ക്രിസ്റ്റിയാനോ റൊണാള്‍ഡോ: കളിക്കളത്തില്‍ മാത്രമല്ല ബിസിനസിലും 'ഉലകനായകന്‍!'

പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇപ്പോള്‍ ലോകത്തിന്റെ നെറുകയിലാണ്. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ ഇരട്ട ഗോള്‍ നേടിയതോടെ പോര്‍ച്ചുഗല്ലിന് ജയം സമ്മാനിക്കുക മാത്രമല്ല ലോക പുരുഷ ഫുട്‌ബോളിലെ ടോപ് സ്‌കോറര്‍ എന്ന പട്ടവും ആരാധകരുടെ പ്രിയപ്പെട്ട CR7 സ്വന്തമാക്കി.

ഫുട്‌ബോള്‍ കളിക്കളത്തില്‍ മാത്രമല്ല ഈ 36 കാരന്‍ ഇപ്പോള്‍ വെന്നിക്കൊടി പാറിക്കുന്നത്. ബിസിനസ് രംഗത്തും നിറഞ്ഞാടുകയാണ്. കളിക്കളത്തില്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച് കിടിലന്‍ പങ്കാളിത്ത നീക്കങ്ങളിലൂടെ ഗോള്‍ മുഖത്തേക്ക് ആഞ്ഞടിക്കുന്ന റൊണാള്‍ഡോ ബിസിനസ് രംഗത്തും മികച്ച പങ്കാളിത്തങ്ങളുടെ ഭാഗമാണ്.
ക്രിസ്റ്റ്യാനോയുടെ പ്രധാന ബിസിനസ് സംരംഭങ്ങള്‍
CR7 Hotels
ഹോസ്പിറ്റാലിറ്റി രംഗത്ത് ക്രിസ്റ്റ്യാനോയ്ക്ക് പ്രത്യേക താല്‍പ്പര്യമുണ്ട്. Pestana ഹോട്ടല്‍ ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തില്‍ നിലവില്‍ അഞ്ച് ഹോട്ടലുകളുണ്ട്. CR7 Pestana പാരീസില്‍ ഈ വര്‍ഷം തുറന്നേക്കും.
ക്ലോത്തിംഗ്‌സ് & പെര്‍ഫ്യൂംസ്
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള വസ്ത്ര വിപണിയിലും CR7 ബ്രാന്‍ഡുണ്ട്. CR7 ഡെനിം എന്ന ജീന്‍സ് കമ്പനിയുണ്ട്. സംയുക്ത പങ്കാളിത്തതിലൂടെ ബ്ലാങ്കറ്റ് ബ്രാന്‍ഡും വിപണിയിലിറക്കുന്നു. പെര്‍ഫ്യും വിപണിയിലും ക്രിസ്റ്റ്യാനോ സുഗന്ധമുണ്ട്.
റെസ്‌റ്റോറന്റ്
സ്പാനിഷ് സെലിബ്രിറ്റികളായ റഫേല്‍ നഡാല്‍ ഉള്‍പ്പടെയുള്ളവര്‍ നിക്ഷേപം നടത്തിയിരിക്കുന്ന Grupo Mabel Capital ലും ഓഹരി പങ്കാളിത്തം ക്രിസ്റ്റ്യാനോയ്ക്കുണ്ട്. മാഡ്രിഡിലും മിയാമിയിലുമെല്ലാം സാന്നിധ്യമുള്ള ഹോട്ടല്‍ ശൃംഖലയില്‍ ഈ ഗ്രൂപ്പ് നിക്ഷേപം നടത്തിയിട്ടുണ്ട്. അതുപോലെ തന്നെ Zela restaurants ലും ക്രിസ്റ്റിയാനോ നിക്ഷേപിച്ചിട്ടുണ്ട്.
ഫിറ്റ്‌നെസ് സെന്റര്‍
പ്രായം 36 ആയിട്ടും അമാനുഷിക പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കളത്തില്‍ പുറത്തെടുക്കുന്നത്. ലോക ഫുട്‌ബോളര്‍മാര്‍ക്കിടയില്‍ ശാരീരിക ക്ഷമതയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ CR7 Crunch Fitness എന്ന ഫിറ്റ്‌നെസ് സെന്ററിലും പങ്കാളിയാണ്.
പ്രൈവറ്റ് ജെറ്റ്
പ്രൈവറ്റ് ജെറ്റ് റെന്റര്‍ ബിസിനസില്‍ സാന്നിധ്യമുള്ള ക്രിസ്റ്റ്യാനോയ്ക്ക് ഈ മേഖലയില്‍ നിന്നും വലിയ വരുമാനമാണ് ലഭിക്കുന്നത്.
ഹെയര്‍ ക്ലിനിക്ക്
ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ രംഗത്തുള്ള കമ്പനിയില്‍ 50 ശതമാനം ഓഹരി സ്വന്തമാക്കിയിട്ടുള്ള ക്രിസ്റ്റിയാനോ പോര്‍ച്ചുഗല്ലില്‍ ഈ കമ്പനിയുടെ ഒട്ടേറെ ശാഖകള്‍ തുറക്കാനുള്ള ശ്രമത്തിലാണ്.

വിരമിക്കലിന്റെ ഒരു സൂചനയും നല്‍കാതെ കളിക്കളത്തില്‍ നിറഞ്ഞാടുന്ന CR7 ഫുട്‌ബോളര്‍ എന്ന കരിയറില്‍ നിന്ന് പിന്‍വലിഞ്ഞാല്‍ ഒരുപക്ഷേ മികച്ചൊരു ബിസിനസുകാരന്‍ എന്ന റോളിലേക്ക് കയറി കളിച്ചേക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it