
ഏറെ ആരാധകരുള്ള ഫുട്‌ബോള്‍ താരമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അദ്ദേഹത്തിന്റെ പുതിയൊരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. യൂറോ കപ്പ് ടൂര്‍ണമെന്റില്‍ ഹംഗറിയുമായുള്ള മത്സരത്തിന് മുന്നോടിയായി നടത്തിയ പ്രസ് കോണ്‍ഫറന്‍സിനിടെ കൊക്കക്കോള കുപ്പി എടുത്തുമാറ്റി പകരം വെള്ളം കുടിക്കാന്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറയുന്ന ദൃശ്യങ്ങളാണ് നിമിഷങ്ങള്‍ക്കകം പ്രചരിച്ചത്. സംഭവം വെള്ളം കുടിക്കൂ എന്ന് പറയുന്നതാണെങ്കിലും യൂറോ കപ്പ് ടൂര്‍ണമെന്റ് ഒഫീഷ്യല്‍ സ്‌പോണ്‍സര്‍ കൂടിയായ കൊക്കക്കോളയുടെ കൂൾഡ്രിങ്ക്സ് പ്രസ് കോണ്‍ഫറന്‍സിനിടെ എടുത്ത് മാറ്റിയതാണ് വിഡിയോ വൈറലാകാന്‍ കാരണം. പ്രസ് കോണ്‍ഫറന്‍സിന് വന്നയുടനെ മുന്നിലുള്ള കൊക്കക്കോള കുപ്പികള്‍ എടുത്തുമാറ്റി, വെള്ളക്കുപ്പി ഉയർത്തി കാണിക്കുകയായിരുന്നു. 'ഇത്തരം പാനീയങ്ങള്‍ക്ക് പകരം വെള്ളം കുടിക്കൂ' എന്ന് പറയുന്നതും വിഡിയോയില്‍ വ്യക്തമാണ്.
വിഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹത്തിന് അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. അതേസമയം ഈ സംഭവത്തിന് പിന്നാലെ കൊക്കക്കോളയുടെ ഓഹരി വിലയിലും മാറ്റങ്ങളുണ്ടായി. നേരത്തെ 56 യുഎസ് ഡോളറിന് മുകളിലുണ്ടായിരുന്ന ഓഹരി വില 55.55 യുഎസ് ഡോളറിനാണ് ക്ലോസ് ചെയ്തത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഭാഗത്തുനിന്നുണ്ടായ ഈ സമീപനം കൊക്കക്കോള കമ്പനിക്ക് വലിയ തിരിച്ചടിയാണ്.
നേരത്തെ തന്നെ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനാണ് പോര്‍ച്ചുഗല്‍ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ആരോഗ്യത്തിന് ദോഷം ചെയ്യുന്ന നിരവധി മദ്യക്കമ്പനികളുടെ അടക്കം പരസ്യങ്ങളില്‍നിന്ന് അദ്ദേഹം വിട്ടുനിന്നിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine