ഹരിയാനയിലെ വിവാദ തൊഴിൽ നിയമം സാങ്കേതികതേര ജോലികൾക്ക് മാത്രം- മുഖ്യമന്ത്രി

സ്വകാര്യ മേഖലയിൽ 75 ശതമാനം ജോലികളും തദ്ദേശവാസികൾക്കായി സംവരണം ചെയ്യുന്ന പുതിയ തൊഴിൽ നിയമത്തെ വ്യാവസായിക മേഖല ഭയപ്പെടേണ്ടതില്ല എന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. സ്വകാര്യ മേഖലയിലെ 75 ശതമാനം ജോലികളും പ്രദേശവാസികൾക്ക് നീക്കിവെക്കണമെന്ന സർക്കാർ തീരുമാനം സാങ്കേതിക ജോലികൾക്കു ബാധകമല്ലെന്ന് ഖട്ടർ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ 75 ശതമാനം സംവരണം നൽകാനുള്ള നിയമം മാസവരുമാനം 50,000 രൂപയിൽ താഴെ വരുന്ന തൊഴിലുകൾക്ക് മാത്രമാണെനും, സാങ്കേതിക ജോലികളിൽ ഈ സംവരണം നടപ്പാക്കില്ലെന്നും ഓൺലൈൻ മാധ്യമമായ മണികണ്ട്രോൾ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഖട്ടർ പറഞ്ഞു.

പുതിയ സംവരണ നിയമം രാജ്യവ്യപകമായ പ്രതിഷേധങ്ങൾക്കു ഇടയാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. പുതിയ സംവരണ നിയമം സാങ്കേതികേതര ജോലികൾക്ക് മാത്രമേ ബാധക മെന്ന വിശദീകരണം സ്വകാര്യകമ്പനികൾക്ക് ആശ്വാസം പകരുന്നതാണെന്നു കരുതപ്പെടുന്നു. പുതിയ സംവരണനിയമവുമായി ബന്ധപ്പെട്ട് ലേബർ ഇൻസ്പെക്ടർമാർ വ്യവസായ സ്ഥാപനങ്ങളെ പരിശോധന നടത്തി ബുദ്ധിമുട്ടിക്കില്ലെന്നും, മുഖ്യമന്ത്രി വ്യക്തമാക്കി. നിയമം നടപ്പിലാക്കുന്ന കാര്യം അന്വേഷിക്കാൻ സംസ്ഥാന ലേബർ കമ്മീഷണർക്ക് മാത്രമാവും അധികാരം, ഖട്ടർ പറഞ്ഞു. പുതിയ നിയമം വ്യവസായികൾ അംഗീകരിച്ചു നടപ്പാക്കിയാൽ സർക്കാർ പൂർണ പിന്തുണ നൽകും. വലിയ വ്യവസായങ്ങൾക്കായി ഒന്നിലധികം ജില്ലകളിൽനിന്ന് തൊഴിലാളികളെ നിയമിക്കുന്നതിന് സർക്കാർ മുൻകൈ എടുക്കുമെന്നും ഖട്ടർ അഭിപ്രായപ്പെട്ടു.

ഹരിയാന സർക്കാരിൻറെ പുതിയ നിയമം സ്വകാര്യ കമ്പനികളിൽ അസ്വസ്ഥതയുണ്ടാക്കുന്നു സംസ്ഥാനത്ത് നിന്ന് കമ്പനികൾ വിട്ടുപോകുന്നതിന് നിയമം ഇടവരത്തുമെന്നു കരുതപ്പെടുന്നു. സംവരണ തീരുമാനം റദ്ദാക്കണമെന്നാവശ്യപെട്ട് നിരവധി കമ്പനികളും, വ്യവസായ സ്ഥാപനങ്ങളും സർക്കാറിന് കത്തെഴുതിയിരുന്നു. വ്യവസായ പങ്കാളികളും പുതിയ നിയമത്തെ നിശിതമായി വിമർശിച്ചു. 'വൺഇന്ത്യ' എന്ന ആശയത്തെ ഈ നിയമം ഇല്ലാതാക്കുന്നുവെന്ന് ടീം ലീസ് സർവീസിൻ്റെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടുമായ രുപർണ ചക്രവർത്തി അഭിപ്രായപ്പെടുന്നു.

"ഹരിയാനയിലെ ജനങ്ങൾക്ക് ജോലിയിൽ മുൻഗണന നൽകുമെന്ന് ഞങ്ങൾ പറഞ്ഞു. 75 ശതമാനം സംവരണം ജനങ്ങൾ ആവശ്യപ്പെട്ടു. അതാണ് ഞങ്ങൾ ചെയ്തത്" ഖട്ടർ പറഞ്ഞു. സംസ്ഥാനത്ത് ബിജെപി സഖ്യ സർക്കാറിൻ്റെ പ്രകടനപത്രികയിൽ തുടക്കംമുതൽ പുതിയ തൊഴിൽ നിയമങ്ങൾ ഉൾപ്പെടുത്തിയിരുന്നെന്നും അതിനെതിരെ ആരും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും ഖട്ടർ അവകാശപ്പെടുന്നു. സ്വകാര്യമേഖലയിൽ തൊഴിൽ സംവരണം നൽകുന്ന ഏക സംസ്ഥാനം ഹരിയാനയല്ലെന്നും ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കർണാടക തുടങ്ങി ഏഴ് സംസ്ഥാനങ്ങൾ ഇത്തരം നിയമങ്ങൾ നടപ്പാക്കുന്നുണ്ടെന്നും ഖട്ടർ കൂട്ടിചേർത്തു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it