'മെട്രോമാന്‍' ഇ. ശ്രീധരന്‍ ബിജെപിയില്‍ , നിയമസഭാ തെരഞ്ഞെടുപ്പില്‍ ആശയപ്പോര് പുതിയതലത്തിലാകുമോ?

ഇന്ത്യയുടെ മെട്രോമാന്‍ ഇ. ശ്രീധരന്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേരുന്ന കാര്യം അദ്ദേഹം തന്നെ പ്രഖ്യാപിച്ചതോടെ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പും പ്രചരണ വിഷയങ്ങളും പുതിയ തലങ്ങളിലേക്ക് എത്തിയേക്കും.

ബിജെപി കേരള അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്ര ഞായറാഴ്ച ആരംഭിക്കാനിരിക്കെയാണ് ഇ. ശ്രീധരന്‍ തന്റെ പാര്‍ട്ടി പ്രവേശം പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചുവെന്നും അംഗത്വമെടുക്കുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മാത്രമേ ഇനി ശേഷിക്കുന്നുള്ളൂവെന്നുമാണ് മാധ്യമങ്ങളോട് ഇ. ശ്രീധരന്‍ അറിയിച്ചിരിക്കുന്നത്.

2011ല്‍ ഡെല്‍ഹി മെട്രോറെയ്ല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നിന്ന് വിരമിച്ച ശേഷം കേരളത്തില്‍ സ്ഥിരതാമസമാക്കിയ ഇ. ശ്രീധരന്‍ സംസ്ഥാനത്തിന്റെ വികസന, പശ്ചാത്തല സൗകര്യ നിര്‍മാണ രംഗത്തെല്ലാം ആര്‍ജ്ജവമുള്ള ഇടപെടലും നിലപാടുകളുമായി എന്നും തലയുയര്‍ത്തി നിന്നിരുന്നു. മലപ്പുറം ജില്ലയിലെ തന്റെ ജന്മനാട്ടില്‍ വിദ്യാഭ്യാസം, കുടിവെള്ളം, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളിലെല്ലാം തന്റെ പ്രവര്‍ത്തന മികവും കഴിവും ഉപയോഗപ്പെടുത്തി മികച്ച മാതൃകകളും അദ്ദേഹം ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്.

കേരളം മാറിമാറി ഭരിച്ച ഭരണകക്ഷികള്‍ ജനങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതായി താന്‍ കണ്ടിട്ടില്ലെന്നും ജനസേവനത്തിന് തന്റേതായ പങ്കും അനുഭവപരിചയവും വിനിയോഗിക്കുന്നതിനാണ് ബി ജെ പിയില്‍ ചേരുന്നതെന്നുമാണ് ഇ. ശ്രീധരന്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്.

സംസ്ഥാനത്തിന്റെ വികസനത്തിന്റെ കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടാണ് ഇ. ശ്രീധരനുള്ളത്. 2020 ജനുവരില്‍ കേരള സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമം അസന്‍ഡ് 2020ന് അടുത്ത ദിവസം നടത്തിയ ഹര്‍ത്താല്‍ ചൂണ്ടിക്കാട്ടി, ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം ജി. വിജയരാഘവന്‍ എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചതില്‍ അഭിനന്ദനം അറിയിച്ച് ധനം ബിസിനസ് മാഗസിന്‍ എഡിറ്റര്‍ക്ക് എഴുതിയ കത്തില്‍, ഇ ശ്രീധരന്‍ തന്റെ വികസന കാഴ്ചപ്പാട് പങ്കുവെച്ചിരുന്നു. അവസരത്തിനൊത്ത് ഉയര്‍ന്ന് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും ശബ്ദമുയര്‍ത്തണമെന്നുമുള്ള ആഹ്വാനമായിരുന്നു കത്തിലുണ്ടായിരുന്നത്. കഴിഞ്ഞ 20 വര്‍ഷമായി കേരളത്തില്‍ ഒരു വലിയ വ്യവസായം പോലും വന്നിട്ടില്ലെന്നും അദ്ദേഹം ആ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വിഷയം മാറും, വ്യക്തിത്വങ്ങളും

ബി ജെ പിയില്‍ തെരഞ്ഞെടുപ്പിലെ മത്സരാര്‍ത്ഥികളുടെ ഉയര്‍ന്ന പ്രായം 75 വയസ്സാണ്. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് പോലും ഈ പ്രായപരിധി പാര്‍ട്ടി ബാധകമാക്കിയിരുന്നു. അതുകൊണ്ട് 88 കാരനായ ഇ. ശ്രീധരന്‍ തെരഞ്ഞെടുപ്പ് മത്സരരംഗത്തുണ്ടാകുമോയെന്ന് വ്യക്തമല്ല. പാര്‍ട്ടി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതി പദവിയിലേക്ക് വരെ ഇ. ശ്രീധരന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. നരേന്ദ്രമോദി സര്‍ക്കാരില്‍ ഇ.ശ്രീധരന്‍ മന്ത്രിയാകുമെന്നും അഭ്യൂഹങ്ങള്‍ ഒരുകാലത്തുണ്ടായിരുന്നു.

