Begin typing your search above and press return to search.
വിദ്യാഭ്യാസ വായ്പ എടുക്കും മുമ്പ് ഈ നാല് ചോദ്യങ്ങളുടെ ഉത്തരം അറിഞ്ഞിരിക്കണം
ഉന്നത വിദ്യാഭ്യാസത്തിനൊരുങ്ങുന്നവര്‍ക്ക് വിദ്യാഭ്യാസ വായ്പയെടുക്കാനുള്ള സൗകര്യം ഇന്ന് നമ്മുടെ ബാങ്കുകള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും ആക്കിയിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസ വായ്പയ്ക്കായി ഒരുങ്ങുന്നവരുടെ ഉത്തരവാദിത്തമാണ് വിദ്യാഭ്യാസ വായ്പയെക്കുറിച്ചും കോഴ്‌സിനെക്കുറിച്ചുമുള്ള അറിവും അപേക്ഷിക്കേണ്ട രീതിയും തിരിച്ചടവും എല്ലാം. ഇതാ വിദ്യാഭ്യാസ വായ്പയ്ക്കായി ഒരുങ്ങുമ്പോള്‍ ഈ നാല് ചോദ്യങ്ങളും ഉത്തരങ്ങളും അറിഞ്ഞിരിക്കണം.
എല്ലാ കോഴ്‌സിനും വിദ്യാഭ്യാസ വായ്പ ലഭിക്കുമോ ?
അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളേജുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവ നടത്തുന്ന അംഗീകാരമുള്ള കോഴ്സുകള്‍ക്കെല്ലാം വായ്പ ലഭിക്കും. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍, യുജിസി, എഐസിടിഇ തുടങ്ങിയവര്‍ അംഗീകരിച്ച കോഴ്സുകള്‍ക്കേ വായ്പ ലഭിക്കുകയുള്ളൂ. ബിരുദം, ബിരുദാനന്തര ബിരുദം, തൊഴിലധിഷ്ഠിത കോഴ്സുകള്‍ തുടങ്ങി ഇന്ത്യയില്‍ പഠിക്കുന്നവര്‍ക്ക് പരമാവധി 75 ലക്ഷം രൂപ വരെയും വിദേശത്ത് പഠിക്കുന്നവര്‍ക്ക് ഒന്നരക്കോടി രൂപ വരെയും വായ്പ നല്‍കുന്നുണ്ട്. ഫീസുകള്‍, ഹോസ്റ്റല്‍ ചെലവുകള്‍, പഠനോപകരണങ്ങള്‍, പുസ്തകം തുടങ്ങി പഠനം പൂര്‍ത്തിയാക്കാനാവശ്യമായ ചെലവ് അടിസ്ഥാനമാക്കിയാണ് വായ്പ അനുവദിക്കുക. ഇത് വിവിധ ബാങ്കുകളില്‍ വിവിധ രീതിയിലാണ് തരം തിരിക്കുക.
വിദ്യാഭ്യാസ വായ്പയ്ക്ക് ഈട് നല്‍കണോ?
എല്ലാ വിദ്യാഭ്യാസ വായ്പയ്ക്കും ഈട് വേണ്ട. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിദ്യാഭ്യാസ വായ്പ ഗാരന്റി സ്‌കീം വഴി സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ഏഴര ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ഈടില്ലാതെ നല്‍കും. വസ്തു പണയം, ആള്‍ ജാമ്യം എന്നിവ ആവശ്യമില്ല.
ജാമ്യമില്ലാതെ വായ്പ എത്രയെടുക്കണം?
ജാമ്യമില്ലാതെ ലഭിക്കുമെന്നു കരുതി പരമാവധി തുക വിദ്യാഭ്യാസ വായ്പയായി എടുക്കുന്നത് വലിയ കാലാവധി വരെ നിങ്ങളെ കടക്കാരനാക്കിയേക്കാം. പഠനം പൂര്‍ത്തിയാക്കിയാല്‍ ജോലിയില്‍നിന്നോ സ്വയം തൊഴിലില്‍ നിന്നോ ലഭിക്കാവുന്ന വരുമാനത്തിന്റെ 30 ശതമാനത്തില്‍ താഴെ വരുന്ന തുക മാത്രം തിരിച്ചടവ് വരാവുന്ന തുകയായിരിക്കണം വായ്പയായി എടുക്കേണ്ടത്.
വിദ്യാഭ്യാസ വായ്പകളില്‍ നല്‍കുന്ന മൊറട്ടോറിയം എങ്ങനെയാണ്?
എല്ലാ വിദ്യാഭ്യാസ വായ്പകളും പഠന കാലാവധി പൂര്‍ത്തിയാക്കിയാക്കിയശേഷമേ തിരിച്ചടവ് ആരംഭിക്കുകയുള്ളൂ. കോഴ്സ് പൂര്‍ത്തിയാക്കി 12 മാസമോ ജോലി കിട്ടി ആറുമാസമോ ഇതില്‍ ഏതാണ് ആദ്യം വരുന്നത് എന്നു കണക്കാക്കിയാണ് വായ്പ തിരിച്ചടവു തുടങ്ങേണ്ടത്. വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് ഇപ്രകാരം നല്‍കുന്ന സാവകാശമാണ് മൊറട്ടോറിയം. മൊറട്ടോറിയം കാലഘട്ടത്തില്‍ വായ്പയ്ക്കു പലിശ നല്‍കണമെങ്കിലും കൂട്ടുപലിശ ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ ചട്ടം.
വായ്പനോക്കിയാണോ കോഴ്സ് തെരഞ്ഞെടുക്കേണ്ടത്?
വായ്പ ലഭിക്കുമെന്ന ഒറ്റക്കാരണത്താല്‍ ഏതെങ്കിലും കോഴ്സിനു പോയി ചേരുന്നത് അഭികാമ്യമല്ല. അഭിരുചിക്കനുസരിച്ച് ഓരോര്‍ത്തര്‍ക്കും അനുയോജ്യമായ കോഴ്സുകള്‍ പഠിക്കുക എന്നതാണ് പ്രധാനം. മാത്രമല്ല, പഠനശേഷം ജോലി ലഭിക്കാനോ സ്വയം തൊഴില്‍ ചെയ്ത് വരുമാനം ഉറപ്പാക്കാനോ ഉള്ള സാധ്യതയാണ് കോഴ്സുകള്‍ തെരഞ്ഞെടുക്കാനാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
ബാങ്കില്‍ നിന്നല്ലാതെ വിദ്യാഭ്യാസ വായ്പ ലഭിക്കുമോ ?
താര്‍ച്ചയായും ലഭിക്കും. ബാങ്കുകളില്‍ നിന്ന് വിദ്യാഭ്യാസ വായ്പ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനുണ്ടാകുന്ന കാലതാമസം പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഈ അവസരത്തില്‍ രേഖകളെല്ലാം കൃത്യമെങ്കില്‍ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന ബാങ്കിതര ഫിനാന്‍സ് കമ്പനികള്‍ എളുപ്പത്തില്‍ വിദ്യാഭ്യാസ വായ്പ അനുവദിച്ച് നല്‍കുന്നു. എന്നാല്‍ പലിശ സബ്സിഡി, വായ്പ ഗാരന്റി സ്‌കീമുകളൊക്കെ വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന വായ്പകള്‍ക്കാണ് ലഭ്യമാക്കുക. മാത്രമല്ല പലിശ അധികമായി നല്‍കേണ്ടി വന്നേക്കാം. പരമാവധി പലിശ കുറഞ്ഞവ താരതമ്യം ചെയ്ത് തെരഞ്ഞെടുക്കുക.
Next Story
Videos