എഡ്ടെക് സ്റ്റാര്‍ട്ടപ്പ് അപ്ഗ്രാഡ് വീണ്ടും ധനസമാഹരണത്തിന്; പ്രവേശിക്കുക, യൂണികോണ്‍ ക്ലബിലേക്ക്

ഇത് എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകളുടെ കാലം. ബൈജൂസിന് ശേഷം ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു സ്റ്റാര്‍ട്ടപ്പ് കൂടി യൂണികോണാകാന്‍ ഒരുങ്ഹുകയാണ്. ടെമസെക് പിന്തുണയുള്ള അപ്ഗ്രാഡ് എന്ന എഡ്‌ടെക് സ്റ്റാര്‍ട്ടപ്പാണ് ആഗോള സ്വകാര്യ ഇക്വിറ്റി, വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരില്‍ നിന്നും 400 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നത്. ഇതോടെ കമ്പനിയുടെ മൂല്യം 4 ബില്യണ്‍ ഡോളര്‍ ആകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഏറ്റവും പുതിയ നിക്ഷേപത്തെക്കുറിച്ച് ചര്‍ച്ച പുരോഗമിക്കുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത രണ്ട് മൂന്നു മാസങ്ങളിലിയാരിക്കും ഇത്. ഈ വര്‍ഷം ആദ്യം നടന്ന ഫണ്ട് സമാഹരണ റൗണ്ടില്‍ നിന്ന് മുംബൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പിന്റെ മൂല്യനിര്‍ണ്ണയത്തില്‍ ഏകദേശം അഞ്ചിരട്ടി വര്‍ധനവ് വന്നിരുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ആഗോള നിക്ഷേപ കമ്പനി ടെമസെക്കില്‍ നിന്നാണ് 120 മില്യണ്‍ ഡോളര്‍ (ഏകദേശം 898 കോടി രൂപ) ഇവര്‍ സമാഹരിച്ചത്.
ആറുവര്‍ഷം മുമ്പ് സ്ഥാപിതമായതിനു ശേഷം അപ്ഗ്രാഡ് നടത്തുന്ന ആദ്യത്തെ ബാഹ്യ മൂലധന സമാഹരണമായിരുന്നു അത്.
അപ്ഗ്രാഡ് സഹസ്ഥാപകരായ റോണി സ്‌ക്ര്യൂവാല, മായന്‍ക് കുമാര്‍, ഫല്‍ഗുന്‍ കൊമ്പള്ളി എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അന്നറിയിച്ചിരുന്നത് 2026 ഓടെ കമ്പനി 2 ബില്യണ്‍ ഡോളര്‍ ആകുമെന്നായിരുന്നു. എന്നാല്‍ അന്ന് പ്രവചിച്ച അഞ്ച് വര്‍ഷക്കാലത്തെ കാറ്റില്‍ പറത്തിയാകും പുതിയ നേട്ടം.
50 രാജ്യങ്ങളിലായി മൊത്തം 1 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത പഠിതാക്കളുള്ള അപ്ഗ്രാഡിന് മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി (യുഎസ്), ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി (യുകെ), ഡീക്കിന്‍ ബിസിനസ് സ്‌കൂള്‍ (ഓസ്‌ട്രേലിയ) സ്വിസ് സ്‌കൂള്‍ ഓഫ് ബിസിനസ് മാനേജ്‌മെന്റ് (ജനീവ), ഡ്യൂക്ക് കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ (യുഎസ്), ഐഐടി മദ്രാസ്, ഐഐഎം കോഴിക്കോട് എന്നിവയുമായി സഹകരിച്ച് നൂറിലധികം കോഴ്‌സുകള്‍ ആണുള്ളത്.






Related Articles

Next Story

Videos

Share it