റെക്കോര്‍ഡ് നേടി വീണ്ടും ബൈജൂസ്; പുതുതായി ഏറ്റെടുക്കുന്നത് ടോപ്പറും ഗ്രേയ്റ്റ് ലേണിംഗും

യുണികോണ്‍ കമ്പനികളില്‍ ഏറ്റവും വലിയ തുകയുടെ, ഏറ്റവുമധികം ഏറ്റെടുക്കല്‍ നടത്തിയ കമ്പനി എന്ന റെക്കോര്‍ഡ് കൂടെ സ്വന്തമാക്കിയിരിക്കുകയാണ് ബൈജൂസ്. ഈ വര്‍ഷം നിരവധി ഏറ്റെടുക്കലുകള്‍ നടത്തിയ ബൈജൂസ് ഏറ്റവും പുതുതായി ടോപ്പര്‍, ഗ്രെയ്റ്റ് ലേണിംഗ് എന്നീ ആപ്പുകളെ കൂടി ഏറ്റെടുക്കുകയാണ്. വാര്‍ത്തകള്‍ ശരിയെങ്കില്‍ ഗ്രെയ്റ്റ് ലേണിംഗ് ആപ്പിനെ 600 മില്യണ്‍ ഡോളറിലും ടോപ്പറിന് 150 മില്യണ്‍ ഡോളറുമാകും ചെലവിടുക.

കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചപ്പോള്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആയതും കുട്ടികള്‍ ട്യൂഷന്‍ സെന്ററുകള്‍ ഉപേക്ഷിച്ച് ഓണ്‍ലൈന്‍ ട്യൂഷന്‍ ആപ്പുകളില്‍ അഭയം തേടിയതുമാണ് ബൈജു രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന ബൈജൂസിനെയും റെക്കോര്‍ഡ് നേട്ടങ്ങള്‍ക്ക് സഹായിച്ചത്. 2.2 ബില്യണ്‍ ഡോളറാണ് ഇതിനോടകം ബൈജൂസ് ഏറ്റെടുക്കലുകള്‍ക്കായി ചെലവഴിച്ചതത്രെ.
സ്‌കൂള്‍ പരീക്ഷകള്‍, ബോര്‍ഡ് പരീക്ഷകള്‍, ജെഇഇ, നീറ്റ് തുടങ്ങിയവയ്‌ക്കെല്ലാം ട്രെയ്‌നിംഗ്, കസ്റ്റമൈസ്ഡ് ലേണിംഗ് എന്നിവ പ്രദാനം ചെയ്യുന്ന ആപ്പാണ് ടോപ്പര്‍. ആഗോളതലത്തില്‍ അംഗീകൃത സര്‍വകലാശാലകളുമായി സഹകരിച്ച് ഡേറ്റാ സയന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ ഡൊമെയ്നുകളിലുടനീളം ഉയര്‍ന്ന പഠന ബിരുദം, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളാണ് ഗ്രേറ്റ് ലേണിംഗ് നല്‍കുന്നത്.
യുബിഎസ് ഗ്രൂപ്പ്, അബുദാബി സോവറിന്‍ ഫണ്ട് എഡിക്യു, ബ്ലാക്ക്‌സ്റ്റോണ്‍ ഗ്രൂപ്പ് എല്‍പി തുടങ്ങി നിരവധി ആഗോള വമ്പന്‍മാര്‍ ഇതിനോടകം ബൈജൂസില്‍ നിക്ഷേപിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകളെ ഏറ്റെടുക്കുന്നതിനാല്‍ തന്നെ അന്താരാഷ്ട്ര വിപണികള്‍ക്കായി ബൈജൂസിനുള്ള ഓഫറുകള്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



Related Articles
Next Story
Videos
Share it