കെജിഎഫ് നിര്‍മാതാക്കളുടെ വരാന്‍ പോകുന്ന രണ്ടാമത്തെ ചിത്രം ഈ പുതുമുഖനായകനൊപ്പം!

ഹോംബാലെ ഫിലിംസും കെജിഎഫും മലയാളികള്‍ക്ക് അധികം ആമുഖങ്ങള്‍ ആവശ്യമില്ലാത്ത രണ്ട് പേരുകളാണ്. കെജിഎഫ് എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തെ അവതരിപ്പിച്ചതിനാല്‍ തന്നെയാണ് ഹോംബാലെയും ഇത്രയും ചര്‍ച്ചയായത്. ഇക്കഴിഞ്ഞിടെ റോയല്‍ ചലഞ്ചേഴ്‌സുമായി കൈകോര്‍ത്ത ഹോംബാലെയ്ക്ക് സഹപ്രവര്‍ത്തകനെന്ന നിലയില്‍ പൃഥ്വിരാജും ആശംസകളുമായി എത്തിയിരുന്നു.

കെജിഎഫ് ചാപ്റ്റര്‍ 2 റിലീസിനു ശേഷം ഹോംബാലെ ഫിലിംസ് നിര്‍മിക്കാനൊരുങ്ങുന്ന പുതിയ ചിത്രം അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. സുധ കൊങ്കര ഒരുക്കുന്ന ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ഈ ബാനര്‍. സന്തോഷ് അനന്ത്‌റാം സംവിധാനം ചെയ്യുന്ന ചിത്രമാണ് അത്.

ഈ ചിത്രത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒരു പുതുമുഖ നായകനും ചിത്രത്തിലൂടെ എത്തും. കന്നഡയിലെ ഇതിഹാസ താരമായിരുന്ന ഡോ. രാജ്കുമാറിന്റെ ചെറുമകനായിരിക്കും വെള്ളിത്തിരയില്‍ എത്തുക.

രാഘവേന്ദ്ര രാജ്കുമാറിന്റെ പുത്രനായ യുവ രാജ്കുമാറിനെ (Yuva Rajkumar) ആണ് ഹൊംബാലെ ഫിലിംസ് അവതരിപ്പിച്ചത്. സന്തോഷ് അനന്ത്‌റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മിസ്റ്റര്‍ ആന്‍ഡ് മിസിസ് രാമചാരി, രാജകുമാര, യുവരത്‌ന തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സന്തോഷ്. ഡോ. രാജ്കുമാര്‍ കുടുംബവുമായുള്ള തങ്ങളുടെ ബന്ധം തുടരുന്നതില്‍ സന്തോഷമുണ്ടെന്നും എപ്പോഴത്തെയുംപോലെ പ്രേക്ഷക പിന്തുണ വേണമെന്നും ഹൊംബാലെ ഫിലിംസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

സൂരറൈ പോട്ര്, ഇരുധി സുട്രു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായിക സുധ കൊങ്കരയുടെ ചിത്രം ഏപ്രില്‍ 21നാണ് ഹൊംബാലെ ഫിലിംസ് പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ 1000 കോടി ക്ലബ് ചിത്രമാണ് കെജിഎഫ് ചാപ്റ്റര്‍ 2. റിലീസ് ചെയ്ത മാര്‍ക്കറ്റുകളില്‍ നിന്നെല്ലാം കോടികള്‍ വാരി. ആദ്യ 4 ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ആഗോള ഗ്രോസ് 546 കോടി രൂപയാണ്. പുഷ്പയ്ക്കും ആര്‍ആര്‍ആറിനും പിന്നാലെ കെജിഎഫ് 2 ന്റെയും ഹിന്ദി പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

250 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ ഇടം പിടിച്ചിരിക്കുന്ന ഹിന്ദി ചിത്രമായി മാറി കെജിഎഫ് 2 ന്റെ ഹിന്ദി പതിപ്പ്. ഏഴ് ദിവസം കൊണ്ടായിരുന്നു ഹിന്ദി പതിപ്പിന്റെ നേട്ടം. പിന്നീട് 1000 കോടി 1100 കോടിയെല്ലാം താണ്ടിയത് ശരവേഗത്തില്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it