ബോക്‌സ് ഓഫീസ് തൂത്തുവാരി 'കടുവ'; മൂന്ന് ദിവസത്തെ കളക്ഷന്‍ 15 കോടിയിലധികം

പൃഥ്വിരാജ് സുകുമാരന്‍ നായകനായ 'കടുവ' എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമാ വ്യവസായത്തിലേക്ക് കളക്ഷന്‍ കൊണ്ടും തീപാറുന്ന ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ഒരു മാസ് ചിത്രം തന്നെ ലഭിച്ചു. കടുവാക്കുന്നേല്‍ കുര്യച്ചന്‍ ആയി പൃഥ്വി എത്തുന്ന ചിത്രം കേരളക്കരയില്‍ മാത്രമല്ല ലോകമൊട്ടാകെ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം റെക്കോര്‍ഡ് കളക്ഷന്‍ നേടിയതായാണ് വാര്‍ത്തകള്‍.

ബോക്സ് ഓഫീസ് നമ്പറുകള്‍ പരിശോധിക്കുന്ന ട്വിറ്റര്‍ ഫോറങ്ങള്‍ പങ്കുവച്ച റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, പൃഥ്വിരാജ് സുകുമാരന്‍ നായകനായ 'കടുവ' രണ്ടാം ദിനം തന്നെ തിയേറ്ററുകളില്‍ വന്‍ കളക്ഷനാണ് നേടിയത്. കേരള ബോക്സോഫീസില്‍ നിന്നുതന്നെ 5.5 കോടിയിലധികം രൂപ നേടിയതായാണ് റിപ്പോര്‍ട്ട്. വേള്‍ഡ് വൈഡ് റിലീസ് കളക്ഷന്‍ മൂന്നുദിവസം കൊണ്ട് 15 കോടി മറികടന്നതായും വാര്‍ത്തയുണ്ട്.
നാല് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ 25 കോടി കവിഞ്ഞെന്നും ചില ഫോറങ്ങള്‍ പറയുന്നു. ഏതായാലും അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.
ജൂലൈ ഏഴിനാണ് ചിത്രം റിലീസ് ചെയ്തത്. കടുവ' കേരള ബോക്സ് ഓഫീസില്‍ ആദ്യ ദിനം തന്നെ 2 കോടിയിലധികം കളക്ഷന്‍ നേടിയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയെ പോലും മറികടന്ന് കുടുംബ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തതിന് തെളിവാണിതെന്നാണ് ഫാന്‍ പേജുകളിലെ റിപ്പോര്‍ട്ടുകള്‍. അടുത്തിടെ പുറത്തിറങ്ങിയ മിക്ക മലയാള സിനിമകളും തിയേറ്റര്‍ കളക്ഷനില്‍ മോശം പ്രകടനം കാഴ്ചവെച്ചതിനാല്‍ 'കടുവ' കേരള ബോക്സോഫീസിന് ഒരു ഉത്തേജനമാണ്.


Dhanam News Desk
Dhanam News Desk  
Next Story
Share it