
രാജ്യത്ത് സ്ത്രീ ജീവനക്കാര്‍ക്കുള്ള പരിഗണന വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മിഡ് മാനേജ്‌മെന്റ് മുതല്‍ സീനിയര്‍ തലം വരെയുള്ള നിയമനങ്ങളില്‍ സ്ത്രീകളുടെ എണ്ണം 2020 ല്‍ 43 ശതമാനമായി വര്‍ധിച്ചു. 2019 ല്‍ ഇത് 18 ശതമാനം മാത്രമായിരുന്നു- ജോബ് പ്ലാറ്റ്‌ഫോമായ ജോബ്‌സ് ഫോര്‍ ഹെര്‍ തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കോവിഡിന് ശേഷം രാജ്യത്തെ സ്ത്രീകളുടെ കരിയറില്‍ മുന്നേറ്റമുണ്ടായെന്നാണ് ജോബ്‌സ് ഫോര്‍ ഹെര്‍ നടത്തിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെ വിവിധ മേഖലകളില്‍ നിന്നുള്ള 300 ലേറെ കമ്പനികളെ പഠന വിധേയമാക്കിയാണ് ഡൈവ്‌ഹെര്‍സിറ്റി ബെഞ്ച് മാര്‍ക്കിംഗ് റിപ്പോര്‍ട്ട് 2020-21 തയാറാക്കിയിരിക്കുന്നത്.
സര്‍വേയില്‍ പങ്കെടുത്ത 41 ശതമാനം സ്റ്റാര്‍ട്ടപ്പുകളും നിശ്ചിത ശതമാനം വനിതാ ജീവനക്കാരെ നിയമിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തിയിട്ടുണ്ട്. പല കമ്പനികളും സ്ത്രീ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായുള്ള നടപടികളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോം രീതി വ്യാപകമായതും സ്ത്രീ ജീവനക്കാര്‍ക്ക് തുണയായി. 40 ശതമാനം കമ്പനികളും ജീവനക്കാരുടെ കൂടി സൗകര്യം പരിഗണിച്ചുള്ള വര്‍ക്ക് ഫ്രം ഹോം രീതി ഏര്‍പ്പെടുത്തി.
വന്‍കിട കമ്പനികള്‍ മാത്രമല്ല, സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട, സൂക്ഷ്മ സംരംഭങ്ങള്‍ അടക്കം ആറു മാസത്തെ പ്രസവാവധി നല്‍കാനും തയാറാകുന്നു. 2017 ലെ മെറ്റേര്‍നിറ്റി അമന്‍ഡ്‌മെന്റ് ബില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി വര്‍ധിപ്പിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine