വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികളെ നിയന്ത്രിക്കാന്‍ നിയമം ഉടന്‍

വിദേശ ഉപരിപഠന രംഗത്ത് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മാണത്തിനൊരുങ്ങി സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകുന്ന വിദ്യാര്‍ഥികളെ വന്‍ തോതില്‍ ചൂഷണം ചെയ്യുന്നതും മറ്റ് രാജ്യങ്ങളിലെ നിലവാരമില്ലാത്ത സ്ഥാപനങ്ങളിലേക്ക് അയക്കുന്നതും സംബന്ധിച്ച് വ്യാപക പരാതികള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

സമിതി രൂപികരിച്ചു

കണ്‍സള്‍ട്ടന്‍സികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും ക്രമീകരിക്കുന്നതിനുമാണ് നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ കരട് തയറാക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ് ചെയര്‍മാനായി മൂന്നംഗ സമിതിയെ നിയമിച്ചു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ എക്സിക്യൂട്ടീവ് ബോഡി മെമ്പര്‍ ഡോ.ആര്‍.കെ സുരേഷ്‌കുമാര്‍, സുപ്രിം കോടതി അഭിഭാഷകന്‍ ശ്രീറാം പറക്കാട്ട് എന്നിവരാണ് അംഗങ്ങള്‍.

നിയന്ത്രണങ്ങള്‍ ഉടന്‍

വിദേശ ഉന്നത വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി ഏജന്‍സികള്‍ക്ക് ലൈസന്‍സ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇവര്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് നിശ്ചയിക്കും. നിലവാരമുള്ള വിദേശ സര്‍വകലാശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് മാത്രമേ വിദ്യാര്‍ഥികളെ അയക്കാവൂ എന്ന നിബന്ധന കൊണ്ടുവരും.

അടുത്ത അധ്യയന വര്‍ഷാരംഭത്തില്‍

കണ്‍സല്‍ട്ടന്‍സികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച സമിതി വിശദമായ പഠനം നടത്തും. ഇവര്‍ തയാറാക്കുന്ന കരട് ബില്ലും പഠന റിപ്പോര്‍ട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പ്, നിയമ വകുപ്പ് എന്നിവ പരിശോധിച്ച് അടുത്ത അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ നിയമമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Related Articles
Next Story
Videos
Share it