തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുന്നത് നിരവധി ചിത്രങ്ങള്‍, 'മിന്നല്‍ മുരളി' നെറ്റ്ഫ്‌ളിക്‌സ് റിലീസിന്

മലയാള സിനിമയിലെ ബിഗ്ബജറ്റുകള്‍ പലതും തിയേറ്റര്‍ റിലീസുകള്‍ക്കായി കാത്തിരിക്കുകയാണ്. ഓഗസ്റ്റ് 12ന് തിയറ്ററുകളിലെത്തിക്കാനുള്ള പദ്ധതിയിലായിരുന്നു മരക്കാര്‍ എന്ന വമ്പന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മരക്കാര്‍ വൈകിയേക്കും. ബാങ്കുകള്‍, വ്യാപാരവ്യവസായ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവ, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവയുടെ പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നതിനാല്‍ സിനിമാ ലോകവും പ്രതീക്ഷയിലാണ്.

തീയേറ്റര്‍ റിലീസ് പ്രതീക്ഷിച്ചിരുന്ന ടൊവിനോ തോമസിന്റെ ബിഗ് ബജറ്റ് ചിത്രം മിന്നല്‍ മുരളി ഒടുവില്‍ ഒടിടി റിലീസ് തന്നെയായിരിക്കുമെന്നാണ് മലയാള സിനിമാ രംഗത്ത് നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത.
ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വറ്റിലൂടെ പുറത്തുവിട്ടിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.
സെപ്റ്റംബറില്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ ഒടിടി റിലീസ് ആയി ചിത്രമെത്തുമെന്നും വമ്പന്‍ തുകയ്ക്കാണ് സിനിമയുടെ അവകാശം കമ്പനി സ്വന്തമാക്കിയതെന്നും ശ്രീധര്‍ പിള്ള പറയുന്നു.
'ഗോദ'യ്ക്കു ശേഷം ടൊവീനോയെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി.
മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം ആര്‍ട്ട് ഉള്‍പ്പെടെ നിരവധി പ്രത്യേകതകളോടെ ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ളാഡ് റിംബര്‍ഗാണ് സംവിധാനം ചെയ്തിട്ടുള്ളത്.
വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ്. മനു ജഗദ് ആണ് കലാസംവിധാനം. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it