ടൈം മാസികയുടെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി കോവിഡ് പോരാളികള്‍

ടൈം മാസികയുടെ 2020ലെ 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍' ആയി തെരഞ്ഞെടുക്കപ്പെട്ടത് കോവിഡ് 19 മുന്നണിപ്പോരാളികളെ. കോവിഡ് പ്രതിസന്ധിയില്‍ ജീവന്‍ പോലും പണയം വെച്ച് മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സപ്ലൈയേഴ്‌സ്, അവശ്യ സാധനങ്ങള്‍ വില്‍ക്കുന്നവര്‍ എന്നിങ്ങനെയുള്ള വ്യക്തിത്വങ്ങളുടെ കൂട്ടായ്മയെയാണ് ടെം മാസികയുടെ ഈ വര്‍ഷത്തെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആയി വായനക്കാര്‍ തെരഞ്ഞെടുത്തത്. 2020 സ്വാധീനിച്ച വ്യക്തികളെയോ, സംഘങ്ങളെയോ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കാനാണ് ടൈം ആവശ്യപ്പെട്ടിരുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, മാര്‍പ്പാപ്പ തുടങ്ങി എണ്‍പതോളം മത്സരാര്‍ഥികളില്‍ നിന്നാണ് ഈ കോവിഡ് മുന്നണി പോരാളികളെ വായനക്കാര്‍ തങ്ങളുടെ ഹീറോസ് ആയി തെരഞ്ഞെടുത്തത്. എട്ട് മില്യണിലധികം വോട്ടുകള്‍ ആണ് ആകെ ജനങ്ങള്‍ വോട്ട് ചെയ്തത്. ഇതില്‍ 6.5ശതമാനം വോട്ടും കോവിഡ് 19 മുന്നണിപ്പോരാളികള്‍ക്കായിരുന്നുവെന്ന് ടൈം മാഗസിന്‍.

ഒപ്പം കോവിഡ് 19 മായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ക്കിടയില്‍ വിശ്വസ്തനായ വ്യക്തിയായി ഉയര്‍ന്നുവന്ന യുഎസ് നാഷണല്‍ ഇന്‍സ്‌ററിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ ഡയറക്ടറായ ആന്റണി ഫൗസിയെയും സ്വാധീനിച്ച വ്യക്തിത്വമായി ജനങ്ങള്‍ തെരഞ്ഞെടുത്തു.

കോവിഡ് ഏറ്റവും നാശം വിതച്ച അമേരിക്കയുടെ ആരോഗ്യ- പ്രതിരോധപ്രവര്‍ത്തനത്തിനിടയിലെ ആധികാരിക ശബ്ദമെന്നാണ് ഇദ്ദേഹത്തെ ടൈം അഭിസംബോധന ചെയ്തത്. മറ്റ് സ്വാധീനിച്ച വ്യക്തികളില്‍ 4.3 ശതമാനം വോട്ടുകലോടെ അഗ്‌നിശമനസേന പ്രവര്‍ത്തകരും മൂന്നാം സ്ഥാനത്തെത്തി. 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' ആക്ടിവിസ്റ്റുകള്‍ നാലുശതമാനം വോട്ടുകലോടെ നാലാംസ്ഥാനത്തും 3.8 ശതമാനം വോട്ടുകളുമായി അഞ്ചാം സ്ഥാനത്ത് അമേരിക്കന്‍ പ്രസിഡന്റായ ജോ ബൈഡനും എത്തി.

Related Articles
Next Story
Videos
Share it