കോഴ്സുകള്‍ രക്ഷിതാക്കള്‍ക്ക് താങ്ങാനാവുന്നതോ; മൂല്യനിര്‍ണയത്തിന് സമ്മതിച്ച് ബൈജൂസ്

ബൈജൂസ് തങ്ങളുടെ റീഫണ്ട് നയത്തില്‍ മാറ്റം വരുത്താനും രക്ഷിതാക്കള്‍ക്ക് കോഴ്സുകളും വായ്പകളും നല്‍കുന്നതിന് മുമ്പ് അവര്‍ക്ക് അതിന്റെ തുക താങ്ങാനാവുന്നതാണോ എന്ന് മൂല്യനിര്‍ണയം നടത്താനും സമ്മതിച്ചെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (NCPCR) മേധാവി പ്രിയങ്ക് കനൂംഗോ അറിയിച്ചതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. ബൈജൂസ് ഇതുമായി ബന്ധപ്പെട്ട കത്ത് കമ്മീഷന് അയച്ചതായി കനൂംഗോ പറഞ്ഞു.

ഇതിന് കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമായതിനാല്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ തിങ്കളാഴ്ച ബൈജൂസുമായി ചര്‍ച്ച നടത്തും. ഈ യോഗത്തിന് ശേഷം എന്‍സിപിസിആര്‍ അവര്‍ക്ക് രേഖാമൂലമുള്ള ശുപാര്‍ശകള്‍ നല്‍കുമെന്നും കനൂംഗോ കൂട്ടിച്ചേര്‍ത്തു. 25,000 രൂപയില്‍ താഴെ മാസവരുമാനമുള്ള കുടുംബങ്ങള്‍ക്ക് കോഴ്സുകള്‍ വില്‍ക്കില്ലെന്ന് ബൈജൂസ് സമ്മതിച്ചതായും മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവരുമായി നേരിട്ട് ബന്ധപ്പെടുന്ന എല്ലാ സെയില്‍സ് ജീവനക്കാരുടെയും പോലീസ് വെരിഫിക്കേഷന്‍ നടത്താനും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ബൈജൂസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബൈജൂസ് തങ്ങളുടെ കോഴ്സുകള്‍ ശരിയായ രീതിയിലല്ല വില്‍ക്കുന്നതെന്നും രക്ഷിതാക്കളേയും വിദ്യാര്‍ത്ഥികളെയും ചൂഷണം ചെയ്യുന്നുവെന്നുമുള്ള പരാതികളെ തുടര്‍ന്ന് ഡിസംബര്‍ 17 ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ബൈജൂസ് സിഇഒ ബൈജു രവീന്ദ്രനെ വിളിച്ചുവരുത്തിയിരുന്നു.

ബൈജൂസ് കുട്ടികള്‍ക്കായി നടത്തുന്ന എല്ലാ കോഴ്സുകളുടെയും വിശദാംശങ്ങള്‍, ഈ കോഴ്സുകളുടെ ഘടന, ഫീസ് വിശദാംശങ്ങള്‍, ഓരോ കോഴ്സിലും നിലവില്‍ ചേര്‍ന്നിട്ടുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം, ബൈജൂസിന്റെ റീഫണ്ട് പോളിസി, അംഗീകാരം സംബന്ധിച്ച നിയമപരമായ രേഖകള്‍ തുടങ്ങിയവ ഹാജരാക്കാന്‍ അന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it