Begin typing your search above and press return to search.
ക്രൂഡോയില്‍ ഔട്ട്! ഈ രാജ്യത്തിന്റെ പ്രധാന കയറ്റുമതി ഇപ്പോള്‍ കൊക്കെയ്ന്‍
ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയുടെ മുഖ്യ കയറ്റുമതി വരുമാന സ്രോതസ്സായിരുന്നു ക്രൂഡോയില്‍. എന്നാല്‍, അധികം വൈകാതെ ക്രൂഡോയിലിനെ പിന്നിലാക്കി കൊക്കെയ്ന്‍ ആ സ്ഥാനം പിടിച്ചെടുക്കും.
2022ല്‍ 1,910 കോടി ഡോളറാണ് (1.56 ലക്ഷം കോടി രൂപ) ക്രൂഡോയില്‍ കയറ്റുമതിയിലൂടെ കൊളംബിയ നേടിയത്. 1,820 കോടി ഡോളറിന്റെ (1.49 ലക്ഷം കോടി രൂപ) കൊക്കെയ്ന്‍ കയറ്റുമതിയും നടത്തി. ഈ വര്‍ഷം കൊക്കെയ്ന്‍ കയറ്റുമതി 2,000 കോടി ഡോളര്‍ (1.66 ലക്ഷം കോടി രൂപ) ഭേദിച്ച് ക്രൂഡോയിലിനെ പിന്നിലാക്കുമെന്നാണ് വിലയിരുത്തല്‍. 2023ന്റെ ആദ്യ പകുതിയില്‍ കൊളംബിയയില്‍ നിന്ന് ക്രൂഡോയില്‍ കയറ്റുമതി 30 ശതമാനത്തോളം ഇടിഞ്ഞിട്ടുമുണ്ട്.
മയക്കുമരുന്നിന്റെ ഈറ്റില്ലം
2013 മുതലാണ് കൊക്കെയ്ന്‍ കയറ്റുമതിയില്‍ കൊളംബിയന്‍ സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കിത്തുടങ്ങിയത്. ആ വര്‍ഷം 220 കോടി ഡോളര്‍ (18,000 കോടി രൂപ) മാത്രമാണ് കയറ്റുമതിയിലൂടെ ലഭിച്ചത്. മയക്കുമരുന്ന് ഉത്പാദനം, ഉപയോഗം, വിതരണം, കയറ്റുമതി രംഗത്തെല്ലാം ലോകത്തെ ഏറ്റവും മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് കൊളംബിയ.
2022ല്‍ 1,738 ടണ്‍ മയക്കുമരുന്നാണ് രാജ്യത്ത് ഉത്പാദിപ്പിച്ചത്. ഇതിന്റെ വിപണിവില ഏകദേശം 16 ലക്ഷം കോടി രൂപ വരും. കൊക്ക (Coca) കൃഷി നിരുത്സാഹപ്പെടുത്തേണ്ടതിന് പകരം പ്രോത്സാഹിപ്പിക്കാനും കയറ്റുമതിയിലൂടെ വരുമാനം നേടാനുമാണ് കൊളംബിയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഏകദേശം 2.30 ലക്ഷം ഹെക്ടറില്‍ രാജ്യത്ത് കൊക്ക കൃഷിയുണ്ട്. സര്‍ക്കാരിന്റെ ഈ നിലപാട് ആഘോഷമാക്കുകയാണ് കര്‍ഷകരും. കൊളംബിയയുടെ മൊത്തം ജി.ഡി.പിയില്‍ കൊക്കെയ്ന്‍ വിപണിയുടെ പങ്ക് 5.3 ശതമാനമാണെന്ന് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മയക്കുമരുന്ന് വാങ്ങല്‍, വില്‍ക്കല്‍, കൈവശം വയ്ക്കല്‍, ഉപയോഗം തുടങ്ങിയ പ്രവൃത്തികള്‍ നിയമവിരുദ്ധവും ആരോഗ്യത്തിന് ഹാനികരവുമാണ്)
Next Story
Videos