കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം പരിഗണിക്കുമോ?

കേന്ദ്ര ബജറ്റില്‍ കേരളത്തിന് അവഗണന; വര്‍ഷങ്ങളായി കേള്‍ക്കുന്ന സ്ഥിരം രോദനമാണിത്. ഇത്തവണയും ഈ പരാതി ഉയര്‍ന്നാല്‍ കേരളം വീഴുക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാവും.

ബജറ്റിന് മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യങ്ങള്‍ ഉന്നയിക്കുകയും അത് എഴുതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒരാവശ്യം, ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുകയെന്നത് കേരളത്തിന്റെ മാത്രമല്ല ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളുടെ കൂടി ആവശ്യമാണ്.

ഇതിന് പുറമേ ബാലഗോപാല്‍ ഉന്നയിച്ചിരിക്കുന്ന മറ്റ് പ്രധാന ആവശ്യങ്ങളായ കടമെടുപ്പ് പരിധി കൂട്ടുക, ക്ഷേമപെന്‍ഷനുകള്‍ക്ക് കേന്ദ്ര വിഹിതം വര്‍ധിപ്പിക്കുക, കേന്ദ്രത്തില്‍ നിന്നുള്ള ഗ്രാന്റ് കൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ലെങ്കില്‍ കേരളത്തിന് അത് വലിയ തിരിച്ചടിയാകുമെന്ന് മാത്രമല്ല സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുകയും ചെയ്യും.

ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച കാര്യം ജിഎസ്ടി കൗണ്‍സിലിലാണ് തീരുമാനിക്കേണ്ടതെങ്കിലും കേന്ദ്ര ബജറ്റില്‍ അതേ കുറിച്ചുള്ള സൂചനയെങ്കിലും നല്‍കാന്‍ നിര്‍മലാ സീതാരാമന് സാധിക്കും.

സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഊര്‍ജ്ജം കിട്ടുമോ?

സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ വന്‍ നിക്ഷേപം നടത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനം നടപ്പാക്കാന്‍ ഒരുങ്ങുന്ന സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കണമെന്നാവശ്യവും കേരളം ഉന്നയിച്ചിട്ടുണ്ട്.

സെസ്, സര്‍ചാര്‍ജ് എന്നിവ ഒഴിവാക്കണമെന്നതാണ് കേരളത്തിന്റെ മറ്റൊരാവശ്യം. കേന്ദ്രം ഇവ പിരിക്കുന്നുണ്ടെങ്കിലും ഇതുവരെയുള്ള വരുമാനത്തിന്റെ വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നില്ല.

കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടും അല്ലാതെയും നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഇവിടെ സംരംഭം തുടങ്ങാനും ജീവിതോപാധി കണ്ടെത്താനും അനുയോജ്യമായ പാക്കേജ് അവതരിപ്പിക്കണമെന്നാവശ്യവും സംസ്ഥാനം ഉന്നയിച്ചിട്ടുണ്ട്.

Related Articles
Next Story
Videos
Share it