ജയിംസ് ബോണ്ട് ഇന്നെത്തും; കേരളത്തിലെ തീയറ്ററുകള്‍ തുറന്നു

ഏറെ കാത്തിരിപ്പിനും ചര്‍ച്ചകള്‍ക്കുമൊടുവില്‍ കേരളത്തിലെ സിനിമാ തീയറ്ററുകള്‍ വീണ്ടും ഇന്ന് (ഒക്ടോ 27) തുറന്നു. റിലീസാകുന്ന ചിത്രങ്ങളില്‍ പുതിയ ജയിംസ് ബോണ്ട് സിനിമ കൂടി ഉണ്ടെന്നുള്ളത് ചില്ലറക്കാര്യമല്ല. എന്നാല്‍ അതിന്റെ പേരു കൂടി കേള്‍ക്കുമ്പോഴോ - നോ ടൈം റ്റു ഡൈ!

കേരളത്തിനു മുമ്പേ തീയറ്ററുകള്‍ തുറന്ന ഇന്ത്യയിലെ മറ്റിടങ്ങളില്‍ ഹോളിവുഡ് സിനിമകളുടെ റെക്കോഡ് തകര്‍ത്ത കളക്ഷനുമായി മുന്നേറുന്ന നോ ടൈം റ്റു ഡൈ ഇരുപത്താഞ്ചമത്തെ ബോണ്ട് സിനിമയാണെന്ന സവിശേഷതയുമുണ്ട്. കളക്ഷനില്‍ മാത്രമല്ല നിരൂപകരുടെ റേറ്റിംഗിലും ഉയര്‍ന്ന സ്ഥാനം നിലനിര്‍ത്തിക്കൊണ്ടാണ് ബോണ്ട് ഫ്രാഞ്ചെസിയില്‍ നിന്നുള്ള തന്റെ വിടവാങ്ങല്‍ ഡാനിയല്‍ ക്രെയ്ഗ് ഗംഭീരമാക്കിയിരിക്കുന്നത്.
'ക്യാരി' ഫീല്‍
പേരിടുന്നതിനു മുമ്പ് ബോണ്ട് 25 സംവിധാനം ചെയ്യാനിരുന്നത് ഡാന്നി ബോയ്ല്‍ ആയിരുന്നു. നോ ടൈം റ്റു ഡൈ സംവിധാനം ചെയ്തത് ക്യാരി ഫുകുനാഗയും. സിനിമാരംഗത്ത് അങ്ങനെ സംഭവിക്കാറുണ്ടെന്നാണ് ഡാനിയല്‍ ക്രെയ്ഗ് പറഞ്ഞത്. 'ബോണ്ട് സിനിമയാകുമ്പോള്‍ അതിന്റെ പ്രശസ്തിയും അതുപോലെ തീവ്രമായിരിക്കുമല്ലോ. ക്യാരി ആ സമയത്ത് ഫ്രീയായി. നിര്‍മാതാക്കളിലൊരാളായ ബാര്‍ബറ ബ്രൊക്കോളിയുമായി ഒരു ബോണ്ട് സിനിമ ചെയ്യാനുള്ള ആഗ്രഹം ക്യാരി മുന്‍പു തന്നെ പങ്കുവെച്ചിരുന്നതുമാണ്.
സ്‌റ്റൈലിഷായ ദൃശ്യഭംഗിയുടെ കാര്യത്തില്‍ അതുല്യപ്രതിഭാസമാണ് ക്യാരി. ഒരു ബോണ്ട് പടത്തെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രധാനമാണ്. മേക്കിംഗിന്റെ ഭാഷയില്‍ കൃതഹസ്തനായിരിക്കുകയെന്നതും നിര്‍ണായകമാണ്. കഥ പറച്ചിലില്‍ മാത്രമല്ല ഫീലിലും ലുക്കിലും അത് പ്രതിഫലിക്കും. ക്യാരി ചെറുപ്പമാണെന്നതും ശ്രദ്ധേയമാണ്. അത് ഒരുപാട് സ്റ്റാമിന തരും. ഏഴു മാസത്തെ ഷൂട്ടിംഗായിരുന്നു. ഒരുപാട് ഊര്‍ജം വേണ്ട സംഗതി.
അങ്ങനെ ഒരു സംവിധായകനെ കിട്ടാന്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തു. അദ്ദേഹം ഒരു എഴുത്തുകാരനാണെന്നതും സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. കാരണം ഇടയ്ക്കിടെ കഥാഗതിയില്‍ പുതിയതും നല്ലതുമായ മാറ്റങ്ങള്‍ വരുത്താന്‍ അത് സഹായമായി,' ക്രെയ്ഗ് പറഞ്ഞു.

(Press Release Made )

Related Articles

Next Story

Videos

Share it