ഇത്തവണ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഡാറ്റ യുദ്ധം

ഭരണകക്ഷിയും, പ്രതിപക്ഷവും നടത്തുന്ന അവകാശവാദങ്ങളും, തര്‍ക്കങ്ങളും എല്ലാ തെരഞ്ഞെടുപ്പു വേളകളിലും സ്ഥിരം കാഴ്ചയാണ്. കേരളവും അതില്‍ ഭിന്നമല്ല. എന്നാല്‍ ഇത്തവണ ഒരു വ്യത്യാസമുണ്ട്. എല്ലാ അവകാശവാദങ്ങളും, തര്‍ക്കങ്ങളും അരങ്ങേറുന്നത് ബിഗ് ഡാറ്റയുടെ പിന്‍ബലത്തിലാണ്. റേഷന്‍ കിറ്റുകളുടെ എണ്ണം മുതല്‍ വാര്‍ദ്ധക്യ കാലം പെന്‍ഷന്‍ വിതരണത്തിന്റെ കണക്കുകളുടെ സ്‌പ്രെഡ് ഷീറ്റുകളുമായാണ് മുന്നണികള്‍ ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത്.

ഡാറ്റയുടെ ഉപയോഗത്തില്‍ ഭരണത്തിലുള്ള ഇടതു മുന്നണിക്കാണ് നേരിയ മുന്‍തൂക്കം. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുവാന്‍ പാകത്തിലുള്ള 'ക്യാപ്‌സൂളുകള്‍' ആക്കുന്ന കാര്യത്തില്‍ സൈബര്‍ സഖാക്കള്‍ ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കുന്നു. ശരിയുടെ അഞ്ചു വര്‍ഷങ്ങള്‍, ശരിയായ കണക്കുകള്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ 8 പേജുകളുള്ള ഒരു ബുക്ക്‌ലെറ്റ് ഉദാഹരണം.
ക്ഷേമ പെന്‍ഷനുകള്‍, ദുരിതാശ്വാസം, റേഷന്‍ വിതരണം, ഭവന നിര്‍മാണം, ആരോഗ്യ രംഗം, പൊതു വിദ്യാലയങ്ങള്‍, വൈദ്യുതി, കുടിവെള്ളം, മാലിന്യ സംസ്‌ക്കരണം തുടങ്ങിയ സര്‍ക്കരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഇടതു മുന്നണി സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളും കഴിഞ്ഞ ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും തമ്മില്‍ താരതമ്യം ചെയ്യുന്ന വ്യത്യസ്തങ്ങളായ ക്യാപസൂളുകളാണ് ഈ ബുക്ക്‌ലെറ്റിന്റെ സവിശേഷത.
ഒറ്റ നോട്ടത്തില്‍ സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് സാധാരണ പുറത്തിറക്കുന്ന സാഹിത്യം പോലെ തോന്നിക്കുമെങ്കിലും ഇതിലെ ഒരോ ക്യാപ്‌സൂളും പ്രത്യേകം പ്രത്യേകം ഉപയോഗിക്കാവുന്ന വിധത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. സിപിഎം-ന്റെയും ഇടതു മുന്നണിയുടെയും സൈബര്‍-സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന വിധത്തിലാണ് അവയുടെ വിന്യാസം.
'ഡാറ്റ വോട്ടായി മാറുമെങ്കില്‍ ഇപ്പോഴത്തെ നിലയില്‍ മുന്‍തൂക്കം ഇടതു മുന്നണിക്കാണെന്നു പറയേണ്ടി വരും', കേരളത്തിലെ പരസ്യ വിപണയില്‍ ദശകങ്ങളുടെ അനുഭവ സമ്പത്തുള്ള യു.എസ്. കുട്ടി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന് ഇപ്പോള്‍ തലവേദനയായി മാറിയ പബ്ലിക് സര്‍വീസസ് കമിഷന്‍ വഴിയുള്ള നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിന് മറുപടിയെന്നോണം തയ്യാറാക്കി നല്‍കിയ കണക്കുകള്‍ ഉദാഹരണം.
