വിജയികളായവരുടെ ഈ 5 പ്രഭാതശീലങ്ങള്‍ നിങ്ങള്‍ക്കും പിന്തുടരാം

വിജയികളാകുന്നവരില്‍ നിന്നും പഠിക്കാന്‍ നിരവധി കാര്യങ്ങള്‍ ഉണ്ട്. അവരുടെ ദിനചര്യകള്‍ ആണ് അവരുടെ വിജയത്തിന്റെ അടിത്തറ പാകുന്നത്. പ്രഭാതത്തിലെ ചില ശീലങ്ങള്‍ അവരെ ഉന്മേഷത്തോടെ ഓരോ ദിവസവും പ്രവര്‍ത്തികളിലേര്‍പ്പെടാന്‍ സഹായിക്കുന്നു. കര്‍മ നിരതരായി അവരെ നിലനിര്‍ത്തുന്ന ലളിതമായ അവരുടെ പ്രഭാത ശീലങ്ങള്‍ നിങ്ങള്‍ക്കും പകര്‍ത്താം.

1. നേരത്തെ ഉണരുന്നു
നേരത്തെ എഴുന്നേല്‍ക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കുറേ സമയം കൂടുതല്‍ കിട്ടുന്നു. അതും ആരുംതന്നെ ശല്യപ്പെടുത്താത്ത സമയം. മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബാറക് ഒബാമ രാത്രി വൈകി ഉറങ്ങുന്ന ആളാണെങ്കിലും രാവിലെ നേരത്ത തന്നെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നു. എട്ടരയ്ക്ക് അദ്ദേഹം ഓഫീസിലെത്തും. മിഷേല്‍ ഒബാമയും നേരത്തെ എഴുന്നേല്‍ക്കുന്ന രീതി പിന്തുടരുന്നു.
വാള്‍ട്ട് ഡിസ്‌നി സിഇഎ ആയിരുന്ന റോബര്‍ട്ട് ഈഗെര്‍ രാവിലെ നാലരയ്ക്കാണ് എഴുന്നേല്‍ക്കുന്നത്. ആപ്പിള്‍ സിഇഒ ടിം കുക്ക് മൂന്നേ മുക്കാലിന് എഴുന്നേല്‍ക്കുമത്രെ. ഓപ്രാ വിന്‍ഫ്രീ, ഇന്ദ്രാ നൂയി തുടങ്ങിയ വിജയികളായ വനിതകളും അതിരാവിലെ എഴുന്നേല്‍ക്കുന്നവരാണ്.
2. ധ്യാനം
പല വിജയികളായ സെലബ്രിറ്റികളും രാവിലെ ഉണര്‍ന്നശേഷം ആദ്യം ചെയ്യുന്ന കാര്യങ്ങളിലൊന്നാണ് മെഡിറ്റേഷന്‍. കണ്ണുകള്‍ അടച്ച് 20 മിനിറ്റുനേരം ധ്യാനിക്കുന്നത് ജോലിയുടെയും വ്യക്തിജീവിതത്തിലെയും സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാനും കഠിനമായ ഒരു ദിവസത്തിനുവേണ്ടി തയാറെടുക്കാനും സഹായിക്കുന്നു. ടെലിവിഷന്‍ സെലബ്രിറ്റിയായ ഒപ്രാ വിന്‍ഫ്രീ ദിവസം രണ്ടുനേരം ധ്യാനിക്കുന്ന വ്യക്തിയാണ്. പ്രതീക്ഷ, സന്തോഷം, മനശാന്തി എന്നിവയാണ് ധ്യാനം തരുന്നതെന്ന് അവര്‍ പറയുന്നു.
3. ചായകുടി ഇല്ല
എഴുന്നേറ്റ ഉടന്‍ ചായ കുടിക്കുന്നതാണ് പലരുടെയും ശീലം. എന്നാല്‍ വിജയികളായവര്‍ പലരും അതിരാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങുമത്രെ. ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങാനീര് ഒഴിച്ച് കുടിച്ചശേഷം വ്യായാമം ചെയ്താല്‍ കൂടുതല്‍ ഫലം ലഭിക്കും. വ്യായാമത്തിന് ശേഷവും ആവശ്യത്തിന് വെള്ളം കുടിക്കണം. പല മോഡലുകളും ട്രെയ്‌നര്‍മാരും ഈ ശീലം പിന്തുടരുന്നവരാണ്.
4. പ്രഭാത വ്യായാമം
വ്യായാമം ചെയ്യാനുള്ള ഏറ്റവും നല്ല സമയമായി പറയുന്നത് രാവിലെയാണ്. ഓട്ടം, നടത്തം, നീന്തല്‍, കായികവിനോദങ്ങള്‍... ഇങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട എന്ത് വ്യായാമവുമാകാം. ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സീ രാവിലെ ആറ് മൈലുകള്‍ നടക്കാന്‍ സമയം കണ്ടെത്തുന്നു. ബില്‍ ഗേറ്റ്‌സ് ട്രെഡ്മില്ലില്‍ രാവിലെ ഒരു മണിക്കൂര്‍ നേരം വര്‍കൗട്ട് ചെയ്യുന്നു. വോഗ് മാസികയുടെ ചീഫ് എഡിറ്ററായ അന്ന വിന്റോര്‍ ടെന്നിസ് കളിച്ചാണ് ഒരു ദിവസം ആരംഭിക്കുന്നത്. കഴിയുമെങ്കില്‍ 3000 ചുവടുകള്‍ രാവിലെ നടക്കുക, ഇത് 21 ദിവസം തുടര്‍ന്നാല്‍ അത്ഭുതകരമായ മാറ്റം നല്‍കുമത്രെ.
5. ബ്രേക്ക്ഫാസ്റ്റ് ഇങ്ങനെ
ബ്രെയ്ന്‍ ഫുഡ് എന്നാണ് പ്രഭാതഭക്ഷണം അറിയപ്പെടുന്നത്. പോഷകസമ്പുഷ്ടമായ ബ്രേക്ക്ഫാസ്റ്റ് ആരോഗ്യമുള്ള ശരീരത്തിന് വളരെ ആവശ്യമാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിനും പ്രധാനമാണ്. ധാന്യങ്ങള്‍, പഴങ്ങള്‍, ജൂസ്, നട്ട്‌സ്, ഓട്ട്‌സ്, കൊഴുപ്പുകുറഞ്ഞ പാല്‍ തുടങ്ങിയവ അടങ്ങിയ പ്രഭാതഭക്ഷണമാണ് സെലബ്രിറ്റികളേറെയും പിന്തുടരുന്നത്. മറ്റ് ശാരീരിക ബുദ്ധിമുട്ടില്ലെങ്കില്‍ രണ്ട് മുട്ടയുടെ വെള്ള പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇനി സ്ഥിരമായി കഴിക്കുന്ന ഭക്ഷണം മാറ്റാന്‍ കഴിയാത്തവര്‍ മുട്ടവെള്ളയ്ക്കൊപ്പം ആവിയില്‍ വേവിച്ച ഭക്ഷണം ഒന്നോ രണ്ടോ കഴിക്കാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it