'അടുത്ത ജന്മമുണ്ടെങ്കില്‍ എനിക്കിനിയും മാര്‍ക്രിസോസ്റ്റമായാല്‍ മതി!'

രാവിലെ എണീറ്റാല്‍ ആദ്യം എന്ത് ചെയ്യും?
കണ്ണ് തുറക്കും.
ഇഷ്ട ഭക്ഷണം?
എന്റെ അമ്മ ഉണ്ടാക്കി തന്ന ഭക്ഷണം ജോലിക്കാരന്‍ ുണ്ടാക്കി തന്നാല്‍ കഴിക്കാന്‍ കൊള്ളില്ല. അവനുണ്ടാക്കാനറിയുന്നതേ എനിക്ക് ഇഷ്ടപ്പെടാനാകൂ. അതില്‍ കപ്പ പുഴുക്കും പുട്ടും ഇഷ്ടമാണ്.
ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?
98 വയസ്സായിട്ടും ആരുടെയും അടി കൊണ്ട് ചാകാത്തത്.
ഏറ്റവും സ്വാധീനിച്ച വ്യക്തി?
ഞാന്‍ ആര്‍ക്കും വഴിപ്പെടാറില്ല. അത് കൊണ്ടല്ലേ കല്യാണം കഴിക്കാതിരുന്നത്.
നഷ്ടം?
ഓരോ മാസികയിലും പുസ്തകങ്ങളിലുമൊക്കെ ആളുകള്‍ എഴുതുന്ന ചില മണ്ടത്തരങ്ങള്‍ വായിക്കേണ്ടി വരുന്നത്. പിന്നെ എന്റെ മണ്ടന്‍ പ്രസംഗങ്ങള്‍ ആള്‍ക്കാര്‍ കേള്‍ക്കുന്നതും.
ഏറ്റവും വലിയ വെല്ലുവിളി?
അതിപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതാണ്. മനുഷ്യരുടെ ഇടയില്‍ താമസിക്കണമെന്നാണ് എന്റെ ആഗ്രഹം. ഇന്ന് മനുഷ്യരുടെ ഇടയില്‍ മനുഷ്യത്വം നഷ്ടപ്പെടാത്ത ആരുടെയെങ്കിലും പേര് പറയാനുണ്ടോ? ഞാന്‍ നഷ്ടപ്പെട്ടയാളാണ്. എന്റെ അഭിപ്രായത്തില്‍ മഹാത്മാ ഗാന്ധി പോലും നല്ല മനുഷ്യനല്ല. സരോജിനി നായിഡു പറഞ്ഞത് 'ഇറ്റ് ഈസ് വെരി എക്‌സ്‌പെന്‍സീവ് ടു കീപ്പ് ഗാന്ധി പുവര്‍'. എന്നാണ്. പൊതുവെ ഗാന്ധിജി തേഡ് ക്ലാസിലാണ് യാത്ര ചെയ്തിരുന്നതെങ്കിലും മറ്റ് ചെലവുകള്‍ വരുത്തിയിരുന്നു. ആട്ടിന്‍ പാലുമാത്രമേ കുടിക്കൂ എന്നുള്ളത് കൊണ്ട് ഒരു ആടിനെയും എപ്പോഴും ഒപ്പം കൊണ്ട് പോകുമായിരുന്നു. അദ്ദേഹത്തിന്റെ പാചകക്കാരന്‍ വെച്ച ഭക്ഷണം തന്നെ കഴിക്കാന്‍ വേണ്ടത് കൊണ്ട് യാത്രകളില്‍ അയാളും ഒപ്പമുണ്ടായിരുന്നു. മനുഷ്യത്വത്തിന്റെ അടിസ്ഥാനം ദൈവത്വമാണ്. ദൈവത്തെ കാണാന്‍ കഴിയണം.
പ്രസംഗിക്കാന്‍ ഏറ്റവും ഇഷ്ടമുള്ള വിഷയം ?
കല്യാണത്തിന് പ്രസംഗിക്കാന്‍ ഇഷ്ടമാണ്. കഴിയുമ്പോള്‍ ഒരു കൈമുത്തം കിട്ടും. അല്ലെങ്കില്‍ അങ്ങോട്ട് കൊടുക്കണം.
ദൈവ സങ്കല്‍പ്പത്തെക്കുറിച്ച്?
മനുഷ്യര്‍ക്ക് വരുന്നതെല്ലാം ദൈവത്തില്‍ നിന്നുള്ളതാണ്. അതിനനുസരിച്ച് സമൂഹം രൂപാന്തരപ്പെടണം. നമ്മള്‍ നമുക്ക് വേണ്ടി മാത്രം കരുതാതെ മറ്റുള്ളവര്‍ക്കു വേണ്ടി കൂടെ കരുതാന്‍ തയാറാകണം. അപ്പോള്‍ ഭൂമി അനുഗ്രഹിക്കപ്പെടും. ഇന്ന് എല്ലാവര്‍ക്കും തനിയേ സ്വര്‍ഗത്തില്‍ പോണം. അതിനു മറ്റുള്ളവരെ സങ്കടത്തിലിടാനുള്ള പണിയാണ് ചെയ്യുന്നത്.
ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല ഉപദേശം?
' ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതു പോലെ നിങ്ങളും അന്യരെ സ്‌നേഹിപ്പിന്‍' എന്ന യേശു ക്രിസ്തുവിന്റെ ഉപദേശം. അത് എന്നെ ഏറെ ദുംഖിപ്പിക്കുന്നുണ്ട്. അങ്ങനൊരു സ്‌നേഹം ഇന്നില്ല.
തിരുമേനിയെക്കുറിച്ച് മറ്റാര്‍ക്കും അറിയാത്ത രഹസ്യം?
അത് പറഞ്ഞാല്‍ ആകെ പ്രശ്‌നമാകും.
പ്രായം തളര്‍ത്താത്ത ഈ ചുറുചുറുക്കിന്റെ രഹസ്യം?
ഞാന്‍ സാധാരണക്കാരനാണ്. ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിലൊന്നും കുഴപ്പമില്ല. ഏതവസ്ഥയിലും സന്തുഷ്ടനായി ഇരിക്കാനാകും.
മറ്റുള്ളവര്‍ക്ക് നല്‍കാനുള്ള ഉപദേശം?
സ്‌നേഹിതാ, നീ മനുഷ്യനായി മരിക്കുക. ഇതിലൂടെ മൂന്ന് കാര്യങ്ങളാണ് പറയാനുദ്ദേശിക്കുന്നത്. ഒന്നു നീ എന്റെ സ്‌നേഹിനാണ്. രണ്ട് ഒരു വലിയ പദവിയാം് മനുഷ്യന്റേത്. ദൈവം പോലും മനുഷ്യത്വം ഇഷ്ടപ്പെടുന്നു. മൂന്ന് നീ മരിക്കണം. അതായത് ഒരുനാള്‍ ലോകം വിടേണ്ടവനാണ്. അതിന് മുമ്പ് പ്രിയമുള്ളതെല്ലാം വിട്ട് മരിക്കാന്‍ സ്വയം തയാറാവണം.
അടുത്ത ജന്മമുണ്ടെങ്കില്‍ ?
മാര്‍ ക്രിസോസ്റ്റമായി തന്നെ ജനങ്ങള്‍ക്കിടയില്‍ ജീവിക്കണം.
(ധനം, സെപ്റ്റംബര്‍ 30, 2015 )


Related Articles

Next Story

Videos

Share it