'കോവിഡ് പ്രതിസന്ധി നേരിടാന്‍ ഇ. ശ്രീധരനെ കൊണ്ടുവരണം'

രാജ്യം കോവിഡ് മഹാമാരിയെ തുടര്‍ന്ന് അസാധാരണ സാഹചര്യങ്ങളെ നേരിടുമ്പോള്‍ ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങളുടെ സാരഥ്യത്തിലേക്ക് മെട്രോമാന്‍ ഇ. ശ്രീധരനെ നിയോഗിക്കണമെന്നാവശ്യം പലതലങ്ങളില്‍ നിന്നും ഉയരുന്നു.

ഏറ്റെടുക്കുന്ന പ്രവര്‍ത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഏതറ്റം വരെയും സഞ്ചരിക്കുന്ന കര്‍മയോഗിയാണ് ഇ. ശ്രീധരന്‍. അത്തരം പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുള്ള സംവിധാനത്തെ രാഷ്ട്രീയ ഇടപെടലില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള പ്രത്യേക വൈഭവമാണ് ഇ.ശ്രീധരനെ വ്യത്യസ്തനാക്കുന്ന ഒരു ഘടകം. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകില്ലെന്ന ഉറപ്പോട് കൂടി മാത്രമേ അദ്ദേഹം ദൗത്യങ്ങള്‍ ഏറ്റെടുക്കാറുള്ളൂ.

ഇത്തരത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഇല്ലാതെ, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്, കൃത്യമായ ദിശാബോധത്തോടെയുള്ള പ്രവര്‍ത്തനമാണ് രാജ്യത്തിന് കോവിഡ് പ്രതിസന്ധി നേരിടാന്‍ ഇപ്പോള്‍ അനിവാര്യം. മാത്രമല്ല, ഇത്തരം പ്രവര്‍ത്തനങ്ങളുടെ നേതൃത്വത്തില്‍ പൊതുസമ്മതനായ, അഴിമതിയുടെ കറപുരളാത്ത ടെക്‌നോക്രാറ്റിന്റെ സാന്നിധ്യവും ആവശ്യമാണ്. ഇതെല്ലാകൊണ്ടാണ് ഇ. ശ്രീധരനെ കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ സാരഥ്യത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ഉയരുന്നത്. കരുത്തുറ്റ രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ വിലസുന്ന ഡെല്‍ഹിയില്‍, കേന്ദ്ര സര്‍ക്കാരിന്റെ മൂക്കിന് കീഴില്‍, അതിശക്തയായ ഷീല ദീക്ഷിത് പോലുള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോള്‍ ബാഹ്യ ഇടപെടലുകളെ അവഗണിച്ച് ഡെല്‍ഹി മെട്രോ പോലുള്ള ഒരു പദ്ധതി വിജയകരമായി നടപ്പാക്കിയ ടെക്‌നോക്രാറ്റാണ് ഇ. ശ്രീധരന്‍.

ഈ കോവിഡ് പ്രതിസന്ധിക്കാലത്ത് സമ്പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ച് കോവിഡ് ക്രൈസിസ് മാനേജ്‌മെന്റിന്റെ ചുമതല ശ്രീധരന് നല്‍കിയാല്‍ അത്തരത്തിലുള്ള വിജയകരമായ പ്രവര്‍ത്തനം ഇനിയും അദ്ദേഹം കാഴ്ചവെയ്ക്കുക തന്നെ ചെയ്യും.

വകുപ്പുകളുടെ ഏകോപനം, പദ്ധതി ആസൂത്രണം, നടത്തിപ്പ്, പ്രവര്‍ത്തന പുരോഗതിയുടെ ഫോളോഅപ് എന്നിവയ്‌ക്കെല്ലാം തന്നെ ഇ. ശ്രീധരന് തന്റേതായ ഒരു ശൈലിയുണ്ട്. പ്രവര്‍ത്തിച്ച് ഫലം കണ്ടിട്ടുള്ള ഇത്തരം ശൈലികള്‍ സ്വായത്തമാക്കിയിട്ടുള്ള ടെക്‌നോക്രാറ്റുകള്‍ തന്നെ രാജ്യത്ത് വിരളമാണ്. ഇ. ശ്രീധരനെ പോലുള്ള അനുഭവസമ്പത്തും നിശ്ചദാര്‍ഢ്യവും നേതൃശേഷിയുമുള്ള ടെക്‌നോക്രാറ്റിനെ കോവിഡ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ സമിതിയുടെ സാരഥ്യത്തിലേക്ക് അതിവേഗം കൊണ്ടുവരുകയാണ് വേണ്ടതെന്ന് കേരളത്തിലെ ഒരു പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിന്റെ മുന്‍ സാരഥി അഭിപ്രായപ്പെട്ടു.

ബി ജെ പിയുടെ സജീവ പ്രവര്‍ത്തകനായ കൊച്ചിയിലെ ഒരു പ്രമുഖ ബിസിനസുകാരന്‍, കോവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ശ്രീധരന് ഉന്നതതല സമിതിയുടെ നേതൃത്വം നല്‍കണമെന്ന ആവശ്യം ഉന്നയിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍ ഇക്കാര്യം പതിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്കും ഇ. ശ്രീധരന്‍ പൊതുസമ്മതനായതിനാല്‍, കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍, രാജ്യത്തിന് അതില്‍ നിന്ന് പുറത്തുകടക്കാനുള്ള കര്‍മ്മസമിതിയുടെ നേതൃത്വം അദ്ദേഹത്തെ ഏല്‍പ്പിക്കുന്നതുകൊണ്ട് രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാകില്ലെന്ന് മറ്റൊരു പ്രമുഖ ബിസിനസുകാരന്‍ അഭിപ്രായപ്പെടുന്നു. റിസള്‍ട്ട് ഓറിയന്റഡ് ആയി പ്രവര്‍ത്തിക്കുന്ന ശ്രീധരനെ പോലുള്ളവരുടെ സാന്നിധ്യമാണ് നേതൃനിരയില്‍ ഇപ്പോള്‍ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it