ഒരു സൂം മീറ്റിംഗ്, പറഞ്ഞുവിട്ടത് 900 ജീവനക്കാരെ; ബെറ്റര്‍ ഡോട്ട് കോം സിഇഒ വിശാല്‍ ഗാര്‍ഗിന്റെ വൈറല്‍ വീഡിയോ

ഇന്ത്യന്‍ വംശജനും അമേരിക്കന്‍ കമ്പനി ബെറ്റര്‍ ഡോട്ട് കോമിൻ്റെ സിഇഒയും ആയ വിശാല്‍ ഗാര്‍ഗ് ആണ് ഇപ്പോള്‍ നെറ്റിസണ്‍സിനിടയിലെ ചര്‍ച്ചാവിഷയം. ഡിസംബര്‍ ഒന്നിന് നടത്തിയ സൂം മീറ്റിങ്ങിലൂടെ 900 ജീവനക്കാരെയാണ് ഒരു മുന്നറിയിപ്പും ഇല്ലാതെ വിശാല്‍ പിരിച്ചുവിട്ടത്. ബെറ്റര്‍ ഡോട്ട് കോമിൻ്റെ ആകെ ജീവനക്കാരുടെ 15 ശതമാനത്തോളം വരും ജോലി നഷ്ടപ്പെട്ടവര്‍. ജോലി പോയവരെല്ലാം കമ്പനിയുടെ ഇന്ത്യയിലെയും യുഎസിലേയും ജീവനക്കാരാണ്.

സൂം മീറ്റിങ്ങില്‍ പങ്കെടുത്ത ഒരു ജീവനക്കാരന്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയിലൂടെയാണ് ഈ അസാധാരണ സംഭവം പുറംലോകം അറിഞ്ഞത്. വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. "ഈ വാർത്ത നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ്. നിങ്ങള്‍ ഈ വീഡിയോ കോളിൻ്റെ ഭാഗമാണെങ്കില്‍ നിങ്ങള്‍ ജോലിയില്‍ നിന്ന് പറഞ്ഞുവിടപ്പെടുന്ന നിര്‍ഭാഗ്യവാന്മാരുടെ ഗ്രൂപ്പിലാണ്. നിങ്ങള്‍ ഈ നിമിഷം മുതല്‍ ടെര്‍മിനേറ്റ് ചെയ്യപ്പെടുന്നു". വിശാല്‍ ഗാര്‍ഗ് മിറ്റിങ്ങില്‍ പറഞ്ഞ വാക്കുകളാണിത്.
വിപണി സാഹചര്യം, കാര്യശേഷി, പ്രകടനം, ഉത്പാദനക്ഷമത എന്നിവയെ അടിസ്ഥാനമാക്കിയാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നും സിഇഒ വ്യക്തമാക്കി. ഇത്തരത്തിലൊരു തീരുമാനം എടുക്കുന്നത് രണ്ടാം തവണയാണെന്നും വീഡിയോയില്‍ വിശാല്‍ ഗാര്‍ഗ് പറയുന്നുണ്ട്. ആനുകൂല്യങ്ങള്‍ എല്ലാം നല്‍കിയാണ് പിരിച്ചുവിടല്‍. ഓണ്‍ലൈനിലൂടെ വീടുകള്‍ വാങ്ങാന്‍ ലോണ്‍ നല്‍കുന്ന സ്ഥാപനമാണ് ബെറ്റര്‍ ഡോട്ട് കോം. റിയല്‍ എസ്‌റ്റേറ്റ്, ഇന്‍ഷുറന്‍സ് സേവനങ്ങളും ഇവര്‍ നല്‍കുന്നുണ്ട്. 2014ല്‍ ആണ് വിശാല്‍ ഗാര്‍ഗ് ബെറ്റര്‍ ഡോട്ട് കോം ആരംഭിച്ചത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it