നിര്‍മലാ സീതാരാമന്‍ ജെഎന്‍യുവില്‍ നിന്ന് ധനമന്ത്രാലയത്തിലേക്ക്
തമിഴ്‌നാട്ടിലെ മധുരയില്‍ 1959 ആഗസ്ത് 18ന് ജനിച്ച നിര്‍മലാ സീതാരാമന്‍ വീണ്ടും ഇന്ത്യന്‍ ഭരണരംഗത്ത് പുതിയ ചരിത്രമെഴുതുകയാണ്. ഇന്ദിരാ ഗാന്ധി അധിക ചുമതലയായി ധനവകുപ്പ് കൈകാര്യം ചെയ്തതൊഴിച്ചാല്‍ ഇന്ത്യയില്‍ പൂര്‍ണ സമയ വനിതാ ധനമന്ത്രിമാര്‍ ഉണ്ടായിട്ടില്ല. നരേന്ദ്ര മോദി മന്ത്രി സഭയില്‍ പൂര്‍ണ സമയ പ്രതിരോധമന്ത്രിയെന്ന നിലയില്‍ രാജ്യാന്തര ശ്രദ്ധ നേടിയ നിര്‍മലാ സീതാരാമന്‍ ഇത്തവണയും അതാവര്‍ത്തിച്ചിരിക്കുകയാണ്.
ധനവകുപ്പില്‍ സഹമന്ത്രിയായി ഇതിനു മുമ്പ് ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വാണിജ്യ വകുപ്പില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായും കമ്പനികാര്യ സഹമന്ത്രിയായും ഒക്കെ സേവനമനുഷ്ഠിച്ചിട്ടുള്ള നിര്‍മലാ സീതാരാമന് ധനകാര്യം പരിചയമില്ലാത്ത മേഖലയല്ല.
2006ല്‍ നിതിന്‍ ഗഡ്കരി ബി ജെ പി അധ്യക്ഷനായിരിക്കുന്ന വേളയിലാണ് നിര്‍മലാ സീതാരാമന്‍ പാര്‍ട്ടിയില്‍ നിറസാന്നിധ്യമാകുന്നത്. ബി ജെ പിയുടെ ദേശീയ വക്താവ് എന്ന നിലയ്ക്ക് രാജ്യം മുഴുവന്‍ അറിയുന്ന മുഖമായി നിര്‍മല. ന്യൂ ഡെല്‍ഹിയിലെ ജവഹര്‍ലാന്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ എം ഫില്‍ നേടിയ നിര്‍മലാ സീതാരാമന്‍ ഡോ. പി പ്രഭാകരനെ വിവാഹം ചെയ്ത ശേഷം ലണ്ടനിലേക്ക് പോയി. അവിടെ പിഡബ്ല്യുസിയില്‍ കുറച്ചു കാലം സേവനമനുഷ്ഠിച്ചു. ബിബിസി വേള്‍ഡിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുച്ചിറപ്പിള്ളി സീതാലക്ഷ്മി രാമസ്വാമി കോളെജില്‍ നിന്ന് ബിരുദം നേടിയ നിര്‍മലാ സീതാരാമന്‍ കേരളത്തിലെ ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ കടലോരത്തെ സാധാരണ സ്ത്രീകളുടെ ദുഃഖത്തിനൊപ്പം നിന്ന് പൊളിച്ചെഴുതിയത് കേന്ദ്രമന്ത്രിമാരെ കുറിച്ചുള്ള പൊതുധാരണകള്‍ കൂടിയാണ്.
യാത്രകളും ട്രക്കിംഗും സംഗീതവും പാചകവുമെല്ലാം ആസ്വദിക്കുന്ന നിര്‍മലാ സീതാരാമന്‍ കാത്തിരിക്കുന്ന വെല്ലുവിളികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.