
ഇന്ത്യക്കാരുടെ തൊഴില്‍ക്ഷമത വര്‍ധിക്കുകയാണെന്ന് വീബോക്സ് ഇന്ത്യ സ്‌കില്‍ റിപ്പോര്‍ട്ട്. ഉദ്യോഗാര്‍ത്ഥികളില്‍ 50.3 ശതമാനവും തൊഴിലെടുക്കാന്‍ പ്രാപ്തരാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ഇത് 46.2 ശതമാനമായിരുന്നു. രാജ്യത്തെ 3.75 ലക്ഷം പേരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
തൊഴില്‍ ക്ഷമതയില്‍ സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ മുന്നില്‍ എന്നതാണ് കൗതുകകരമായ കാര്യം. 52.8 ശതമാനം സ്ത്രീകള്‍ തൊഴില്‍ക്ഷമരായിരിക്കുമ്പോള്‍ 47.2 ശതമാനം പുരുഷന്മാര്‍ക്ക് മാത്രമേ തൊഴില്‍ ക്ഷമതയുള്ളൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഇന്ത്യന്‍ തൊഴില്‍ സേനയില്‍ 33 ശതമാനം പേര്‍ സ്ത്രീകളാണ്. 67 ശതമാനം പുരുഷന്മാരും. സൗത്ത് അമേരിക്ക, ഏഷ്യന്‍, ആഫ്രിക്ക എന്നിവിടങ്ങലിലെ ആകെ തൊഴില്‍സേനയുടെ ശരാശരി സ്ത്രീ പങ്കാളിത്തം 36 ശതമാനമാണ്. തൊഴില്‍ക്ഷമതയില്‍ രാജസ്ഥാനിലെ സ്ത്രീകളാണ് മുന്നില്‍. 53.5 ശതമാനം. 46.5 ശതമാനവുമായി ഉത്തര്‍പ്രദേശ് രണ്ടാം സ്ഥാനത്തുണ്ട്.
ബികോം, എംബിഎ, ബി ഫാം ബിരുദധാരികളാണ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ക്ഷമതയുള്ളവര്‍. അതേസമയം പോളിടെക്നിക്, എംസിഎ ബിരുദധാരികള്‍ ഏറ്റവും തൊഴില്‍ക്ഷമത കുറഞ്ഞവരുമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബാങ്കിംഗ്, ഫിനാന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍, ഇ കൊമേഴ്സ്, ഐറ്റി മേഖലകളാണ് ഈ വര്‍ഷവും ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കിയത്. പുതിയ തൊഴിലാളികളെ നിയമിച്ചതില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.
വീബോക്സ് നാഷണല്‍ എംപ്ലോയബിലിറ്റി ടെസ്റ്റ് നടത്തിയാണ് തുടക്കക്കാരായ തൊഴിലന്വേഷകരില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാക്കിയത്. 15 വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള 150 ല്‍ ഏറെ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങളും റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ ഉപയോഗപ്പെടുത്തി. സര്‍വേയില്‍ പങ്കെടുത്ത കമ്പനികളില്‍ 36.08 ശതമാനവും പുതിയ ജീവനക്കാരെ നിയമിക്കാനുള്ള തയാറെടുപ്പിലാണെന്ന് അഭിപ്രായപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine