വീസ ഫീസ് കുത്തനെ വര്‍ധിപ്പിച്ച് യു.കെ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും തിരിച്ചടി

യു.കെയിലേക്കുള്ള സന്ദര്‍ശക, വിദ്യാര്‍ത്ഥി വീസ നിരക്കുകള്‍ കുത്തനെ കൂട്ടി. ആറ് മാസത്തില്‍ താഴെയുള്ള സന്ദര്‍ശക വീസയ്ക്ക് 15 പൗണ്ടും (1500 രൂപയിലേറെ) വിദ്യാര്‍ത്ഥി വീസയ്ക്ക് 127 പൗണ്ടുമാണ് (13,000 രൂപയിലേറെ) വര്‍ധിപ്പിച്ചത്. ഇതോടെ സന്ദര്‍ശക വീസയുടെ അപേക്ഷാ ഫീസ് 115 പൗണ്ടും (11,000 രൂപയിലേറെ) വിദ്യാര്‍ത്ഥി വീസകളുടെ ഫീസ് 490 പൗണ്ടുമായാണ് (50,000 രൂപയിലേറെ) വര്‍ധിക്കുക. ഒക്ടോബര്‍ നാല് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്നതാണ് നിരക്ക് വര്‍ധന. യു.കെയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു പങ്കും ഇന്ത്യയില്‍ നിന്നാണ്. 2021-22ലെ ഹയര്‍ എഡ്യുക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സിയുടെ വിവരങ്ങളനുസരിച്ച് 1,20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യു.കെയില്‍ പഠിക്കുന്നത്.

വീസ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജുകളും ഉയര്‍ത്തിയിട്ടുണ്ട്. പൊതുമേഖലയിലെ ശമ്പളം ഉയര്‍ത്തുന്നതിനായാണ് നീക്കം. ജോലി സംബന്ധമായ സന്ദര്‍ശക വീസകളുടെ നിരക്ക് 15 ശതമാനവും വിദ്യാര്‍ത്ഥികളുടെ വീസ നിരക്ക് 20 ശതമാനവും വര്‍ധിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. വിവിധ വിഭാഗത്തിലുള്ള വീസകളുടെ നിരക്കുകളിലും വര്‍ധന വരുത്തിയിട്ടുണ്ട്.

Related Articles

Next Story

Videos

Share it