ലോകം ഇതുവരെ കാണാത്ത പ്രതിസന്ധി
''ചരിത്രത്തിലെ ഏറ്റവും തീവ്രമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകം വഴുതി വീണാലും ഞാന്‍ അത്ഭുതപ്പെടില്ല,'' 2019 ജനുവരി 31ലെ ധനത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്റ്റര്‍ സി.ജെ ജോര്‍ജ് നടത്തിയ ഈ നിരീക്ഷണം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.
സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌കാരികവുമായ ഒട്ടനവധി പ്രശ്‌നങ്ങളിലൂടെയാണ് ഇന്ത്യയും ലോകവും ഇപ്പോള്‍ കടന്നുപോകുന്നതെന്ന് അന്നേ അഭിപ്രായപ്പെട്ട സി ജെ ജോര്‍ജിന്റെ നിരീക്ഷണം എത്രമാത്രം ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യം നിലനില്‍ക്കുന്ന ലോകത്തിലെ വികസിത രാജ്യങ്ങള്‍ ഗൗരവമായ നേതൃപരമായ പ്രതിസന്ധി (ലീഡര്‍ഷിപ്പ് ക്രൈസിസ്) യിലൂടെയാണ് കടന്നു പോകുന്നതെന്നായിരുന്നു സി ജെ ജോര്‍ജിന്റെ വിശകലനം.
അമേരിക്ക - ചൈന വ്യാപാരയുദ്ധം, ബ്രെക്‌സിറ്റും സ്വന്തം ജനതയുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ യുകെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും, ഇന്ത്യയിലെ നോട്ട് പിന്‍വലിക്കല്‍ മുതല്‍ സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിച്ചുനില്‍ക്കുമ്പോള്‍ അതില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാതെ പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നതും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും ലോകരാജ്യങ്ങളുടെ നേതൃപരമായ പ്രതിസന്ധിയുടെ ആഴമാണ് തുറന്നുകാട്ടിയത്.
ലോകത്തിലെ പ്രബല രാജ്യങ്ങളിലെല്ലാം ഒരേ സമയം പലവിധത്തിലുള്ള പ്രതിസന്ധികളും വ്യാപാര യുദ്ധങ്ങളും ദീര്‍ഘവീക്ഷണമില്ലാത്ത നിലപാടുകളും കൂടി ചേര്‍ന്നപ്പോള്‍ തന്നെ മുന്‍പെങ്ങുമില്ലാത്ത വിധമുള്ള സാമ്പത്തിക പ്രതിസന്ധി ദൃശ്യമായിരുന്നു. അതിനിടെയാണ് ലോകത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തി കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതും. പണ്ടേ ദുര്‍ബലമായ ലോക സമ്പദ് വ്യവസ്ഥ ഇതോടെ കൂടുതല്‍ തകര്‍ന്നു.
വിപണിയിലേക്ക് പണം കൊണ്ടുവന്ന് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അധികകാലം ലോക രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ക്ക് സാധിക്കണമെന്നില്ല.
ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യത്തിന് കാരണം മതിയായ ഡിമാന്റ് ഇല്ലാത്തതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിരുന്നു. ലോകത്തിന്റെ മാനുഫാക്ചറിംഗ് ഹബ്ബായ ചൈനയിലെ പ്രതിസന്ധി ഉല്‍പ്പാദന മേഖലയെയും തകര്‍ത്തിരിക്കുന്നു. ഒരേ സമയം ഡിമാന്റും സപ്ലെയും പ്രശ്‌നത്തിലായിരിക്കുന്നു.
ലോകമെമ്പാടുമുള്ള ഈ അവസ്ഥ അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും ദൗര്‍ലഭ്യത്തിനിടയാക്കും. മാത്രമല്ല, ചൈന വൈറസ് ബാധയില്‍ നിന്ന് പുറത്തുകടന്ന് അവിടെ ഫാക്റ്ററികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായാലും ഗ്ലോബല്‍ സപ്ലൈ ചെയ്ന്‍ സാധാരണ നിലയിലാകണമെന്നില്ല. ലോകത്തിലെ ഓരോ രാജ്യങ്ങളും പ്രവിശ്യകളുമായും അത്രമാത്രം ബന്ധം ഇന്ന് ഗ്ലോബല്‍ സപ്ലൈ ചെയ്‌നുകള്‍ക്കുണ്ട്.
ഉദാഹരണത്തിന് ഒരു കാര്‍ ഉല്‍പ്പാദനം തന്നെയെടുക്കാം. ഏതോ ഒരു രാജ്യത്ത് നിന്നുള്ള ഇരുമ്പയിര്, മറ്റേതോ രാജ്യത്തെ വാഹനഘടക ഭാഗം, വേറോതോ രാജ്യത്ത് വെച്ചുള്ള അസംബ്ലിംഗ്, ഒടുവില്‍ പെയ്ന്റിംഗും ഫിനിഷിംഗും മറ്റെവിടെയോ വെച്ചും. ചൈനയിലെ ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിച്ചാലും ഇതിലെ ഒരു ഭാഗം മാത്രമേ ആകു. ശൃംഖല അപ്പോഴും സാധാരണ നിലയിലാകില്ല.
സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ അതുകൊണ്ട് കോവിഡ് 19 ബാധ കാലത്ത് ഉപകരിക്കില്ലെന്ന് പ്രശസ്ത കോളമിസ്റ്റ് സ്വാമിനാഥന്‍ എസ് ആങ്കലേസരിയ അയ്യര്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വിദഗ്ധരുടെ നിഗമനങ്ങള്‍ എന്തുമാകട്ടേ, ലോകം ഇപ്പോള്‍ മാന്ദ്യത്തിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
എണ്ണവില ഇടിവ് ഇതിനിടയിലെ അനുഗ്രഹമാണെന്നും അവസരമാണെന്നുമുള്ള വാദത്തെയും സാമ്പത്തിക വിദഗ്ധര്‍ തള്ളിക്കളയുന്നുണ്ട്. എണ്ണ വില ബാരലിന് ഒരു ഡോളര്‍ കുറയുമ്പോള്‍ ഇന്ത്യയുടെ ഇംപോര്‍ട്ട് ബില്ലില്‍ പതിനായിരം കോടി രൂപയുടെ കുറവുണ്ടാകും. പക്ഷേ കോവിഡ് 19 മൂലം മറ്റെല്ലാ രംഗങ്ങളിലുമുണ്ടായിരിക്കുന്ന നഷ്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതൊരു നേട്ടമല്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
നാം അഭിമുഖീകരിക്കാന്‍ പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളുടെ തുടക്കം മാത്രമാണിതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഈ സാഹചര്യത്തില്‍ ബിസിനസുകാര്‍ പ്രതിസന്ധിയുടെ ആഴവും വ്യാപ്തിയും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
Read More: VIRUS ATTACK; ബിസിനസുകാര്‍ എന്തു ചെയ്യണം?
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline