വീട്ടിലിരുന്ന് മടുത്തു, ഓഫീസിലേക്ക് മടങ്ങാന്‍ 50 ശതമാനം ഐറ്റി ജീവനക്കാരും

ജോബ് പോര്‍ട്ടലായ ഇന്‍ഡീഡും നാസ്‌കോമും സംയുക്തമായാണ് സര്‍വേ സംഘടിപ്പിച്ചത്
വീട്ടിലിരുന്ന് മടുത്തു, ഓഫീസിലേക്ക് മടങ്ങാന്‍  50 ശതമാനം ഐറ്റി ജീവനക്കാരും
Published on

ഐറ്റി മേഖലയിലെ 50 ശതമാനം ജീവനക്കാരും ഓഫീസില്‍ പോയി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നതായി നാസ്‌കോം സര്‍വേ റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം മുതല്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഓഫീസില്‍ പോയി ജോലി ചെയ്യണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 50 ശതമാനം പേരുടെയും ആഗ്രഹം.

രാജ്യത്തെ 150 ഐറ്റി സ്ഥാപനങ്ങളിലെ 6000ത്തോളം ജീവനക്കാരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ തയാറാക്കിയത്. ജോബ് പോര്‍ട്ടലായ ഇന്‍ഡീഡുമായി സഹകരിച്ചാണ് നാസ്‌കോം സര്‍വേ നടത്തിയത്. കൂടുതല്‍ പേര്‍ക്കും ജോലി ചെയ്യാന്‍ കഴിഞ്ഞുവെന്നതും ജീവനക്കാര്‍ക്ക് വഴങ്ങുന്ന ജോലി സമയം എന്നതും വര്‍ക്ക് ഫ്രം ഹോമിനെ ആകര്‍ഷകമാക്കിയെങ്കിലും സൈബര്‍ സെക്യൂരിറ്റി പ്രശ്‌നവും സ്ഥാപനമെന്ന നിലയിലുള്ള സംസ്‌കാരത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടുന്നു.

വാക്‌സിനേഷന്‍ ത്വരിതഗതിയിലായതും കോവിഡ് വ്യാപനം കുറഞ്ഞതുമെല്ലാം കാരണം സ്ഥാപനങ്ങള്‍ ജീവനക്കാരെ തിരികെ വിളിച്ചു തുടങ്ങിയിട്ടുണ്ട്. 70 ശതമാനം ഐറ്റി കമ്പനികളും വര്‍ക്ക് ഫ്രം ഹോം, ഓഫീസ് ജോലികള്‍ സമന്വയിപ്പിച്ച ഹൈബ്രിഡ് മോഡലുകള്‍ക്കാണ് ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നത്. 60 ശതമാനത്തോളം സ്ഥാപനങ്ങളും 2022 ജനുവരിയോടെ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായിട്ടുണ്ട്.

ഇന്ത്യന്‍ ഐറ്റി മേഖലയില്‍ ഏകദേശം 45 ലക്ഷം ആളുകളാണ് ജോലി ചെയ്യുന്നത്.

സീനിയര്‍ തലത്തിലും ജൂനിയര്‍ തലത്തിലുമുള്ള ജീവനക്കാരാണ് പ്രധാനമായും ഓഫീസിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നത്. 25നും 40 വയസ്സിനും ഇടയിലുള്ളവര്‍. അതേസമയം മിഡ്ല്‍ മാനേജ്‌മെന്റ് തലത്തിലുള്ളവര്‍ അത്ര താല്‍പ്പര്യം കാട്ടുന്നില്ല. സ്ത്രീ ജീവനക്കാരിലാണ് ഓഫീസിലേക്ക് മടങ്ങാന്‍ കൂടുതല്‍ താല്‍പ്പര്യമെന്നും സര്‍വേ വ്യക്തമാക്കുന്നു.

ഒരു മാസത്തിനകം തന്നെ ഓഫീസിലേക്ക് തിരികെ പോകാന്‍ 28 ശതമാനം പേര്‍ തയാറാകുമ്പോള്‍ 24 ശതമാനം പേര്‍ക്ക് ആറു മാസം കൊണ്ട് പോയാല്‍ മതി.

മികച്ച അടിസ്ഥാന സൗകര്യം, സ്ഥാപനത്തിന്റെ കള്‍ചര്‍, സോഷ്യല്‍ കണക്റ്റ്, സഹജീവനക്കാരുമായുള്ള ബന്ധം, വീട്ടില്‍ നിന്നുള്ളതിനേക്കാള്‍ മികച്ച രീതിയില്‍ ജോലിയില്‍ ശ്രദ്ധിക്കാനാവുന്നത് തുടങ്ങിയ കാരണങ്ങളാണ് ജീവനക്കാരെ ഓഫീസുകളിലേക്ക് ആകര്‍ഷിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com