വിവാഹ മോചന ദ്രവ്യത്തിന്റെ ബലത്തില്‍ ആഗോള സമ്പന്ന പീഠമേറി യുവാന്‍ ലിപിംഗ്
ഏഷ്യയിലെ ഏറ്റവും ചെലവേറിയ വിവാഹ മോചനത്തില്‍ നിന്ന് പുതിയ ശതകോടീശ്വരിയുടെ ഉദയം. കൊറോണ വൈറസിനെതിരെ വാക്സിന്‍ നിര്‍മ്മിക്കുന്നതായി അവകാശപ്പെടുന്ന ഷെന്‍സെന്‍ കാങ്തൈ എന്ന ചൈനീസ് കമ്പനി സ്ഥാപിച്ചു നടത്തി ശതകോടീശ്വരനായി മാറിയ ഡു വിമിന്റെ മുന്‍ ഭാര്യ യുവാന്‍ ലിപിംഗ് ആണ് വിവാഹ മോചന ദ്രവ്യമായി കിട്ടിയ കമ്പനി ഓഹരികളിലൂടെ ആഗോള സമ്പന്നരുടെ പട്ടികയില്‍ സ്ഥാനം നേടിയത്.
ഡു 161.3 ദശലക്ഷം ഓഹരികള്‍ 49 കാരിയായ യുവാന്‍ ലിപിംഗിന് കൈമാറിയിരുന്നു. വിപണിയില്‍ അതിന്റെ മൂല്യം കഴിഞ്ഞ ദിവസം 3.2 ബില്യണ്‍ ഡോളറായി. കൊറോണ വൈറസിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാനുള്ള പദ്ധതി കമ്പനി പ്രഖ്യാപിച്ച ഫെബ്രുവരി മുതല്‍ കാങ്തൈ ഓഹരികള്‍ കുതിച്ചുകയറുകയാണ്. ചൈനയിലെ ഷെന്‍ഷെനില്‍ താമസിക്കുന്ന കനേഡിയന്‍ വംശജയായ യുവാന്‍ ലിപിംഗ് 2011 മെയ് മുതല്‍ 2018 ഓഗസ്റ്റ് വരെ ഷെന്‍സെന്‍ കാങ്തൈ കമ്പനിയുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോള്‍ ബീജിംഗ് മിന്‍ഹായ് ബയോടെക്‌നോളജി കമ്പനി വൈസ് ജനറല്‍ മാനേജരാണ് ബീജിംഗിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇന്റര്‍നാഷണല്‍ ബിസിനസ് ആന്റ് ഇക്കണോമിക്‌സില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുള്ള യുവാന്‍.
വിവാഹ മോചന ശേഷം 56 കാരനായ ഡുവിന്റെ മൊത്തം ഓഹരി മൂല്യം വിഭജനത്തിന് മുമ്പുള്ള 6.5 ബില്യണ്‍ ഡോളറില്‍ നിന്ന് ഏകദേശം 3.1 ബില്യണ്‍ ഡോളറായി കുറഞ്ഞു. ചൈനയിലെ ജിയാങ്സി പ്രവിശ്യയിലെ ഒരു കാര്‍ഷിക കുടുംബത്തിലാണ് ഡു ജനിച്ചത്. കോളേജില്‍ രസതന്ത്രം പഠിച്ച ശേഷം, 1987 ല്‍ ഒരു ക്ലിനിക്കില്‍ ജോലിചെയ്തു തുടങ്ങി. 1995 ല്‍ ഒരു ബയോടെക് കമ്പനിയുടെ സെയില്‍സ് മാനേജരായി. 2004 ല്‍ ഡു സ്ഥാപിച്ച കമ്പനിയായ മിന്‍ഹായിയും 2009 ല്‍ സ്ഥാപിതമായ കാങ്തൈയും തമ്മില്‍ ലയിച്ച ശേഷം അദ്ദേഹം സംയോജിത സ്ഥാപനത്തിന്റെ ചെയര്‍മാനായി. 2017 ലെ പ്രാരംഭ പബ്ലിക് ഓഫറിംഗോടെ കാങ്തൈ ചിറകു വിരിച്ചു പറക്കാന്‍ തുടങ്ങി.
വിവാഹമോചനത്തിന് കനത്ത വില നല്‍കേണ്ടിവന്ന ഒരേയൊരു വ്യവസായിയല്ല ഡു. 2012 ല്‍, രാജ്യത്തെ ഏറ്റവും ധനികയായ വു യാജുന്‍ 2.3 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരികളാണ് വിവാഹ മോചനം സാധ്യമാക്കാന്‍ മുന്‍ ഭര്‍ത്താവ് കായ് കുയിക്ക് കൈമാറിയത്. ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വിവാഹമോചനത്തിലെ നായകന്‍ ജെഫ് ബെസോസ് തന്നെ. ആമസോണ്‍.കോം സ്ഥാപകന്‍ ഓണ്‍ലൈന്‍ റീട്ടെയില്‍ ഓഹരിയുടെ 4% മുന്‍ ഭാര്യ മക്കെന്‍സിക്ക് നല്‍കി. ഇപ്പോള്‍ 48 ബില്യണ്‍ ഡോളര്‍ സമ്പത്താണത്. ലോകത്തെ നാലാമത്തെ സമ്പന്ന വനിതയായി മക്കെന്‍സി അതോടെ മാറി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline