ഇന്ത്യ പണപ്പെരുപ്പം നന്നായി കൈകാര്യം ചെയ്യുന്നുണ്ട്: നിര്‍മ്മല സീതാരാമന്‍

റഷ്യ-ഉക്രെയ്ന്‍ യുദ്ധം, കോവിഡില്‍ നിന്ന് കരകയറുന്ന സമ്പദ് വ്യവസ്ഥ, സങ്കീര്‍ണ്ണമായ വിതരണ തടസ്സങ്ങള്‍, ഉയര്‍ന്ന പണപ്പെരുപ്പം തുടങ്ങി വിവധ പ്രശ്‌നങ്ങള്‍ ലോകം ഇന്ന് നേരിടുകയാണ്. ഇത്തരം സാമ്പത്തിക ആഘാതങ്ങളാല്‍ ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ ആശങ്കയിലാണ്. എന്നാല്‍ ഇന്ത്യ ഭക്ഷ്യവസ്തുക്കളുടെ വിലയിലെ വിതരണ സമ്മര്‍ദ്ദം പരിഹരിക്കാനുള്ള മികച്ച ചട്ടക്കൂട് ഇതിനകം തന്നെ സ്ഥാപിച്ചിട്ടുള്ളതിനാല്‍ പണപ്പെരുപ്പം നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അഭിപ്രായപ്പെട്ടു.

അതേസമയം ക്രൂഡ് ഓയില്‍ പോലുള്ള ചില ചരക്കുകളുടെ ഇറക്കുമതിയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടരുമെന്ന് സീതാരാമന്‍ പറഞ്ഞു. ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ റീടെയില്‍ പണപ്പെരുപ്പം ജനുവരി മുതല്‍ റിസര്‍വ് ബാങ്കിന്റെ സഹനപരിധിയായ 6 ശതമാനത്തിന് മുകളിലാണ്. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലോ അടുത്ത വര്‍ഷം മധ്യത്തിലോ ഇത് സഹനപരിധിക്കുള്ളില്‍ നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. 2023-24 ലേക്കുള്ള കേന്ദ്ര ബജറ്റ് അടുത്ത വര്‍ഷം ആദ്യം അവതരിപ്പിക്കും.

2022-2023 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ പണപ്പെരുപ്പ നിരക്ക് 6.5 ശതമാനമായും നാലാം പാദത്തില്‍ 5.8 ശതമാനമായും കുറയുമെന്ന് ആര്‍ബിഐ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ റീടെയില്‍ പണപ്പെരുപ്പം ഒക്ടോബറില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.77 ശതമാനത്തിലേക്ക് കുറഞ്ഞു. ഈ വര്‍ഷവും അടുത്ത വര്‍ഷവും മികച്ചതും അതിവേഗം വളരുന്നതുമായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താന്‍ പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

Related Articles

Next Story

Videos

Share it