ചത്. എങ്കിലും, നിലവിലെ ജിയോപൊളിറ്റിക്കൽ സംഘർഷങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളും പ്രതികൂലമായി തുടരുകയാണെങ്കിൽ 2027-28 സാമ്പത്തിക വർഷത്തോടെ ഈ നിരക്ക് യാഥാർത്ഥ്യമാകാമെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു.
ഫോറെക്സ് വിപണിയിലെ മറ്റ് നിരീക്ഷണങ്ങളും ഈ സാധ്യതയെ ശരിവെക്കുന്നവയാണ്. 2026 അവസാനത്തോടെ ഡോളറിനെതിരായ രൂപയുടെ മൂല്യം 95–98 എന്ന പരിധിയിൽ കേന്ദ്രീകരിക്കാനാണ് സാധ്യതയെന്ന് അനലിസ്റ്റുകൾ പൊതുവായി അഭിപ്രായപ്പെടുന്നു. നിലവിലെ സാഹചര്യത്തിൽ 100 എന്നത് വിപണിയിലെ ഏറ്റവും പ്രതികൂല സാഹചര്യത്തിൽ സംഭവിക്കാവുന്ന ഒരു രംഗമെന്നതിനേക്കാളും ഉപരിയായി അതിനെ ഇടക്കാല സാമ്പത്തിക വെല്ലുവിളിയായാണ് വിദഗ്ധർ വീക്ഷിക്കുന്നത്.
ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100–110 ഡോളറിന് മുകളിൽ തുടരുകയും ഡോളറിനെതിരായ രൂപയുടെ വിനിമയമൂല്യം 97–98 നിരക്കിലേക്ക് ഇടിയുകയും ചെയ്താൽ, ഇറക്കുമതിയെ ആശ്രയിച്ചു കഴിയുന്ന വ്യവസായ/വാണിജ്യ മേഖലകളിൽ കടുത്ത പ്രതിസന്ധി തലപൊക്കും. പെട്രോളിയം, വ്യോമയാനം, ബാങ്കിതര ധനകാര്യ സേവനം (എൻ.ബി.എഫ്.സി), വൻകിട മൂലധന പദ്ധതികൾ (Capital Projects) എന്നിവയിലാകും ഈ വിനിമയ നിരക്ക് സമ്മർദ്ദം ഏറ്റവും കൂടുതൽ പ്രതിഫലിക്കുക എന്നും വിപണി വിദഗ്ധർ സൂചിപ്പിച്ചു.
അതേസമയം രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം ശക്തിപ്പെടുത്തുന്നതിനായി റിസർവ് ബാങ്ക്, പ്രവാസികളുടെയും വിദേശ ഇന്ത്യക്കാരുടേയും എഫ്.സി.എൻ.ആർ-ബി നിക്ഷേപങ്ങളെയോ വിദേശ വിപണിയിൽ രൂപയിൽ ഇറക്കുന്ന കടപ്പത്രങ്ങളെയോ (മസാല ബോണ്ട്) ആശ്രയിക്കുന്ന സാഹചര്യമുണ്ടായാൽ, റിസ്ക് മാനേജ്മെന്റ് തന്ത്രങ്ങളിലൊന്നായ ഫോറെക്സ്—ഹെഡ്ജ് (FX-Hedged) സ്കീമുകൾക്കും ഫോറിൻ കറൻസി ബോണ്ടുകൾക്കും ഡോളർ അധിഷ്ഠിത സാമ്പത്തിക തന്ത്രങ്ങൾക്കും ഇന്ത്യൻ വിപണിയിൽ പ്രാധാന്യമേറാൻ സാധ്യതയുണ്ടെന്നും ഫോറെക്സ് അനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine