ചലച്ചിത്ര മേഖലയ്ക്ക് ഇളവുമായി സംസ്ഥാന സര്‍ക്കാര്‍

കോവിഡ് പശ്ചാത്തലത്തില്‍ ഏറെ പ്രതിസന്ധിയിലായ ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കാനും തീരുമാനമായി.

2020 മാര്‍ച്ച് 31 നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസ ഗഡുക്കളായി അടക്കാവുന്നതാണ്. പ്രൊഫഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശ സ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്‌നസ്, ആരോഗ്യം, ഫയര്‍ഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it