മൊത്തവില പണപ്പെരുപ്പവും താഴേക്ക്; ഫെബ്രുവരിയില്‍ 3.85%

കഴിഞ്ഞമാസം മൊത്തവില (ഹോള്‍സെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം ജനുവരിയിലെ 4.73 ശതമാനത്തില്‍ നിന്ന് 25 മാസത്തെ താഴ്ചയായ 3.85 ശതമാനമായി കുറഞ്ഞെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലകുറയുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ക്രൂഡോയില്‍, പ്രകൃതിവാതകം, ഭക്ഷ്യവസ്തുക്കള്‍, ഭക്ഷ്യേതര ഉത്പന്നങ്ങള്‍, ധാതുക്കള്‍, കമ്പ്യൂട്ടര്‍, കെമിക്കല്‍ എന്നിവയുടെ വിലക്കുറവാണ് കഴിഞ്ഞമാസം നേട്ടമായത്. ചില്ലറവില (റീട്ടെയില്‍) പണപ്പെരുപ്പവും കഴിഞ്ഞമാസം കുറഞ്ഞിരുന്നു.
ഭക്ഷ്യവിലയും താഴേക്ക്
ഭക്ഷ്യോത്പന്നങ്ങളുടെ മൊത്തവില ജനുവരിയിലെ 2.95 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 2.76 ശതമാനമായി കുറഞ്ഞത് നേട്ടമാണ്. പ്രാഥമികോത്പന്നങ്ങളുടെ (പ്രൈമറി ആര്‍ട്ടിക്കിള്‍സ്) വിലനിലവാരം 3.88 ശതമാനത്തില്‍ നിന്ന് 3.28 ശതമാനമായി.
ഏതാനും മാസങ്ങളായി മൊത്തവില പണപ്പെരുപ്പം താഴുകയാണ്. കഴിഞ്ഞവര്‍ഷം മേയില്‍ മൊത്തവില പണപ്പെരുപ്പം 15.88 ശതമാനമായിരുന്നു. 1991 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയരമായിരുന്നു അത്.
റീട്ടെയില്‍ പണപ്പെരുപ്പം
റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ പരിഷ്‌കരിക്കാന്‍ പ്രധാനമായും മാനദണ്ഡമാക്കുന്ന ഉപഭോക്തൃവില (റീട്ടെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പവും ഫെബ്രുവരിയില്‍ കുറഞ്ഞിരുന്നു. ജനുവരിയിലെ 6.52 ശതമാനത്തില്‍ നിന്ന് 6.44 ശതമാനമായാണ് കുറഞ്ഞത്. എന്നാല്‍, 6 ശതമാനത്തിന് താഴെ റീട്ടെയില്‍ പണപ്പെരുപ്പം നിലനിര്‍ത്തുകയെന്ന ലക്ഷ്യം കാണാനാവാത്തതിനാല്‍, അടുത്തമാസം നടക്കുന്ന പണനയ നിര്‍ണയ യോഗത്തിലും റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് കൂട്ടിയേക്കും.
Related Articles
Next Story
Videos
Share it