ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കോ; സമ്പദ് വ്യവസ്ഥ മൂന്നിലൊന്നായി ചുരുങ്ങുമെന്ന് റിപ്പോര്‍ട്ട്

പണപ്പെരുപ്പത്തെ നേരിടാന്‍ ലക്ഷ്യമിട്ടുള്ള ഉയര്‍ന്ന വായ്പാ ചെലവുകള്‍ 2023-ല്‍ ലോകത്തെ മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് (CEBR) അറിയിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ലോക സമ്പദ് വ്യവസ്ഥ 2022-ല്‍ ആദ്യമായി 100 ട്രില്യണ്‍ ഡോളര്‍ കവിഞ്ഞെങ്കിലും കുതിച്ചുയരുന്ന വിലയ്ക്കെതിരായ പോരാട്ടം തുടരുന്നതിനാല്‍ 2023-ല്‍ ഈ വളര്‍ച്ച സ്തംഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്താരാഷ്ട്ര നാണ്യ നിധിയുടെ സമീപകാല പ്രവചനത്തേക്കാള്‍ ആശങ്കയുണ്ടാക്കുന്നതാണ് ഈ ഗവേഷണത്തിന്റെ കണ്ടെത്തലുകള്‍. ലോക സമ്പദ് വ്യവസ്ഥയുടെ മൂന്നിലൊന്ന് ചുരുങ്ങുമെന്നും 2023 ല്‍ ആഗോള ജിഡിപി 2 ശതമാനത്തില്‍ താഴെ വളരാന്‍ 25 ശതനമാനം സാധ്യതയുണ്ടെന്നും സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് ഒക്ടോബറില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

2037 ല്‍ എത്തുമ്പോള്‍ ലോക മൊത്ത ആഭ്യന്തര ഉല്‍പ്പാദനം ഇരട്ടിയാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ കിഴക്കന്‍ ഏഷ്യയും പസഫിക് മേഖലയും ആഗോള ഉല്‍പ്പാദനത്തിന്റെ മൂന്നിലൊന്ന് വരും. അതേസമയം യൂറോപ്പിന്റെ വിഹിതം അഞ്ചിലൊന്നില്‍ താഴെയായി ചുരുങ്ങുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

2035-ല്‍ 10 ട്രില്യണ്‍ ഡോളറിന്റെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും 2032-ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്നും ഈ ഗവേഷണ റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നു. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ യുകെ ലോകത്തിലെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി തുടരുമെന്നും ഫ്രാന്‍സ് ഏഴാം സ്ഥാനത്തും തുടരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ബ്രിട്ടന്‍ വേഗത്തില്‍ വളരുകയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

Related Articles
Next Story
Videos
Share it