ഉദ്യോഗാര്‍ത്ഥികള്‍ക്ക് സുവര്‍ണാവസരം, നിയമനം 18 മാസത്തെ ഉയര്‍ന്ന നിലയിലെത്തും

ഇന്ത്യയിലെ തൊഴില്‍ വിപണി ശക്തമായ തിരിച്ചുവരവിന്റെ പാതയിലെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ കമ്പനികളുടെ നിയമനം 18 മാസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കുമെന്ന് ടീംലീസ് എംപ്ലോയ്‌മെന്റ് ഔട്ട്‌ലുക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത 41 ശതമാനം കമ്പനികളും ഈ പാദത്തില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. അതേസമയം, ജൂലൈ-സെപ്റ്റംബറില്‍ 38 ശതമാനം കമ്പനികളാണ് പുതിയ നിയമനങ്ങള്‍ നടത്തിയത്. 21 മേഖലകളിലായി പ്രവര്‍ത്തിക്കുന്ന 650 ചെറുകിട, ഇടത്തരം, വന്‍കിട കമ്പനികളെ ഉള്‍പ്പെടുത്തിയാണ് ടീംലീസ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

മേഖലകള്‍ തിരിച്ചുള്ള ഡാറ്റ വിശകലനം ചെയ്യുമ്പോള്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി), എഫ്എംസിജി, വിദ്യാഭ്യാസം, ഇ-കൊമേഴ്‌സ്, ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, മാനുഫാക്ചറിംഗ്, എഞ്ചിനീയറിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍, നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ നിയമനങ്ങള്‍ നടക്കാനിരിക്കുന്നത്. കൂടാതെ, കോവിഡ് മഹാമാരിയുടെ ആഘാതം അനുഭവിക്കുന്ന മേഖലകളായ ട്രാവല്‍, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളില്‍ പോലും ശക്തമായ നിയമം ഈ പാദത്തിലുണ്ടാവുമെന്ന് സര്‍വേ വ്യക്തമാക്കുന്നു.
ടീം ലീസ് സര്‍വേ പ്രകാരം മെട്രോ, ടയര്‍ 1 നഗരങ്ങളാണ് നിയമനങ്ങളില്‍ മുന്നില്‍. ടയര്‍ 11 - 111 നഗരങ്ങളും ഗ്രാമപ്രദേശങ്ങളും നിയമനങ്ങള്‍ ത്വരിതപ്പെടുത്തുന്നുണ്ട്. വാക്‌സിനേഷന്‍ നിരക്ക് നിയമനങ്ങളെ ഊര്‍ജിതപ്പെടുത്തുന്നതായും സര്‍വേ വ്യക്തമാക്കുന്നു.



Related Articles
Next Story
Videos
Share it