വിവധ സര്‍ക്കാര്‍ വകുപ്പുകളിലെ ക്ലറിക്കല്‍ ജോലി, ലോവര്‍, അപ്പര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍, നഴ്‌സുമാര്‍ തുടങ്ങിയ നിയമനങ്ങളുടെ താരതമ്യ കണക്കുകളാണ് ക്യാപ്‌സൂളില്‍ നല്‍കിയിട്ടുള്ളത്. ചായക്കടകളിലും, നാട്ടുമ്പുറത്തെ നാല്‍ക്കവലകളിലും കൂട്ടംകൂടി നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ യഥേഷ്ടം ഉപയോഗിക്കാവുന്ന തരത്തിലാണ് ഈ കണക്കുകളുടെ വിന്യാസം. അതോടൊപ്പം ഫെയ്‌സ്ബുക്ക്, വാട്‌സആപ്പ്, ഇന്‍സ്റ്റാഗ്രാം പോലുള്ള സോഷ്യല്‍ മീഡിയകളിലും ഇവ അനായാസം ഉപയോഗിക്കാനാവും, ഇടതു മുന്നണിയുടെ പ്രചാരണ തന്ത്രങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി വെളിപ്പെടുത്തി.
സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ പ്രചാരണത്തിന്റെ മുനയൊടിക്കുന്നതിനു വേണ്ടി ഐക്യ ജനാധിപത്യ മുന്നണി പ്രധാനമായും ഉന്നം വയ്ക്കുന്നത് സര്‍ക്കാരിന് എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ ഡാറ്റയാണ്. ഓഖി ഫണ്ടിന്റെ ദുരുപയോഗം, ബ്രൂവറി ലൈസന്‍സ്, ബന്ധു നിയമനം, ആഴക്കടല്‍ മത്സ്യ ബന്ധനത്തിനായി അമേരിക്കന്‍ കമ്പനിയുമായി ധാരണപത്രം, സ്പ്രിങ്ക്‌ളര്‍ കരാര്‍, സ്വര്‍ണ്ണ കള്ളക്കടത്ത് തുടങ്ങി, മന്ത്രിമാര്‍ക്കെതിരയ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ആരോപണള്‍, പബ്ലിക് സര്‍വീസസ് കമിഷന്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തുടങ്ങിയവയെ മറികടന്നു കൊണ്ടുളള പിന്‍വാതില്‍ നിയമനങ്ങള്‍ എന്നിവയുടെ ക്യാപസൂളുകളാണ് ഐക്യമുന്നണിയുടെ പ്രചാരണ തന്ത്രം. ഇടതു മുന്നണിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡാറ്റയുടെ ഉപയോഗത്തില്‍ കോണ്‍ഗ്രസ്സ് പിന്നിലാണെന്ന വിലയിരുത്തല്‍ ഈ മേഖലയിലെ വിദഗ്ധര്‍ പങ്കു വെയ്ക്കുന്നു.
സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ അക്കമിട്ടു നിരത്തുന്നതിനെ ഡാറ്റയുടെ ഉപയോഗപ്പെടുത്തലിന്റെ ഗണത്തില്‍ പെടുത്താന്‍ ആവില്ലെന്നാണ് അവരുടെ വിലയിരുത്തല്‍. ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാരിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളും ഇപ്പോഴത്തെ സര്‍ക്കാരിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളും തമ്മില്‍ താരതമ്യം ചെയ്യാവുന്ന കണക്കുകള്‍ ലഭ്യമാവുകയാണെങ്കില്‍ കൂടുതല്‍ വിശ്വസനീയത ഉണ്ടാവുമെന്നാണ് അവരുടെ പക്ഷം.
അഭ്യസ്ത വിദ്യരുടെ തൊഴില്‍ ഇല്ലായ്മ രൂക്ഷമായ കേരളത്തില്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി നടത്തിയ പിന്‍വാതില്‍ നിയമനങ്ങളുടെ ശരിയായ ഡാറ്റ വേണ്ട വിധം ഉപയോഗിക്കാനായാല്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് മാധ്യമ പ്രവര്‍ത്തകനായ റോയ് മാത്യു പറയുന്നു.
യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ നശിപ്പിച്ച കേരളം, മോഡി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ കണക്കുകള്‍ എന്നിവയാണ് ബിജെപി-യുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുടെ തുരുപ്പു ചീട്ടുകള്‍. തങ്ങളുടെ പതിവ് ശൈലിയല്‍ വലിയ അവകാശ വാദങ്ങള്‍ നടത്തുന്നതില്‍ ബിജെപി മുന്നണി ഒട്ടും പിന്നില്‍ അല്ലെങ്കിലും ഡാറ്റയുദ്ധത്തില്‍ പ്രധാന അങ്കം എല്‍ഡിഎഫും, യുഡിഎഫു മാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇന്‍ഫര്‍മേഷന്‍ ക്യാപ്‌സൂളുകള്‍ സോഷ്യന്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി പരമാവധി ഉപയോഗപ്പെടുത്തുന്ന രീതി കേരളത്തിലെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ മുഖമുദ്രയായി ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പോടെ മാറുമെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ കരുതുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it