മനസിനുള്ളില്‍ യു.കെയോ? ചേക്കേറാനായി പലതരം വീസകള്‍
വിദേശത്തേക്ക് ചേക്കേറുന്നവരുടെ എണ്ണം രാജ്യത്ത് ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഇത്തരക്കരാര്‍ക്കിടയില്‍ പ്രിയമുള്ളൊരു ഇടമാണ് യു.കെ. ഒരു ജോലിക്കായോ, പഠിക്കാനായോ യു.കെയിലേക്ക് പോകുന്നവരുടെ എണ്ണവും ചെറുതല്ല. യു.കെ പൗരത്തമുള്ളവരെ വിവാഹം കഴിച്ചതിന് ശേഷം അവിടേയ്ക്ക് പോകുന്നവരുമുണ്ട്. എങ്ങനെ നിങ്ങള്‍ക്ക് യു.കെയിലേക്ക് പറക്കാം?
നിലവിലെ യു.കെ വീസ സ്‌കീമുകള്‍ അനുസരിച്ച് വീസയ്ക്കായി അപേക്ഷിക്കുമ്പോള്‍ അപേക്ഷകരുടെ യോഗ്യത നിര്‍ണ്ണയിക്കുന്നത് യു.കെ ടീയര്‍ പോയിന്റുകള്‍ അടിസ്ഥാനമാക്കിയുള്ള സംവിധാനമാണ്. യു.കെയിലേക്ക് ചേക്കേറുന്ന ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ വീസ സ്‌കീമുകള്‍ ഇവയാണ്.
ഉയര്‍ന്ന മൂല്യമുള്ള കുടിയേറ്റക്കാര്‍ക്ക് ടീയര്‍ 1 വീസ
യു.കെയില്‍ ടീയര്‍ 1 വീസ ഉയര്‍ന്ന മൂല്യമുള്ള കുടിയേറ്റക്കാരെയാണ് ലക്ഷ്യം വയ്ക്കുന്നത്. അതായത് നിക്ഷേപകര്‍, സംരംഭകര്‍, ബിസിനസ് ആരംഭിക്കാനോ അല്ലെങ്കില്‍ അതില്‍ നിക്ഷേപിക്കാനോ ധനം ലഭ്യമായിട്ടുള്ളവര്‍ അംഗീകൃത ബിസിനസ് പദ്ധതിയുള്ള ബിരുദധാരികള്‍, അവരുടെ മേഖലയില്‍ അസാധാരണമായ കഴിവുള്ളവരായി കണക്കാക്കപ്പെടുന്നവര്‍ തുടങ്ങിയവര്‍ക്ക് ടീയര്‍ 1വീസ അനുവദിക്കും. ഇതിന് യോഗ്യത നേടുന്നതിന് മൊത്തം 95 പോയിന്റുകള്‍ നേടുകയും ബാങ്ക് അക്കൗണ്ടില്‍ കുറഞ്ഞത് £200,000 (2.07 കോടി രൂപ) ഉണ്ടായിരിക്കണം.
വിദഗ്ധരായ തൊഴിലാളികള്‍ക്കായി ടീയര്‍ 2 വീസ
യു.കെയില്‍ ജോലിക്ക് അപേക്ഷിക്കുന്ന വിദഗ്ധരും യോഗ്യതയുള്ളവരുമായ തൊഴിലാളികള്‍ക്ക് ഈ സ്‌കീം ബാധകമാണ്. ഇതിനായി തൊഴിലുടമയില്‍ നിന്നുള്ള ഒരു ശുപാര്‍ശ കത്ത് ആവശ്യമാണ്. യു.കെയിലെ വിവിധ ശാഖകളിലേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കുന്ന തൊഴിലാളികള്‍ക്ക് ഈ സ്‌കീമിന് കീഴില്‍ വീസ ലഭിക്കും. കൂടാതെ, കായിക താരങ്ങള്‍ക്കും മതപരമായ വീസകളും ഈ സ്‌കീമിന് കീഴില്‍ വരുന്നു.
