ഡോളര്‍ വില്‍പ്പന; ആഗോള വിദേശനാണ്യ ശേഖരത്തില്‍ 1 ടില്യണ്‍ ഡോളറിന്റെ ഇടിവ്
ലോകരാജ്യങ്ങളുടെ വിദേശനാണ്യ ശേഖരം (Global Foreign-Currency Reserves) റെക്കോര്‍ഡ് നിരക്കില്‍ ഇടിയുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാനും സ്വന്തം കറന്‍സികളുടെ മൂല്യം പിടിച്ചു നിര്‍ത്താനുള്ള ലോകരാജ്യങ്ങളുടെ ശ്രമങ്ങളാണ് വിദേശനാണ്യ ശേഖരം ഇടിയാന്‍ കാരണം. ബ്ലൂംബെര്‍ഗിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ ആഗോള വിദേശനാണ്യ ശേഖരം 7.8 ശതമാനം അഥവാ 1 ട്രില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 12 ട്രില്യണ്‍ ഡോളറിലെത്തി.
2003ല്‍ ബ്ലൂംബെര്‍ഗ് ഡാറ്റ ശേഖരിക്കാന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. യൂറോ, യെന്‍ അടക്കമുള്ള കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യം രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. യെന്നിന്റെ മൂല്യം ഇടിയുന്നത് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ 20 ബില്യണ്‍ ഡോളറാണ് ജപ്പാന്‍ ചെലവഴിച്ചത്. ജപ്പാന്റെ വിദേശ നാണ്യ ശേഖരത്തില്‍ ഈ വര്‍ഷം ഉണ്ടയാത് 19 ശതമാനത്തിന്റെ കുറവാണ്. പാകിസ്ഥാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വിദേശനാണ്യ പ്രതിസന്ധിയിലാണ്. വെറും 3 മാസത്തെ ഇറക്കുമതിക്കുള്ള പണം മാത്രമാണ് (14 ബില്യണ്‍ ഡോളര്‍) പാകിസ്ഥാന്റെ കൈവശമുള്ളത്.
രൂപ-ഡോളര്‍ കൈമാറ്റ നിരക്കിലുള്ള ഏറ്റക്കുറച്ചിലുകള്‍ തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) 75 ബില്യണ്‍ ഡോളറോളം ചെലവഴിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിരുന്നു. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ യുഎസ് ഡോളര്‍ വില്‍ക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 2017നെ അപേക്ഷിച്ച് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഇപ്പോഴും 49 ശതമാനം കൂടുതലാണ്. അതേ സമയം 2022 ഫെബ്രുവരിയെ അപേക്ഷിച്ച് കരുതല്‍ ശേഖരത്തില്‍ 85.88 ബില്യണിന്റെ ഇടിവാണ് ഉണ്ടായത്. സെപ്റ്റംബര്‍ 16ലെ കണക്കുകള്‍ പ്രകാരം 9 മാസത്തെ ഇറക്കുമതിക്ക് ആവശ്യമായ 545.65 ബില്യണ്‍ ഡോളറിന്റെ വിദേശ നാണ്യ ശേഖരമാണ് ഇന്ത്യയ്ക്ക് ഉണ്ട്. കറന്‍സികളുടെ മൂല്യം ഇടിയുന്നതിനൊപ്പം ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ വ്യാപാരത്തെ ബാധിക്കുന്നതും രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്.