Begin typing your search above and press return to search.
മൊത്തവില പണപ്പെരുപ്പം ഏപ്രിലില്‍ പൂജ്യത്തിനും താഴെ
രാജ്യത്ത് വിലക്കയറ്റം ശമിക്കുന്നുവെന്ന് വ്യക്തമാക്കി റീട്ടെയ്ല്‍ പണപ്പെരുപ്പത്തിന് പിന്നാലെ മൊത്തവില (ഹോള്‍ലെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പവും (WPI Inflation) ഏപ്രിലില്‍ കുത്തനെ കുറഞ്ഞു. ഏപ്രിലില്‍ പണച്ചുരുക്കത്തിലേക്ക് (പൂജ്യത്തിനും താഴെ/Deflation) വിലക്കയറ്റത്തോത് എത്തിയെന്നതും ശ്രദ്ധേയം. 2020 ഓഗസ്റ്റിലെ നെഗറ്റീവ് 0.58 ശതമാനത്തിന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന നിരക്കുമാണിത്.
Also Read : വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കേരളവും
മാര്‍ച്ചിലെ 1.34 ശതമാനത്തില്‍ നിന്ന് നെഗറ്റീവ് 0.92 ശതമാനമായാണ് കഴിഞ്ഞമാസം മൊത്തവില പണപ്പെരുപ്പം താഴ്ന്നത്. ഭക്ഷ്യവിലപ്പെരുപ്പം 2.32 ശതമാനത്തില്‍ നിന്ന് 0.17 ശതമാനത്തിലേക്ക് കുത്തനെ കുറഞ്ഞതാണ് നേട്ടം. ഭക്ഷ്യ എണ്ണകളുടെ വിലപ്പെരുപ്പം നെഗറ്റീവ് 25.91 ശതമാനമാണ്. പ്രാഥമിക ഉത്പന്നങ്ങളുടേത് (Primary Articles) 1.60 ശതമാനം. ഇന്ധന വിലപ്പെരുപ്പം 0.93 ശതമാനത്തിലേക്കും മാനുഫാക്‌ചേഡ് ഉത്പന്നങ്ങളുടേത് നെഗറ്റീവ് 2.42 ശതമാനത്തിലേക്കും കുറഞ്ഞതും ഗുണം ചെയ്തു. കഴിഞ്ഞ 11 മാസമായി മൊത്തവില പണപ്പെരുപ്പം തുടര്‍ച്ചയായി കുറയുകയാണ്. കഴിഞ്ഞവര്‍ഷം മേയില്‍ ഇത് 20 വര്‍ഷത്തെ ഉയരമായ 16.63 ശതമാനമായിരുന്നു.
റീട്ടെയില്‍ പണപ്പെരുപ്പത്തിലും ആശ്വാസം
റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ പരിഷ്‌കരിക്കാന്‍ പ്രധാന മാനദണ്ഡമാക്കുന്ന റീട്ടെയ്ല്‍ പണപ്പെരുപ്പം (CPI Inflation) കഴിഞ്ഞമാസം 18 മാസത്തെ താഴ്ചയായ 4.7 ശതമാനത്തില്‍ എത്തിയിരുന്നു. ഇതോടെ, ജൂണിലെ ധനനയ നിര്‍ണയ യോഗത്തില്‍ റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ കൂട്ടാനുള്ള സാദ്ധ്യത മങ്ങി. പലിശനിരക്ക് നിലനിര്‍ത്താനാണ് സാദ്ധ്യത കൂടുതല്‍. കുറയ്ക്കാനുള്ള സാദ്ധ്യത വിരളമാണ്.
Next Story
Videos