നിയമസഭയില്‍ ഒ. രാജഗോപാലിലൂടെ മാത്രം സാന്നിധ്യമുള്ള ബി ജെ പിക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. എ പ്ലസ്, എ എന്നിങ്ങനെ സീറ്റുകളെ തരംതിരിച്ച് കുറച്ചധികം സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ തിളക്കമില്ലാതെ പോയ പാര്‍ട്ടിയെ സംഭവിച്ചിടത്തോളം നിയമസഭാ തെരഞ്ഞെടുപ്പ് അതീവ പ്രാധാന്യമുള്ളതാണ്. അതിനിടെ പാര്‍ട്ടിയിലെ ഉള്‍പ്പോരും ശമനമില്ലാതെയുണ്ട്. ബി ജെ പിയിലേക്ക് ഇ. ശ്രീധരനെ ആകര്‍ഷിക്കാന്‍ കേരളഘടകം നേതൃത്വം നിരന്തര പരിശ്രമമാണ് നടത്തിയിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വികസനത്തെ കുറിച്ചും സംസ്ഥാനത്തിന്റെ വളര്‍ച്ചാ വഴികളെ പറ്റിയും സമാനതകളില്ലാത്ത ആശയം പൊതുസമൂഹത്തിന്റെ മുന്നില്‍ ചര്‍ച്ചാ വിഷയമാക്കാന്‍ ഇ. ശ്രീധരന്റെ പാര്‍ട്ടി പ്രവേശം വഴി ബി ജെ പിക്കും സാധിക്കും. മുന്‍പെന്നത്തേക്കാളും കേരളീയ ജനത ഉറ്റുനോക്കുന്നതും ഈ വിഷയങ്ങളാകും. അപ്പോള്‍ ഇക്കാര്യത്തില്‍ മൗലികമായ ഇടപെടല്‍ നടത്താന്‍ ഇ. ശ്രീധരന് സാധിക്കുമ്പോള്‍ അത് ബി ജെ പിക്ക് കരുത്ത് പകരും.

കൊച്ചി മെട്രോ സാക്ഷാത്കരിച്ച ഇ. ശ്രീധരന്‍, പ്രഖ്യാപിച്ച സമയത്തിന് മുമ്പേ പദ്ധതികള്‍ കേരളത്തിലും നടപ്പാക്കാമെന്ന് കാണിച്ചുകൊടുത്തിട്ടുണ്ട്. നിലവില്‍ പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണപ്രവര്‍ത്തനമാണ് ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. മെയ് മാസത്തില്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന നിര്‍മാണ പ്രവര്‍ത്തനം മാര്‍ച്ച് ആദ്യവാരം പൂര്‍ത്തിയാകുമെന്നാണ് സൂചന. മാര്‍ച്ച് അവസാനത്തോടെ, പാലാരിവട്ടം പാലം നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന താല്‍ക്കാലിക ഓഫീസിന്റെ പ്രവര്‍ത്തനവും അവസാനിച്ചേക്കും. 'കര്‍മ്മയോഗി' ആയ ഇ. ശ്രീധരന്‍ അതിനുശേഷം സജീവമായി രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുമ്പോള്‍ ഇരുമുന്നണികളുടെയും വികസന കാഴ്ചപ്പാടുകളിലെ അപാകതയും കേരളത്തിന്റെ വളര്‍ച്ചാ രംഗത്തെ ദിശാബോധമില്ലായ്മയുമാകും അദ്ദേഹം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരിക.

വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹനീയ വ്യക്തിത്വങ്ങളെ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇടതുപക്ഷം എന്നും കൊണ്ടുവരാറുണ്ട്. ഭരണതുടര്‍ച്ച ഉറപ്പാക്കാന്‍ നഷ്ടമാകുമെന്ന് സംശയമുള്ള സീറ്റുകളില്‍ ഇതുപോലുള്ള വ്യക്തിത്വങ്ങളെ അവതരിപ്പിച്ചാല്‍ തെരഞ്ഞെടുപ്പ് രംഗത്തെ ആശയപ്പോര് കൂടുതല്‍ മൂര്‍ച്ചയുള്ളതാകും. കേന്ദ്ര സര്‍വീസില്‍ നിന്ന് വിരമിച്ച പല പ്രമുഖരും ഒരുപക്ഷേ തെരഞ്ഞെടുപ്പില്‍ വിവിധ കക്ഷികളുടെ കൊടിയ്ക്ക് കീഴില്‍ വന്നേക്കാം.

അതിനിടെ വികസനം, ജനക്ഷേമം എന്നിവ ഉയര്‍ത്തി ട്വന്റി20 പോലുള്ള ബദലുകളും ഉയരുന്നുണ്ട്. ട്വന്റി20യും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള അതത് രംഗങ്ങളില്‍ തിളക്കമാര്‍ന്ന നേട്ടമുണ്ടാക്കിയ, നാടിന്റെ വികസനത്തെ കുറിച്ച് വ്യക്തമായ കാഴ്ച്ചപാടുള്ള വ്യക്തിത്വങ്ങളെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള തയ്യാറെടുപ്പിലാണ്. പുതിയൊരു കേരളത്തെ കുറിച്ചുള്ള ആശയസംവാദത്തിന് ഇവയെല്ലാം കാരണമായാല്‍ സംസ്ഥാനത്തിന് അത് ഗുണം ചെയ്‌തേക്കും.


Related Articles
Next Story
Videos
Share it