ബാങ്ക് നിക്ഷേപത്തില്‍ തുടങ്ങാം; സാമ്പാദ്യ ശീലങ്ങളിലേക്ക് കുട്ടികളെ നയിക്കാനുള്ള വഴി പങ്കുവച്ച് നിതിന്‍ കാമത്ത്

സാമ്പത്തിക യാത്രകള്‍ നേരത്തെ തുടങ്ങേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സീറോദ (Zerodha) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിതിന്‍ കാമത്ത് പലപ്പോഴും പറയാറുണ്ട്. സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളെ സൂത്രവാക്യങ്ങളില്‍ പഠിപ്പിക്കുന്നതുപോലെ പണത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിപ്പിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. പല യുവാക്കള്‍ക്കും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അറിയില്ലെന്ന് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ബിജെപി എംപി തേജസ്വി സൂര്യ പാര്‍ലമെന്റില്‍ ഉന്നയിക്കുന്ന വീഡിയോ പങ്കിട്ടുകൊണ്ടാണ് നിതിന്‍ കാമത്ത് ധനപാഠങ്ങളെ കുറിച്ച് ട്വീറ്റില്‍ കുറിച്ചത്.

ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി സാമ്പത്തിക സാക്ഷരത നേടാന്‍ പഠിപ്പിക്കുന്നില്ലെന്ന് തേജസ്വി സൂര്യ പറഞ്ഞു. സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികളെ അടിസ്ഥാന സാമ്പത്തിക നൈപുണ്യങ്ങള്‍ പഠിപ്പിച്ചാല്‍, അവര്‍ക്ക് അവരുടെ ജീവിതം മികച്ച രീതിയില്‍ ആസൂത്രണം ചെയ്യാനും വഞ്ചനാപരമായ കാര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണി മാനേജ്മെന്റ് സ്‌കൂള്‍, കോളേജ് സിലബസുകളുടെ ഭാഗമാക്കുന്നത് പരിഗണിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തോട് സൂര്യ ആവശ്യപ്പെട്ടു.

നിതിന്‍ കാമത്ത് ഈ വാദത്തെ പിന്തുണക്കുകയും മന്ത്രാലയത്തെ സഹായിക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്തിനാണ് നേരത്തെ നിക്ഷേപം തുടങ്ങുന്നത്, പണപ്പെരുപ്പം, ഇന്‍ഷുറന്‍സ്, റിട്ടയര്‍മെന്റ് പ്ലാനിംഗ് തുടങ്ങിയ സാമ്പത്തിക അടിസ്ഥാനകാര്യങ്ങള്‍ സ്‌കൂളില്‍ പഠിപ്പിച്ചാല്‍ ഇവ ജീവിതത്തിലുടനീളം സഹായകമാകുമെന്നും നിതിന്‍ കാമത്ത് പറയുന്നു. ചെറുപ്പമാണെങ്കിലും സ്റ്റോക്ക് മാര്‍ക്കറ്റുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയെക്കുറിച്ച് അറിയില്ലെങ്കില്‍, ഒരു ബാങ്ക് നിക്ഷേപത്തോടെ സാമ്പത്തിക കാര്യങ്ങള്‍ ആരംഭിക്കണമെന്ന് കാമത്ത് പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it