ജോലി തേടുന്നവരെ, ഇതാ ടിസിഎസ്സില്‍ നിന്ന് വീണ്ടും സന്തോഷവാര്‍ത്ത!

യുവപ്രൊഫഷണലുകളുടെ നിയമനത്തില്‍ റെക്കോര്‍ഡിട്ട് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പുതിയ നിയമനം ഒരു ലക്ഷം തൊടുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഇന്ത്യയിലെ എന്നുമാത്രമല്ല മറ്റൊരു ബഹുരാഷ്ട്ര ഐ ടി വമ്പനും ഇത്രയും ഫ്രഷേഴ്‌സിനെ ഈ സാമ്പത്തിക വര്‍ഷത്തില്‍ നിയമിക്കുന്നില്ല.

നിലവില്‍ ടിസിഎസ്സില്‍ 5,56,986 പേരുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 77,000 പേരെ പുതുതായി നിയമിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 34,000 പേരെയാണ് നിയമിച്ചത്.

അതിനിടെ ടി സി എസ്സില്‍ നിന്നുള്ള ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിന്റെ ശതമാനം 15.3 ആണ്. കമ്പനിയുടെ മൊത്തം വര്‍ക്ക് ഫോഴ്‌സിന്റെ 36 ശതമാനത്തോളം വനിതകളുമാണ്.
കോളെജുകളില്‍ നിന്ന് പഠിച്ചിറങ്ങിയ പുതുമുഖങ്ങളുടെ നിയമനത്തില്‍ മാത്രമല്ല, ലാറ്ററല്‍ നിയമനത്തിലും ടിസിഎസ് മുന്നിലാണ്.

കോവിഡ് വന്നതോടെ ബിസിനസുകള്‍ അതിവേഗം ഡിജിറ്റല്‍ രംഗത്തേക്ക് ചുവടുവെച്ചതാണ് ഐ ടി കമ്പനികള്‍ക്ക് ഗുണമായത്. മറ്റൊരു കാലത്തും കാണാത്തതുപോലെ ഡിജിറ്റല്‍, ക്ലൗഡ് സേവനങ്ങള്‍ക്ക് ആവശ്യക്കാരേറി.

വൈദഗ്ധ്യമുള്ളവര്‍ക്ക് ജോലി സാധ്യത കൂടിയതോടെ ഐ ടി കമ്പനികളിലെ കൊഴിഞ്ഞുപോക്കും റെക്കോര്‍ഡ് തലത്തിലാണ്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം അര്‍ദ്ധവര്‍ഷത്തില്‍ നാലര ലക്ഷത്തോളം നിയമനങ്ങള്‍ രാജ്യത്തെ ഐടി കമ്പനികള്‍ നടത്തുമെന്നാണ് നവംബറില്‍ പുറത്തിറങ്ങിയ ഒരു റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ പരിചയസമ്പത്തുള്ളവരും ലാറ്ററല്‍ നിയനമവുമാണ് കൂടുതല്‍. അതോടൊപ്പം പുതുമുഖങ്ങളെ നിയമിക്കുന്നതും വളരെ ഏറെ കൂടുന്നുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it