തെറ്റായ വാര്‍ത്താപ്രചരണം: 16 യൂട്യൂബ് ചാനലുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രം

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പതിനാറോളം യൂട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രം.

വിലക്കേർപ്പെടുത്തിയവയിൽ ആറെണ്ണം പാക്കിസ്താന്‍ ആസ്ഥാനമായതും പത്തെണ്ണം ഇന്ത്യയിലേതുമാണെന്നാണ് വിവരം. ഐടി റൂള്‍സ് 2021 പ്രകാരമാണ് ചാനലുകള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

ദേശീയ സുരക്ഷ, ഇന്ത്യയുടെ വിദേശ ബന്ധം, രാജ്യത്തെ സാമുദായിക സൗഹാര്‍ദം, പൊതുസമാധാനക്രമം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഈ യൂട്യൂബ് വാര്‍ത്താ ചാനലുകള്‍ ഉപയോഗിച്ചതായി നിരീക്ഷിച്ചതായാണ് മിനിസ്ട്രി ഓഫ് ബ്രോഡ്കാസ്റ്റിംഗ് ഇന്ത്യയുടെ അറിയിപ്പ്.
ഈ 16 ചാനലുകള്‍ക്കുമായി 68 കോടിയോളം കാഴ്ചക്കാരുണ്ടെന്നതാണ് കണക്ക്. ഐടി റൂള്‍സ് 2021 (18) പ്രകാരം ഈ യൂട്യൂബ് ചാനലുകളൊന്നും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായുള്ള പ്രാഥമിക വിവരങ്ങള്‍ ബ്രോഡ്കാസ്റ്റിംഗ് വകുപ്പിന് കീഴില്‍ സമര്‍പ്പിച്ചിട്ടില്ല എന്നതാണ് അറിയാന്‍ കഴിയുന്നത്.

കൊവിഡ്-19 വര്‍ധിക്കാനുള്ള കാരണവും അഥുമായി ബന്ധപ്പെട്ട വാര്‍ത്തകളും, കുടിയേറ്റ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തെറ്റായ പ്രചരണം, ചില മതവിഭാഗങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് ആരോപിച്ച് കെട്ടിച്ചമച്ച സ്റ്റോറികള്‍ അപ്‌ലോഡ് ചെയ്യല്‍ മുതലായവ ഇത്തരം ചാനലുകള്‍ക്ക് മേല്‍ ചുമത്തപ്പെട്ടിട്ടുണ്ട്. അത്തരം ഉള്ളടക്കം രാജ്യത്തെ പൊതു ക്രമത്തിന് ഹാനികരമാണെന്നാണ് ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടെ നിരീക്ഷണം.


Related Articles
Next Story
Videos
Share it