താഴെ തട്ടിലെ ഉദ്യോഗസ്ഥരില്‍ മനപരിവര്‍ത്തനം നടത്തണം; അജിത് മൂപ്പന്‍ വ്യക്തമാക്കുന്നു

പിണറായി വിജയന്‍ നയിക്കുന്ന മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ കേരളത്തിലെ ബിസിനസ് നായകര്‍ പറയുന്ന ഈ സര്‍ക്കാരിന്റെ ആ മൂന്ന് നല്ല കാര്യങ്ങളും ഇനി ചെയ്യേണ്ട മൂന്ന് കാര്യങ്ങളും വായിക്കാം. ഇന്ന് ടൈ കേരള പ്രസിഡന്റ്, അജിത് മൂപ്പന്‍.

മുഖ്യമന്ത്രി ചെയ്ത 3 നല്ല കാര്യങ്ങള്‍

  1. വെള്ളപ്പൊക്കം, നിപ്പ, കോവിഡ് എന്നീ ദുരന്തമുഖങ്ങളിലും അതിനുശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ജനങ്ങള്‍ക്ക് വേണ്ട ദുരിതാശ്വാസങ്ങള്‍ എത്തിച്ചു. നടപടികള്‍ സ്വീകരിക്കുകയും അത് കൃത്യമായി ജനങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി തന്നെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. അങ്ങേയറ്റം എക്കൗണ്ടബ്‌ളായ പ്രവര്‍ത്തനശൈലിയാണ് സ്വീകരിച്ചത്.
  2. സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം മെച്ചപ്പെടുത്താന്‍ ഏറെ കാര്യങ്ങള്‍ ചെയ്തു. കളമശ്ശേരിയില്‍ ടെക്‌നോളജി ഹബ് കൊണ്ടുവന്നതും ഫണ്ട് ഓഫ് ഫണ്ട്‌സ് അവതരിപ്പിച്ചതും ഡോ. സജി ഗോപിനാഥിന്റെ നേതൃത്വത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കാഴ്ചവെച്ച പ്രവര്‍ത്തനങ്ങളും പ്രത്യേകിച്ച് സീഡിംഗ് കേരള പോലുള്ള കാര്യങ്ങള്‍, കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് വികസനത്തിനും ആ രംഗത്തെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ഏറെ സഹായിച്ചു. കണ്ണൂരിലെ മൈസോണ്‍ ഒക്കെ സ്റ്റാര്‍ട്ടപ്പ് സംരംഭകരെ പ്രോത്സാഹിപ്പിക്കാനുതകുന്ന പദ്ധതികളായി.
  3. താരതമ്യേന സുതാര്യമായ ഭരണമാണ് കാഴ്ചവെച്ചത്.

ഉടനടി ചെയ്യേണ്ട 3 കാര്യങ്ങള്‍

  1. കേരളത്തിലെ ഭൂവിനിയോഗ ചട്ടത്തില്‍ ഉടനടി മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. ഇവിടുത്തെ കാലാവസ്ഥയില്‍ വളരുന്ന വിളകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ പാകത്തില്‍, കര്‍ഷകര്‍ക്ക് നേട്ടം ഉറപ്പാക്കാവുന്ന വിധത്തില്‍, സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുണപരമായി സ്വാധീനിക്കുന്ന വിധത്തില്‍ കാര്‍ഷിക ഭൂമി പരിഷ്‌കരണം നടപ്പാക്കണം.
  2. റോഡ്, മേല്‍പ്പാല നിര്‍മാണങ്ങള്‍ നടന്നുവെങ്കിലും അത് സമയബന്ധിതമായി അതിവേഗത്തിലല്ല മുന്നേറിയത്. അടിസ്ഥാന സൗകര്യ പദ്ധതികള്‍ അതിവേഗം, സമയബന്ധിതമായി നടപ്പാക്കാനുള്ള സംവിധാനം വേണം. കെ റെയ്ല്‍ പദ്ധതി നടപ്പാക്കണം. പിപിപി മോഡലില്‍ വിമാനത്താവളം സൃഷ്ടിച്ചവരാണ് നമ്മള്‍. അതുപോലെ നവീന മാതൃകയില്‍ കെ റെയ്‌ലും സാക്ഷാത്കരിക്കണം. അത് സമസ്ത രംഗത്തും കേരളത്തിന്റെ മുഖച്ഛായ മാറ്റും.
  3. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് രംഗത്ത് നിരവധി കാര്യങ്ങള്‍ ചെയ്തുവെങ്കിലും അതെല്ലാം വേണ്ടവിധത്തില്‍ ഫലപ്രദമായി താഴെ തട്ടില്‍ നടപ്പായിട്ടില്ല. അതിന് കാരണമായി എനിക്ക് തോന്നിയിട്ടുള്ളത് നമ്മുടെ ഉദ്യോഗസ്ഥ തലത്തിലെ താഴെ തട്ടില്‍ വരെ മനപരിവര്‍ത്തനം സാധ്യമായിട്ടില്ലെന്നാണ്. സംരംഭകരോട് അനുകൂലമനോഭാവം പുലര്‍ത്തുന്ന സമീപനം കാബിനറ്റ് തലത്തിലും ഉന്നത ഐ എ എസ് ഓഫീസര്‍മാരുടെ തലത്തിലും മാത്രം ഒതുങ്ങിയാല്‍ പോര.

    തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരിലും വരണം മാറ്റം. അതിന് എനിക്ക് ഒരു നിര്‍ദേശമുണ്ട്. ഇവിടെ ഒരു മാനവവിഭവശേഷി മന്ത്രാലയം വേണം. ഈ മന്ത്രാലയത്തിന്റെ കീഴില്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ ഇടവേളകളില്‍ പരിശീലനം നല്‍കണം. അവരുടെ മികച്ച പ്രകടനങ്ങള്‍ അംഗീകരിക്കപ്പെടണം. പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകണം ജോലിയിലെ കയറ്റങ്ങള്‍. അതോടെ ഉദ്യോഗസ്ഥരുടെ മനോഭാവം മാറും. സര്‍ക്കാര്‍ കൊണ്ടുവരുന്ന നല്ല കാര്യങ്ങള്‍ സംരംഭകര്‍ക്ക് അനുഭവവേദ്യമാകും. ഇവിടെ നിക്ഷേപം നടത്താന്‍ വരുന്ന സംരംഭകനെ ഒരു കസ്റ്റമറായി കണ്ട് അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ അതിവേഗം ചെയ്തുകൊടുക്കാന്‍ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ വരെ തയ്യാറാകുന്ന സംവിധാനം ഇവിടെ സൃഷ്ടിക്കപ്പെടണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it