നിയമനങ്ങള്‍ കോവിഡിന് മുമ്പത്തേക്കാള്‍ വര്‍ധിച്ചെന്ന് ലിങ്ക്ഡ്ഇന്‍

രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ച കോവിഡ് രണ്ടാം തരംഗം നീങ്ങിയതിന് പിന്നാലെ രാജ്യത്തെ നിയമനങ്ങള്‍ കോവിഡിന് മുമ്പത്തേക്കാള്‍ വര്‍ധിച്ചെന്ന് ലിങ്ക്ഡ്ഇന്‍. ഇന്ത്യയിലെ നിയമനങ്ങള്‍ സ്ഥിരമായ വീണ്ടെടുക്കലിലാണെന്നും ജൂലൈയില്‍ നിയമന നിരക്ക് കോവിഡിന് മുമ്പുള്ളതിനേക്കാള്‍ 65 ശതമാനം കൂടുതലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലിങ്ക്ഡ്ഇന്‍ ഇന്ത്യയുടെ ലേബര്‍ മാര്‍ക്കറ്റ് അപ്ഡേറ്റ് (ജൂലൈ 2021) അനുസരിച്ച്, കോവിഡ് രണ്ടാം തരംഗം ഏറെ ബാധിച്ച ഏപ്രിലില്‍ നിയമന നിരക്ക് കുത്തനെ കുറഞ്ഞു. പിന്നീട് തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ നിയമനങ്ങള്‍ വര്‍ധിച്ചു.

കോവിഡിന് മുമ്പത്തെ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 മെയ് അവസാനത്തോടെ നിയമനങ്ങളില്‍ 35 ശതമാനം വര്‍ധനവാണുണ്ടായത്. ജൂണ്‍ അവസാനം ഇത് 42 ശതമാനത്തോളമാണ് വര്‍ധിച്ചത്. ലിങ്ക്ഡ്ഇന്‍ വഴി നടന്ന നിയമനങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഐടി, മാനുഫാക്ചറിംഗ്, ഹാര്‍ഡ്വെയര്‍ തുടങ്ങിയ വലിയ മേഖലകളിലെയും നിയമനം ഒരു വര്‍ഷത്തോളം സ്തംഭിച്ചതിനാല്‍ നിയമന നിരക്ക് ഇനിയും വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
അതേസമയം, കോവിഡ് ആളുകളെ ജോലി മാറുന്നതില്‍നിന്ന് പിന്തിരിപ്പിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കോവിഡിന് മുമ്പുള്ള വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2020 ഏപ്രിലില്‍ 48 ശതമാനം പേരാണ് ജോലി മാറുന്നതില്‍നിന്ന് പിന്മാറിയത്. അതേസമയം, ഓഗസ്റ്റ് മാസത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.


Related Articles
Next Story
Videos
Share it