

ഒരു കാലത്ത് ഇന്ത്യയിലെ കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷയുടെ അടിത്തറ ബാങ്ക് നിക്ഷേപങ്ങളായിരുന്നു. ഫിക്‌സ്ഡ് ഡെപ്പോസിറ്റുകളും സേവിംഗ്‌സ് അക്കൗണ്ടുകളും സുരക്ഷിതമായ സമ്പാദ്യ മാര്‍ഗമായി കണക്കാക്കിയിരുന്ന കാലം മാറി. യുവതലമുറയുടെ സാമ്പത്തിക സമീപനം വ്യത്യസ്തം. ബാങ്കില്‍ പണം സൂക്ഷിക്കുന്നതിനേക്കാള്‍ മ്യൂച്വല്‍ ഫണ്ടുകളും ഓഹരി വിപണിയും പോലുള്ള വിപണി അധിഷ്ഠിത നിക്ഷേപങ്ങളിലേക്ക് അവര്‍ കൂടുതല്‍ തിരിയുന്നത്. ഈ മാറ്റം ഇന്ത്യയിലെ നിക്ഷേപ സംസ്‌കാരത്തില്‍ വലിയൊരു തലമുറ മാറ്റത്തിന് വഴിയൊരുക്കുകയാണ്.
കുടുംബങ്ങളുടെ സമ്പാദ്യത്തില്‍ ബാങ്ക് നിക്ഷേപങ്ങളുടെ പങ്ക് പതുക്കെ കുറഞ്ഞുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മുമ്പ് മൊത്തം സാമ്പത്തിക സമ്പാദ്യത്തിന്റെ ഏകദേശം മൂന്നിലൊന്നും ബാങ്ക് നിക്ഷേപങ്ങളിലായിരുന്നു, എന്നാല്‍ ഇപ്പോള്‍ അത് 33ല്‍ നിന്ന് 29 ശതമാനത്തിനും താഴെയെത്തി. അതേസമയം മ്യൂച്വല്‍ ഫണ്ടുകളുടെ പങ്ക് ഏകദേശം 2% മുതല്‍ 6% വരെ ഉയര്‍ന്നിട്ടുണ്ട്. ഇത് ചെറിയ മാറ്റമെന്നു തോന്നിയാലും, ഇന്ത്യയിലെ വലിയ സമ്പദ്വ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇത് വളരെ നിര്‍ണായകമായ ട്രെന്‍ഡാണ്.
ബാങ്ക് ഫിക്‌സ്ഡ് ഡെപ്പോസിറ്റുകള്‍ സാധാരണയായി 6% മുതല്‍ 7.5% വരെ വാര്‍ഷിക വരുമാനമാണ് നല്‍കുന്നത്. എന്നാല്‍ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ ദീര്‍ഘകാലത്ത് ഇതിലേറെ വരുമാനം നല്‍കാനുള്ള സാധ്യത ഉണ്ടെന്നാണ് നിക്ഷേപകര്‍ കരുതുന്നത്. ദീര്‍ഘകാല സമ്പാദ്യ ലക്ഷ്യങ്ങളുമായി യുവതലമുറ വിപണിയിലേക്ക് കടക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്. മൊബൈല്‍ ആപ്പുകള്‍ നിക്ഷേപം എളുപ്പമാക്കി. ഇന്നത്തെ നിക്ഷേപ വിപ്ലവത്തിന് പ്രധാന കാരണം ഫിന്‍ടെക് പ്ലാറ്റ്‌ഫോമുകളാണ്. ഗ്രോ, സെറോധ, പേടിഎം മണി, ഫോണ്‍പേ പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം, SIP, ഓഹരി വ്യാപാരം എന്നിവയെല്ലാം എളുപ്പമായി. 500 അല്ലെങ്കില്‍ 1,000 പോലുള്ള ചെറിയ തുകകൊണ്ട് പോലും നിക്ഷേപം തുടങ്ങാന്‍ കഴിയുന്നത് യുവാക്കളെ വിപണിയിലേക്ക് ആകര്‍ഷിക്കുന്നു.