ഇതിന് യോഗ്യത നേടുന്നതിന് കുറഞ്ഞത് 70 പോയിന്റുകള്‍ ഉണ്ടായിരിക്കണം. ഇതില്‍ തൊഴില്‍ വാഗ്ദാനമോ അല്ലെങ്കില്‍ തൊഴിലുടമയുടെ സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിങ്ങള്‍ക്ക് 30 പോയിന്റുകള്‍ സ്‌കോര്‍ ചെയ്യാം. സ്‌കില്‍സ് ഷോര്‍ട്ടേജ് ലിസ്റ്റില്‍ നിങ്ങളുടെ തൊഴില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മറ്റൊരു 30 പോയിന്റുകള്‍ ലഭിക്കും. ഈ 60 പോയിന്റുകള്‍ ഉപയോഗിച്ച് യോഗ്യതയ്ക്കായി ശേഷിക്കുന്ന പോയിന്റുകള്‍ നേടുന്നത് താരതമ്യേന എളുപ്പമായിരിക്കും.
പഠിക്കാനായി ടീയര്‍ 4 വീസ
സ്റ്റുഡന്റ് വീസയാണ് ടീയര്‍ 4 വീസ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇതിന് യോഗ്യത നേടുന്നതിനായി നിങ്ങള്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തില്‍ നിന്ന് പ്രവേശനത്തിനുള്ള സ്ഥിരീകരണ കത്ത് ലഭിച്ചു എന്നതിന്റെ തെളിവ് കാണിക്കേണ്ടതുണ്ട്. ഈ വീസയ്ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥി 16 വയസ്സിന് മുകളിലായിരിക്കണം. കൂടാതെ ഇതുമായി ബന്ധപ്പെട്ട ഒരു ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷ ജയിച്ചിരിക്കണം.
താല്‍ക്കാലിക തൊഴിലാളികളുടെ ടീയര്‍ 5 വീസ
യു.കെ നല്‍കുന്ന ഏറ്റവും സാധാരണമായ വീസയാണ് ഇത്. പ്രതിവര്‍ഷം 50,000ല്‍ അധികം ഉദ്യോഗാര്‍ത്ഥികളെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കുന്ന ഒരു വീസയാണിത്. ഈ വീസയ്ക്ക് കീഴില്‍ കായികം, ആതുരസേവനം, മതപരമായ ചില കാര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
യു.കെ ബിസിനസ് വീസ
ദീര്‍ഘകാലത്തേക്ക് യു.കെയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ബിസിനസ്‌കാര്‍ക്കുള്ളതാണ് യു.കെ ബിസിനസ് വീസ. ഈ വീസയ്ക്ക് യോഗ്യത നേടുന്നതിന് 18 വയസിന് മുകളിലായിരിക്കണം അപേക്ഷകന്‍. ഇതിനായി അപേക്ഷകന്റെ ബിസിനസിന്റെയും യു.കെയിലെത്തുമ്പോള്‍ പങ്കെടുക്കാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളുടെയും തെളിവ് നല്‍കുകയും വേണം. മാത്രമല്ല അപേക്ഷകന്‍ ബിസിനസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന അവിടുത്തെ കമ്പനിയില്‍ നിന്നുള്ള ഒരു ക്ഷണക്കത്തും കാണിക്കേണ്ടതുണ്ട്.
ഫാമിലി വീസ
യു.കെയിന്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ നാട്ടിലുള്ള കുടുംബാംഗങ്ങളെ യു.കെ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്ന ഒരു പ്രത്യേക വീസയാണിത്.
യു.കെയിലെക്ക് എത്തുന്ന വിദേശ തൊഴിലാളികളില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരാണെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ONS) കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള വൈദഗ്ധ്യമുള്ള തൊഴിലാളി വീസകള്‍ 2021-22ലെ 13,390ല്‍ നിന്ന് 63% ഉയര്‍ന്ന് 2022-23ല്‍ 21,837 ആയി.