രഹസ്യ സ്വര്‍ണം വാങ്ങിക്കൂട്ടി ചൈന; വില 35-50% കൂടുമെന്ന് വിദഗ്ധന്‍

ലോകത്ത് സ്വര്‍ണ ഉപഭോഗത്തില്‍ ഒന്നാംസ്ഥാനക്കാരാണ് ചൈന. ഇന്ത്യയാണ് തൊട്ടുപിന്നില്‍. കരുതല്‍ സ്വര്‍ണ ശേഖരത്തിലേക്കും കഴിഞ്ഞ 12 മാസമായി തുടര്‍ച്ചയായി സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ് ചൈന. ഒക്ടോബറില്‍ മാത്രം ചൈനീസ് കേന്ദ്രബാങ്ക് 23 ടണ്‍ സ്വര്‍ണം വാങ്ങി. ഇതോടെ ചൈനയുടെ മൊത്തം സ്വര്‍ണശേഖരം 2,215 ടണ്ണായെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ചൈന അനൗദ്യോഗികമായും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്മോഡിറ്റി വിദഗ്ദ്ധനായ ഡോമിനിക് ഫ്രിസ്ബി. കഴിഞ്ഞദിവസം കമ്മോഡിറ്റി വാര്‍ത്താ മാധ്യമമായ കിറ്റ്‌കോ ന്യൂസിനോടാണ് ഫ്രിസ്ബി ഇക്കാര്യം പറഞ്ഞത്. ചൈനയുടെ കരുതല്‍ ശേഖരത്തില്‍ വെളിപ്പെടുത്തിയതിനേക്കാള്‍ 10 ഇരട്ടിയിലേറെ സ്വര്‍ണം ഔനൗദ്യോഗികമായി ഉണ്ടാകുമെന്ന് ഫ്രിസ്ബി പറയുന്നു.
വില കുത്തനെ കൂടിയേക്കും
ചൈന ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉത്പാദക രാജ്യം കൂടിയാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ 7,000 ടണ്ണാണ് ചൈനയുടെ സ്വര്‍ണ ഉത്പാദനം. രാജ്യത്തെ 50 ശതമാനം സ്വര്‍ണ ഖനികളും സര്‍ക്കാര്‍ ഉടമസ്ഥതയിലാണ്. ചൈനയിലാകെ 33,000 ടണ്‍ സ്വര്‍ണശേഖരമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയില്‍ റിസര്‍വ് ബാങ്കിന്റെ പക്കലും ജനങ്ങളുടെ കൈവശവുമായി ആകെ 25,000 ടണ്‍ സ്വര്‍ണശേഖരമുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ചൈനീസ് കേന്ദ്രബാങ്ക് അനൗദ്യോഗികമായി സ്വര്‍ണം വാരിക്കൂട്ടുന്നത് ആഗോളതലത്തില്‍ വില കുത്തനെ കൂടാന്‍ വഴിയൊരുക്കിയേക്കാമെന്നാണ് വിലയിരുത്തലുകള്‍.
നിലവില്‍ തന്നെ രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 2,000 ഡോളറിനടുത്താണ്. ചൈനയുടെ വാങ്ങലുകള്‍ മൂലം വില അടുത്തവര്‍ഷത്തോടെ 2,700-3,000 ഡോളറിലെത്തിയേക്കാം. നിലവില്‍ കേരളത്തില്‍ പവന്‍വില 45,000 രൂപയ്ക്കടുത്താണ്. രാജ്യാന്തര വില 2,700-3,000 ഡോളറിലെത്തിയാല്‍ കേരളത്തില്‍ പവന്‍വില 35-50 ശതമാനം ഉയർന്ന് 60,000 രൂപ കടന്നാലും അത്ഭുതപ്പെടാനില്ലെന്ന് നിരീക്ഷകർ പറയുന്നു.
യുദ്ധം പോലുള്ള ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍, ഓഹരി-കടപ്പത്ര വിപണികളുടെ തളര്‍ച്ച എന്നിവയും സ്വര്‍ണവില കുതിപ്പിന് ആക്കംകൂട്ടിയേക്കാമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലും അഭിപ്രായപ്പെടുന്നു.

(Investing in gold is subject to market risk. Please do your own research or consult a financial advisor before investing)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it