ഇന്ത്യയില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (SIP) ഇന്ന് ഏറ്റവും വേഗത്തില്‍ വളരുന്ന നിക്ഷേപ രീതികളിലൊന്നാണ്. പ്രതിമാസം ആയിരക്കണക്കിന് കോടി രൂപയാണ് SIP വഴിയുള്ള നിക്ഷേപമായി മ്യൂച്വല്‍ ഫണ്ടുകളിലേക്ക് ഒഴുകുന്നത്. ദശലക്ഷ കണക്കിന് പുതിയ SIP അക്കൗണ്ടുകള്‍ തുറക്കപ്പെടുന്നുവെന്നാണ് വ്യവസായ ഡാറ്റ വ്യക്തമാക്കുന്നത്. ചെറിയ തുകയിലൂടെ സ്ഥിരമായി നിക്ഷേപം നടത്താന്‍ കഴിയുന്നതാണ് SIPയുടെ പ്രധാന ആകര്‍ഷണം. മ്യൂച്വല്‍ ഫണ്ടുകളുടെ വളര്‍ച്ച മെട്രോ നഗരങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. ടയര്‍-2, ടയര്‍-3 നഗരങ്ങളിലെയും നിക്ഷേപകര്‍ വേഗത്തില്‍ ഈ മേഖലയിലേക്ക് കടക്കുകയാണ്. മ്യൂച്വല്‍ ഫണ്ട് വ്യവസായത്തില്‍ ഇവയെ B30 നഗരങ്ങള്‍ എന്നാണ് വിളിക്കുന്നത്. പുതിയ SIP അക്കൗണ്ടുകളുടെ വലിയൊരു പങ്കും ഇപ്പോള്‍ ഈ നഗരങ്ങളില്‍ നിന്നാണ് വരുന്നത്.
ഇതെല്ലാം ഉണ്ടായിട്ടും ബാങ്ക് നിക്ഷേപങ്ങള്‍ ഇപ്പോഴും ഇന്ത്യന്‍ കുടുംബങ്ങളുടെ പ്രധാന സാമ്പത്തിക സുരക്ഷയാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ വളരുന്നുണ്ടെങ്കിലും മൊത്തം സാമ്പത്തിക സമ്പാദ്യത്തില്‍ ബാങ്ക് നിക്ഷേപങ്ങളാണ് ഇപ്പോഴും വലിയ പങ്ക് വഹിക്കുന്നത്. പണം 'പാര്‍ക്ക്' ചെയ്യാന്‍ അവിടേക്ക് പ്രായമായവര്‍ കൂടുതലായി വരുകയുമാണ്.
സുരക്ഷയും സ്ഥിരതയും ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ബാങ്ക് നിക്ഷേപം ഇപ്പോഴും പ്രധാന മാര്‍ഗമാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ കൂടുതല്‍ വരുമാന സാധ്യത നല്‍കുന്നുണ്ടെങ്കിലും അവയ്ക്ക് വിപണി അപകടസാധ്യത ഉണ്ടെന്ന കാര്യം നിക്ഷേപകര്‍ മറക്കരുത്. ഓഹരി വിപണിയിലെ ഇടിവുകള്‍, ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ തുടങ്ങിയവയുടെ സ്വാധീനം മ്യൂച്വല്‍ ഫണ്ടുകളിലും പ്രതിഫലിക്കും. അതിനാല്‍ ദീര്‍ഘകാല ലക്ഷ്യങ്ങളോടെയും നിക്ഷേപ വൈവിധ്യം പാലിച്ചും നിക്ഷേപിക്കണമെന്ന് സാമ്പത്തിക വിദഗ്ധര്‍ ഉപദേശിക്കുന്നു.
ബാങ്കില്‍ പണം സൂക്ഷിക്കുന്ന ''സേവേഴ്‌സ്'' തലമുറയില്‍ നിന്ന് വിപണിയില്‍ നിക്ഷേപിക്കുന്ന ''ഇന്‍വെസ്റ്റേഴ്‌സ്'' തലമുറയിലേക്കുള്ള മാറ്റം ഇപ്പോള്‍ വ്യക്തമായി കാണാം. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും സാമ്പത്തിക ബോധവത്കരണവും യുവതലമുറയുടെ ധനകാര്യ സമീപനം മാറ്റിയിരിക്കുകയാണ്. ഈ പ്രവണത തുടരുകയാണെങ്കില്‍ അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ ഇന്ത്യയിലെ നിക്ഷേപ ഭൂപടം തന്നെ വലിയ രീതിയില്‍ മാറാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine